Thursday, March 21, 2013

നീലക്കൊടുവേലി .
അതേയ് ,
നീലക്കൊടുവേലി വേണം എന്നുണ്ടോ ? എവിടെ ഇരിക്കുന്നുവോ അവിടം അക്ഷയ ഖനിയാക്കുന്ന അദ്ഭുത സസ്യം? ഉം , .... ഇപ്പൊ നെല്ലും പത്തായത്തില്‍  ഒരു ഇല ഉണ്ടെന്നിരിക്കട്ടെ . നെല്ല് ഒഴിയില്ല , ഇങ്ങനെ നിറഞ്ഞു കവിഞ്ഞു... എടുത്താലും...  എടുത്താലും തീരാതെ.. 
പിന്നെ സ്വര്‍ണ്ണപ്പണ്ടത്തിന്‍റെ  അറയില്‍  വച്ചാലോ സ്വര്‍ണ്ണം   ഇങ്ങനെ പൊലിച്ചു വരും. അതാണ് നീലക്കൊടുവേലി . അതിരിക്കണ ഇടത്ത് സര്‍വ്വ ഐശ്വര്യവും എപ്പളും ഉണ്ടാവും കേട്ടോ . അപ്പൊ ഈ നീലക്കൊടുവേലി എങ്ങനിയ  കിട്ടുക എന്നാവും അടുത്ത ചോദ്യം . അതിനും ഒരു വഴീണ്ട് . 
കേള്‍ക്കാന്‍  ഇഷ്ടച്ചാല്‍  പറയാം... !! എന്തേ..??
നീലക്കൊടുവേലി കിട്ടണം എന്ന് നിരീക്കുന്നോര് ഇതൂടി വായ്ച്ചോളൂ.
കൊടുംകാട്ടിലേക്ക് പോവൂ.  കയ്യില്‍  വഴിയില്‍  കഴിക്കാന്‍  പൊതി ചോറ് വാട്ടിയ വാഴയിലയില്‍  പൊതിഞ്ഞു എടുക്കാന്‍  മറക്കണ്ട . സൂര്യനുദിക്കുമ്പോള്‍  പുറപ്പെടുക . ഇനി അങ്ങനെ കാടും മേടും താണ്ടി വനത്തിന്‍റെ  ഉള്ളറകളിലേക്ക് കടന്നു ചെല്ലുക . വനത്തിന്‍റെ  പ്രകൃതി സംഗീതം കേട്ടങ്ങനെ പോവുമ്പോ അങ്ങ് ദൂരെ മലയുടെ ചെരുവില്‍  കൂറ്റന്‍  പ്ലാശു മരം കാണും . തലയില്‍  തീ പിടിച്ച മാതിരി നിക്കണ പ്ലാശു മരം. അതിന്‍റെ ഉച്ചി ക്കൊമ്പത്ത് ഒരു മഹതി കൂട് കൂട്ടീട്ടുണ്ട് . 

അവരാണ്ന്നറിയുവോ ..??

അവളാണ് ""തിത്തിരി പക്ഷി"".. 

നീലക്കൊടുവേലിയുടെ അകം പൊരുള്‍  അറിയുന്നോള്‍  . മരം കേറാന്‍  അറിയിയില്ലലോ എന്ന് ശങ്കിച്ചു സങ്കടം വേണ്ട . പതുക്കെ സമയം എടുത്ത് കേറുക . പ്ലാശു മരമല്ലേ , അതങ്ങനെ നിന്ന് തരും . ഒന്നും പേടിക്കണ്ട . ഇനി ചോറ് ഉണ്ടിട്ടാവാം ബാക്കി . മരച്ചോട്ടില്‍  തണല്‍  പറ്റി ഇരുന്നു പൊതി തുറന്നേ  .. ഹായ് എന്തോക്യ ഈ കൊണ്ടാന്നേക്കണേ ??  നല്ല കുത്തരിയുടെ തുമ്പപൂ ചോറ് , തേങ്ങ ചുട്ടരച്ച ചമ്മന്തി , .. പിന്നെ കടുമാങ്ങ , പാവയ്ക്കാ കൊണ്ടാട്ടം .. മതി മതി .. ഇത്രയൊക്കെ ധാരാളം . കുക്ഷി നിറഞ്ഞില്ലെ?? ഇനി ഒന്ന് മയങ്ങൂ , ഞാന്‍  ബാക്കി പറയാന്‍  ഇപ്പോ വരാട്ടോ...!! 

ഞാനും ഒന്ന് മയങ്ങാന്‍  പോയതാണേ . അപ്പോ  ഇനി എഴുന്നേറ്റ് മരം കയറാം .പതുക്കെ പിടിച്ചു പിടിച്ചു ഇലകളുടെ മണം നുകര്‍ന്ന്, മരച്ചില്ലകളുടെ സ്പര്‍ശനം അറിഞ്ഞു , മരത്തിന്‍റെ ഉള്ളകം അറിഞ്ഞങ്ങനെ മുകളില്‍  എത്തിപ്പിടിക്കുമ്പോ ,, അതാ തിത്തിരിപ്പക്ഷി ആകാശ തുഞ്ചത്തെ കൊമ്പത്ത് പൊത്തില്‍  വച്ച കുഞ്ഞുക്കൂട് . അതിനുള്ളില്‍  അമ്മക്കിളിയെ കാത്തു വിശന്നുറങ്ങുന്ന കുഞ്ഞിക്കിളികളെ കാണാം. അവരെ ഒന്നും ചെയ്യല്ലേട്ടോ . കുഞ്ഞോമനകള്‍  അല്ലേ? ആ കൂട് കയ്യില്‍  കരുതിയ ഉരുക്ക് കയര്‍  കൊണ്ട് മുറുക്കി കെട്ടിയിടുക . അതു  പറഞ്ഞപ്പോള  ഓര്‍ത്തെ  , ഉരുക്ക് ചങ്ങലെടെ കാര്യം പറയാന്‍  വിട്ടുപോയി . മാപ്പാക്കണേ . മറന്നു പോയീന്നേ  . ഇനീപ്പോ  എന്താ ചെയ്യാ . ആദ്യം മുതല്‍  കഥ ഉരുക്ക് ചങ്ങലെ കൂടി ചേര്‍ത്തു   അങ്ങോട്ട് വയിക്ക്യ്,, പോരേ  . അപ്പോ  ചങ്ങല കൊണ്ട് കൂട് ബന്ധിച്ചല്ലോ . തിത്തിരി കുഞ്ഞുങ്ങള്‍  ഉറക്കം എണിറ്റി ട്ടില്ലാലോ ? നന്നായി .. ഇനി ഇറങ്ങിപ്പോരെ . ഇതെന്താ എന്ന് സൂക്ഷിച്ചു നോക്കണ്ട . ഇറങ്ങിപ്പോരെ . താഴെ ഒരു രാവ് ഇനി കാത്തിരിപ്പിന്‍റെ താണ് ...അത് പറയാട്ടോ.

ഇതെന്തായാലും വല്ലാത്ത ഒരു കാത്തിരിപ്പിന്‍റെ  രാത്രിയായിപ്പോയി . ആരു എങ്ങനെ എപ്പോള്‍  മനുഷ്യരുടെയാണോ , ദേവന്മാരുടെയാണോ രാത്രി പിന്നിട്ടതെന്നു സംശയം . ഉം....  , അതെന്തികിലുമാവട്ടെ , രാത്രി കഴിഞ്ഞൂലോ . എന്നാല്‍  രാത്രി എന്താ സംഭവിച്ചത് എന്നറിയണ്ടേ ?
തിത്തിരി പക്ഷി വന്നു നോക്കുമ്പോഴുണ്ട് കുഞ്ഞുങ്ങളെ ആരോ ഉരുക്ക് ചങ്ങലയാല്‍  ബന്ധിച്ചിരിക്കുന്നു . ചുറ്റും പറന്നു നടന്നു തന്‍റെ ചെറിയ മൂര്‍ച്ചയുള്ള കൊക്ക് കൊണ്ട് അമ്മക്കിളി കുറെ ശ്രമിച്ചു ആ ചങ്ങല കൊത്തി വേര്‍പെ ടുത്താന്‍  . നടന്നില്ല . ഏറ്റവും അവസാനത്തെ പരിഹാരത്തിന് മുന്‍പ്  അവനവന്‍  ശ്രമിക്കണമല്ലോ, അതാണ് അമ്മക്കിളി ചെയ്തത് . എന്നിട്ടതു തല കുലുക്കി ഒന്ന് നീട്ടി ചിലച്ചു ദൂരേക്ക് പറന്നു മറഞ്ഞു . രാവിന്‍റെ   രണ്ടു യാമം പിന്നിട്ട് നിലാവ് പരന്നപ്പോള്‍  മടങ്ങിയെത്തി . ചുണ്ടില്‍  ഇരുട്ടില്‍  വിചിത്രമായി അരണ്ട് തെളിഞ്ഞു കണ്ട ഒരു ഇലയുണ്ടായിരുന്നു . വളരെ മനോഹരമായ ആകൃതിയുള്ള തിളങ്ങുന്ന പച്ചില . തിത്തിരി പക്ഷി അത് കൊണ്ട് ഉരുക്ക് ചങ്ങല ഉഴിഞ്ഞു .....
കിളിക്കുഞ്ഞുങ്ങളുടെ ആഹ്ലാദ ക്കലപില കേട്ട് വേഗം ഉണരൂ , കിഴക്ക് ചുവന്നു തുടങ്ങീട്ടില്ല. വേഗം ഉണര്‍ന്ന്   മുകളിലേക്ക് നോക്കുമ്പോള്‍  കണ്ടില്ലേ, ബന്ധനം അഴിഞ്ഞ കൂടും കിളികളും ?
ഉം, അപ്പൊ അതന്നെ കാര്യം . വേഗം മരച്ചുവട്ടിലുള്ള ഇലകള്‍  എല്ലാം വാരി ഭദ്രമായി എടുക്കു . ഇനി നമുക്ക് താഴ്വരയില്‍  കുതിച്ചു പായുന്ന പുഴവക്കത്തേക്കു പോവാം . ഇപോ സൂര്യന്‍  നന്നായുദിച്ചു. ഇന്നത്തെ പ്രഭാതം എന്ത് പ്രകാശം നിറഞ്ഞതാണ് അല്ലേ??  സ്വതന്ത്രരായ കിളികള്‍  എത്ര മനോഹരമായി പാടുന്നു .! പുഴവക്കില്‍  എത്തിയല്ലോ . ഇനി കയ്യിലെ പൊതിയില്‍  ഉള്ള ഇലകള്‍  അത്രയും ഒഴുക്കി വിടു. ഹേ , അതാ നോക്കൂ ഒരില , അതെ ഒരില മാത്രം അതാ ഒഴുക്കിനെതിരെ ഒരു മത്സ്യം പോലെ നീന്തിപ്പോകുന്നു . വേഗം കയ്യെത്തി എടുക്കു . കിട്ടീല്ലേ  എത്രയും അമൂല്യമായ """നീലക്കൊടുവേലി""" !!!!
അതാണ് നീലക്കൊടുവേലി . ഒഴുക്കിനെതിരെ നീന്തുന്ന , ഏതു ബന്ധനങ്ങളും തകര്‍ക്കുന്ന,  അക്ഷയ ഖനിയായ നീലക്കൊടുവേലി ...
ഒന്നറിഞ്ഞോ നിങ്ങള്‍  ? ഈ നീലക്കൊടുവേലി നിങ്ങളുടെ ഉള്ളിലെ പ്പോഴും ഉണ്ടായിരുന്നത് തന്നെയാണ് . പക്ഷെ ഹൃദയത്തിനൊപ്പം അതീവ ജാഗ്രതയുള്ള ഒരു അന്വേഷണം വേണം കണ്ടു പിടിക്കാന്‍  എന്ന് മാത്രം ..
ഇഷ്ടായില്ലേ കഥ ??? ഉം ??? എന്താ സന്തോഷയോ ...??6 comments:

 1. ഈ നീലക്കൊടുവേലിവിശേഷം മുമ്പ് എവിടെയായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്?

  വായിച്ച ഓര്‍മ്മ വരുന്നല്ലോ

  ReplyDelete
 2. യാദൃശ്ചികമായി നീലക്കൊടുവേലി തിരഞ്ഞപ്പോള്‍ കണ്ടതാണ് ഈ പേജ്. വായിച്ചു; ഇഷ്ടപ്പെട്ടു. നല്ല ഒഴുക്ക്, കഥ പറയുന്ന രീതിക്ക്. ആത്മാര്‍ഥതയും.. തുടരുക. ആശംസകള്‍ !

  ReplyDelete
 3. നന്നായിട്ടുണ്ട് ട്ടോ


  kpcpisharody.blogspt.com

  ReplyDelete
 4. നീലക്കൊടുവേലി കഥ നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍

  ReplyDelete