Friday, February 15, 2013

കസ്തൂരി മണമുള്ള കാറ്റേ
























എങ്ങു നിന്നോ വന്നു , 
എങ്ങോ പോകുന്ന ,
ആര്‍ക്കും സ്വന്തമല്ലാത്ത , അന്തമില്ലാത്ത ,
കസ്തൂരി മണമുള്ള കാറ്റേ.......... 
എന്‍റെ  മേല്‍ തട്ടിയയൊരു നേരം 
എനിക്കായെന്നു കരുതി ഞാന്‍ നിന്നെ ...!!

കസ്തൂരി മണമുള്ള കാറ്റേ 
നീയെന്‍  കാതിലോതി 
ആ കുന്നിന്‍ നെറുകയില്‍ ഉണ്ടുപോലും,
തേടിനടന്നു ഞാനാ കുന്നായകുന്നാകേ 
കണ്ടില്ല ഞാന്‍ നിന്നെ....

വെണ്ണ വാരി വിതറും മേഘങ്ങള്‍ 
മിഴിയിണയാല്‍ ചൊല്ലിയെന്നോട് 
നീയാ പുല്‍ത്തകിടിന്‍ ചാരത്തുണ്ടുപോലും,
തേടിനടന്നു  ഹരിതാഭമായ മേടുകള്‍ തോറും... 
കണ്ടില്ല ഞാന്‍ നിന്നെ....

നിറമേഴും വാരിവിതറിയ മഴവില്ല് 
വര്‍ണ്ണവിസ്മയത്താലെന്നോട് മൊഴിഞ്ഞു
ആകാശച്ചരുവിലെ ചായങ്ങളില്‍ 
നീ ഒളിചിരിപ്പുണ്ടെത്രെ  
തേടിനടന്നു ഞാനാ വിണ്ണിന്‍ചാരുതയില്‍   
കണ്ടില്ല ഞാന്‍ നിന്നെ.....

നിളതന്‍ ഓളങ്ങളേത്തഴുകി,  ചുംബിച്ചു നീയാ 
കരകാണാ സാഗരത്തില്‍ അലിഞ്ഞുവന്നു...
തേടിനടന്നു ഞാനാസാഗരത്തിരമാലകളില്‍ 
കണ്ടില്ല ഞാന്‍ നിന്നെ.....

കസ്തൂരി മണമുള്ള കാറ്റേ........
കേട്ടു ഞാന്‍ നിന്‍ സ്വരം , 
നേര്‍ത്തൊരാ പുഞ്ചിരി ,
തളിര്‍ത്തോരാ കുളിര്‍ , മൃദു സ്പര്‍ശം ,
എന്‍ ഹൃദയത്തിന്‍ താഴ് വരയില്‍.
നീയെന്‍ സ്വന്തമെന്നാരോ 
ചൊല്ലിയെന്‍ ഹൃദയത്തില്‍ ...!!!