Thursday, November 29, 2012

പ്രണയം
















കുളിര്‍നിലാ കൈനീട്ടിയെന്നെതൊടുന്നോരീ 
പ്രണയത്തിന്‍  നോവാണെനിക്കിഷ്ടം ...

വിടരുന്ന നിന്‍ മിഴിക്കോണിലെ വാത്സല്യ-
മമൃതമായ് തേടുന്ന പോലെ 

അറിയാത്ത നൊമ്പരം പങ്കുവെക്കും നിന്‍റെ
മൊഴിയാത്ത മൌനങ്ങള്‍ പോലെ...  

മിഴിനീര്‍ തുടയ്ക്കുവാന്‍ നീയെറിഞ്ഞിടുന്ന 
ചിരിയൂര്‍ന്ന നിലാവു പോലെ 

ഒരുപാടു ചോദ്യങ്ങള്‍ വീര്‍പ്പുമുട്ടിക്കുന്ന 
പറയാത്തൊരുത്തരം പോലെ  

മരതകം പതിവായ്‌ പൂക്കും ശാദ്വല-
പ്രണയ കാവ്യങ്ങളെ പോലെ 

പറയാതെ ഉള്ളിന്‍റെയുള്ളില്‍ മറന്നിട്ട 
ഹൃദയാഭിലാഷങ്ങള്‍ പോലെ 

മുറിവില്‍ തുന്നിയ പരിഭവം നാളേക്കു 
മറവിയായ് മാറുന്ന പോലെ 

എങ്കിലും കാതങ്ങള്‍ നിന്നിലേക്കെന്നിലേ-
ക്കിടറുന്ന പാദസത്യങ്ങള്‍ 

പതിവായ്‌ വരച്ചിട്ട ചന്ദനം പോല്‍ 
നേര്‍ത്ത കരളിന്‍റെ തിരയിളക്കങ്ങള്‍

ഇഴയുന്ന  നാശത്തിലായിരിക്കും വൃഥാ ...
ശാപങ്ങള്‍ തന്‍ വാക്കുകള്‍ 

ഉയരുന്ന പക്ഷിതന്‍ ചിറകു തൂവലില്‍ 
പകരുന്ന വര്‍ണ്ണഭേദങ്ങള്‍ 

ഇളവേല്‍ക്കുവാന്‍ തണല്‍ കാണാത്ത നെഞ്ചിലെ-
പരിഭവം....., പ്രണയമേ  സത്യം ...!!

അറിയാമതെങ്കിലും എന്നെത്തൊടുന്നോരീ 
വിറ പൂണ്ട വാക്കെനിക്കിഷ്ട്ടമാണ് 

വിടരുന്ന നിന്‍ മിഴിക്കോണിലെ  വാത്സല്യ-
മമൃതമായ് തേടുന്ന പോലെ ....!!!