Thursday, May 30, 2013

നഭസ്സ്


















സുഗന്ധമില്ലാ പുഷ്പമായി, 
നാദമില്ലാ വേണുവായി
തന്ത്രികള്‍‍ പൊട്ടിയൊരെന്‍ തംബുരുവായ് 
എന്തിനെന്നേ ചതിച്ചു നീ ...
എങ്ങെങ്ങുപോയ് ഒളിച്ചു നീ ...

എന്‍ മിഴിനീര്‍ തടാകത്തില്‍ തെളിയും 
നിന്‍ ചെറുചിരി ഓളങ്ങളെ മായ്ക്കുവാനെത്തും,
തെന്നലേ, നിനക്കിവിടെന്തു കാര്യം?

നിന്‍ സാമീപ്യമില്ലാത്തോരിന്നലെ 
നീര്‍തുള്ളികള്‍ തെറിച്ച മണ്ണിലെ 
മുളക്കാതെ പോയ വിത്തുകളെന്‍ പ്രണയം.

തഴുകിത്തലോടുമാ കരസ്പര്‍ശ സാന്ത്വനം 
സ്വപ്‌നമായെങ്കിലും സ്വന്തമായികിട്ടുവാന്‍ 
ചൊല്ലുക നീ, ഞാനേതു ശപഥം എടുക്കവേണം.

പിരിയില്ല പാരിലെന്നാണയിട്ടന്നു നീ ... 
അത്രമേല്‍ അന്നെന്‍റെ ആത്മാവിലാണ്ടു നീ 
അവസാനം അകലേക്ക്‌ പാറിയകന്നു നീ 
അപരാധം എന്തെന്ന് അറിയില്ലെനിക്കിനി
അത് കൂടി പറയാതെ മറഞ്ഞതെന്തിനു  നീ.

സ്നേഹത്തിന്‍ തീര്‍ഥവും , മോഹത്തിനര്‍ഥവും
ചാരത്തിരുന്നു ഞാന്‍ പകര്‍ന്നു തരികെ;
ശയനത്തിലെപ്പോഴോ ശൂന്യമാം ഇക്കരെ 
ഇരുത്തി നീയെങ്ങു പോയ്  മറഞ്ഞു.
ആവില്ലെനിക്ക് നീയില്ലാതെ ജീവിതം 
ആത്മാവ് നീയല്ലെയോ ഏന്‍ ഊഷരമേനിയില്‍?






Monday, May 20, 2013

ദേഹം വിട്ടൊഴിയും ദേഹി.




















എനിക്ക് കരഞ്ഞു കണ്ണുകള്‍ നിറയ്ക്കാം
ഒഴുകും കണ്ണീര്‍ കവിളില്‍ പുഴകളാക്കാം 
എന്തെന്നാല്‍ ഞാന്‍ സ്ത്രീയാണ് ...
അതെന്‍ ജന്മാവകാശം.
അനിഷേദ്ധ്യമാണ് നിനക്ക്.

പക്ഷേ ...
നീ ഓര്‍ക്കാതെ പോയതൊന്നുണ്ട്,
അതിന്‍ ഒരിറ്റ് നീരിന്‍ ഇളം ചൂടേറ്റാല്‍
വെന്തു പോകും നിന്‍ ഹൃദയം.
ആ ഒരിറ്റ് മിഴി നീര്‍ നിന്നന്തരാളങ്ങളില്‍
അലകടല്‍ തീര്‍ക്കാന്‍
മതിയാവുമെന്നും നീ മറന്നു ...

കടലെനിക്കിഷ്ടമെന്നാലും, പക്ഷേ 
അത് എന്നില്‍ ഉടലെടുക്കും 
കണ്ണുനീര്‍ കൊണ്ടാവരുതേ ...
കാറ്റും കോളും നിറഞ്ഞോരാ കരിങ്കടലില്‍ 
എന്‍ പ്രണയം മുങ്ങി മരിക്കുമോ? 
നിന്നെ തനിച്ചാക്കി എന്‍ യാത്ര 
സഹിക്കാനാവതില്ലെനിക്ക്.

പക്ഷേ ...
അവസാനത്തെ കാഴ്ച നിന്‍ മുഖമാവണം 
എന്‍ സ്വാര്‍ഥതക്ക് വഴങ്ങുവാന്‍
എനിക്കിഷ്ടമേറെ.
പറഞ്ഞു വരുന്നതെന്‍ യാത്രയെ.
എന്നുടെ അവസാന യാത്ര ...

പക്ഷേ ...
എന്‍ അന്ത്യകര്‍മ്മച്ചടങ്ങുകളില്‍
നീ വരരുതൊരിക്കലും....
നീ പ്രണയിച്ചതെന്‍ ബാഹ്യ 
സൌന്ദര്യമല്ലെന്നെനിക്കറിയാം

ഞാനെന്‍ ശരീരം
ഉപേക്ഷിക്കുന്നതു നിന്നിലേക്ക്‌
ലയിക്കാന്‍ വേണ്ടി മാത്രമേന്നോര്‍ക്ക നീ.

Friday, May 17, 2013

സൈകത പൂവിലേക്ക് ഒരുയാത്ര


















പാതിരാക്കിളികള്‍ പാട്ടുപാടിയ നേരത്തു 
പാതിരാവില്‍ കണ്ടൊരു സുന്ദര സ്വപ്നം ...

ചിത്തിരമട്ടുപ്പാവിലെ പോന്നു തമ്പുരാന്‍ 
ധരിത്രിയിലെ നിശാഗന്ധിയെ പ്രണയിക്കുന്നത്‌...

വെള്ളിതിങ്കള്‍ പൂനിലാവ്‌ വിടര്‍ത്തിയ രാവില്‍ 
നിശാഗന്ധി പൂവ്  പതിയെ പതിയേ വിരിയുന്നതും 
മെല്ലെ മെല്ലേ  നറുഗന്ധംപരത്തി നാണത്താല്‍ 
ഇതളുകള്‍ വിടര്‍ന്നതും, കൊതിയോടെ 
പൂവിന്‍ ഗന്ധം ആവോളം നുകരുന്നതും ...

കുളിരോടെ പെയ്യുമാമഞ്ഞുതുള്ളികളായി 
പൂവിന്‍ ഇതളുകളിലോഴുകുവാന്‍ മൂകമാം 
എന്‍ മനം ഒരുമാത്ര വെറുതേ കൊതിച്ചു പോയ്‌...

ഗര്‍വ്വോടെ വിടര്‍ന്ന നിശാഗന്ധി മാനത്തേ തമ്പുരാനോട്‌ 
മൌനമായി ചൊല്ലി , 
വര്‍ഷങ്ങള്‍ കാത്തിരുന്ന് 
വിടരും മുമ്പേ മിഴികൂമ്പും 
പൂവിന്‍ വേദനകള്‍ നീ അറിഞ്ഞിലയോ ...
തേങ്ങും ഹൃദയത്താല്‍ ഞാനെഴുതി
പൂവിന്‍ വേദന വിങ്ങുംമെന്‍ഹൃദയ-
നൊമ്പരമതില്‍ ചേര്‍ത്തെഴുതി ...

തുല്യമായി നീന്തുന്ന ദു:ഖക്കടലില്‍ നമ്മള്‍ 
ശാന്തിതന്‍ തീരത്തണയുവാനായ് പരസ്‌പര 
നോവുകളള്‍ക്കൊരന്ത്യമുണ്ടെന്നേന്‍
മനമെന്നോടോതുന്നതു നീ അറിഞ്ഞുവോ...??

നിന്‍റെഗര്‍വ്വ്‌  ദൂരെത്തെറിഞ്ഞിട്ട്‌  നിന്‍മനം 
എന്‍ ചാരത്തായി എന്നേറെ കൊതിയോടെ
പറയുവാന്‍ വെമ്പുമ്പോള്‍ , 
സത്യമെന്തെന്നു ...!
തിരിച്ചറിഞ്ഞു കണ്ടതാവാം സ്വപ്നത്തേ 
സ്വപ്‌നത്തെ  തഴുകി തലോടി ശയനത്തെ  
വീണ്ടും കാത്തു കാത്തുകിടന്നു ...

വീണ്ടും ഒരുവേള മയങ്ങിയ വേളയില്‍  കാണാതെകണ്ടു  നിന്‍ മുഖം 
കേള്‍ക്കാതേ കേട്ടു  ശ്രുതിയായി 
രാക്കിളി സ്വരം മെന്‍ മനതാരില്‍ ...
രാത്രിതന്‍മേനില്‍ നീപകര്‍ന്ന 
സുഗന്ധവു മറിഞ്ഞു ഞാന്‍...

ഒക്കെയും ഹൃദ്യമായി തോന്നിയോരാനേരത്ത് 
തല്‍ക്ഷണമെത്തണം നിന്നുടെചാരത്ത് 
എന്നേറേക്കൊതിയോടെ മോഹിച്ചു പോയി...
എന്നേറെ കൊതിയോടെ പറയുവാന്‍ 
വെമ്പുമ്പോള്‍ സത്യമെന്തെന്നു തിരിച്ചറിഞ്ഞു 
കണ്ട സ്വപ്‌നത്തേ തഴുകിത്തലോടി ശയനത്തേ 
വീണ്ടും കാത്തു കാത്തു കിടന്നു ...





Monday, May 13, 2013

കനിവുതേടി കാദംബരി

















അനേകര്‍ക്കേകാത്ത സ്വരമാകും വരത്തില്‍ നിന്നൊരല്‌പം 
കനിഞ്ഞു നീ തന്നിട്ടും അരവയര്‍ നിറക്കുവാന്‍ 
അഷ്ടിക്കു വകയായ് ഈ അശരണക്കൊരു 
ചെറുവരം കൂടി തരുമോ നാഥാ ...

ആസ്വാദകരെന്‍ ചുററിലും കൂടുമ്പോള്‍ 
ആനന്ദ നിര്‍വൃതിയില്‍ സായൂജ്യമടയുമ്പോള്‍ 
അവരുണ്ടോ അറിയുന്നെന്‍ ജീവിതം; 
അരങ്ങിലാടും വേഷങ്ങളാണെന്ന സത്യത്തേ ..

ആമോദമൊക്കെയും പോയി മറഞ്ഞെന്നില്‍ 
ആശതന്നുറവയും വറ്റി വരണ്ടു പോയ് 
തീരത്തേപ്പുണരും തിരമാല പോലെന്‍ മനം. 
ഉള്‍ക്കണ്ണാല്‍ കാണുന്നു നിന്‍ രൂപമെന്നുമെന്നും.

ദൂരെ  നിന്നൊഴുകിയെത്തും  പനിനീര്‍പൂവിന്‍ 
നറുമണം, നിന്നേത്തഴുകി പരിമളം പരത്തും 
രാക്കാറ്റിനറിയുമോ എന്‍ പരിവേദനം. 
ഒരു വേള നിന്നോട് രാക്കാറ്റു ചൊല്ലിയോ എന്‍ പരിഭവം.

പൂങ്കുയിലിന്‍നാദവും പൂക്കള്‍തന്നഴകും 
പുന്നാരമൊഴിയുമൊക്കെയും ചേര്‍ന്നൊരു 
കറയറ്റ സുന്ദര ശില്‍പ്പമല്ലോ കാദംബരി നീ- 
യെന്നു പലവുരു ചൊല്ലിയതും നീ മറന്നുവോ ...? 

കാണുവാനേറെ മോഹമുണ്ടെന്നാകിലും 
കാണാതിരിക്കാന്‍ ആകുമൊ ദേവാ. 
നിന്‍ കനിവു കാത്തു ഞാന്‍ കൈകള്‍കൂപ്പി 
കാത്തിങ്ങു നില്‍ക്കുന്നു നിന്‍ മുന്നില്‍ ... 

എന്‍റെ വികല ഭാവനകളും അനുഭവ ശകലങ്ങളും പേറി 
നിന്‍ മുന്നില്‍ കനിവു കാത്തു നില്‍ക്കുന്നോരടിയ ഞാന്‍
കാണുവാനേറെ മോഹമുണ്ടെന്നാകിലും 
കാണാതിരിക്കാന്‍ ആകുമൊ ദേവാ......

























































Monday, May 6, 2013

അസ്തമയ സൂര്യന്‍


















അനുവാദമില്ലാതെ മലകള്‍ താണ്ടി 
പുഴകള്‍ താണ്ടി , ദേശങ്ങള്‍ താണ്ടി  
കിഴക്കന്‍ ചക്രവാളത്തില്‍ കുന്നിറങ്ങിത്തിളങ്ങി 
നാണത്തോടെ മെല്ലേ മെല്ലേ കണ്‍ചിമ്മി 
പുലരിയില്‍ നീയെന്‍ മുന്നില്‍ വരുമ്പോള്‍
നിനക്കു ആര്‍ക്കാനും ഇല്ലാത്ത 
പൊന്‍ പിറവിയുടെ ഭംഗിയോ ...!!
മദ്ധ്യേനിനക്ക് കോപാഗ്നിയില്‍ 
എരിയും കനലിന്‍ താപമോ...?? 
മൂവന്തിയില്‍ അനുവാദം കാക്കാതേ
ഒരുവാക്ക് ചൊല്ലാതെ നീ 
പടിഞ്ഞാറന്‍ ചക്രവളത്തില്‍ 
കടലിന്നഗാധതയിലേക്ക് മുങ്ങിതാഴുമ്പോള്‍ 
നിനക്ക് മാത്രം സ്വന്തമായ പകലോന്‍
ചെംചുവപ്പില്‍  മഞ്ഞ കലര്‍ത്തി സന്ധ്യേ 
നിനക്കു നല്‍കി വശ്യതയാര്‍ന്ന നിറഭംഗി ....
പകലിന്‍റെ പരിഭവങ്ങള്‍ പറഞ്ഞു നീ  
രാവിന്‍റെ മാറിലേക്ക്‌ തല ചായ്ച്ചു 
മയങ്ങാന്‍ തിടുക്കം കൂട്ടും സായംസന്ധ്യേ 
നിനക്ക് ഇത്ര മാസ്മരികതയോ....!!