Saturday, July 27, 2013

ഭിക്ഷായനന്‍







































താരാട്ടു പാടുവാന്‍ അമ്മയില്ല
താലോലമാട്ടുവാന്‍ അച്ഛനുമില്ല
അന്തിയുറങ്ങുവാനൊരു കൂരയില്ല 
ഇരുട്ടില്‍ കൂട്ടായിട്ടാരുമില്ല

പൂക്കളാല്‍ നെയ്തെടുത്തോരു വസന്തമില്ല
അറിവിന്‍ ആദ്യക്ഷരങ്ങള്‍ക്കുറിച്ചൊരു നാളില്ല
തറവാട്ടിന്‍ തൊടിയില്‍ ഗോക്കളുമൊന്നിച്ചു 
കളിച്ചോരു ബാല്യവുമില്ല

പഴംപാട്ടും, പഞ്ചതന്ത്രകഥകളും 
പറഞ്ഞുതരാനൊരു മുത്തശ്ശനുമില്ല
പുലരിയില്‍ പ്ലാവിലക്കുമ്പിളില്‍
നറുവെണ്ണതരുവാനൊരു മുത്തശ്ശിയുമില്ല

ദാവണിത്തുമ്പു പിടിച്ചു നടത്താനൊരു ഓപ്പോളുമില്ല 
കുറുമ്പുകാട്ടും എന്നുടെ വികൃതിയെ ശാസിച്ചു 
ചാരേ നിര്‍ത്തി ഓലപ്പന്തും പീപ്പിയും 
നല്‍കുവാനൊരു കുഞ്ഞേട്ടനുമില്ല .... 

വാര്‍മഴവില്ലു കണ്ടു മഴ നനയാന്‍ കൊതിച്ചു
കാറ്റിനെ കാത്തു കാത്ത് പിണങ്ങിപ്പോയ
കാര്‍മേഘത്തെ നോക്കി വിതുമ്പിയ
ബാല്യവും എനിക്കന്യമല്ലോ....?

താങ്ങും തണലുമെങ്ങുമില്ല 
താങ്ങായിനില്‍ക്കുവാനാരുമില്ല
മൊട്ടിട്ടു നിന്നൊരാകാലം തൊട്ടേ 
അറ്റങ്ങുപോയല്ലോ തായ്‌വേരുകള്‍ 

ആരോ വലിച്ചെറിഞ്ഞോരു ജീവനെ  
ജീവിത യാത്രയില്‍  തോളിലേറ്റി 
വിധിയ്ക്കൊപ്പം നീറി നീറി
ജീവച്ഛവം പോലെ നീങ്ങുന്നു ഞാന്‍

ഭാരമതേറെയുണ്ടെന്നാകിലും
ഭാരിച്ചതല്ലല്ലോ ഭാണ്ഡമിന്നെനിക്ക് 
എന്‍ ജീവന്‍റെ ജീവനാം കുഞ്ഞനുജത്തി  
ഒരുകാലവുമെനിക്കന്യയല്ല 

ഭിക്ഷാനനായി സഞ്ചരിക്കുമെനിക്ക്
മറക്കാനാവില്ല ഒരിക്കലും നിന്‍
മുത്തുമണികള്‍ ചിതറുമാ പുഞ്ചിരിയും
ഹൃദയത്തില്‍ ഒഴുകിയെത്തുമാ 
നിന്‍ മിഴിചലനങ്ങളും, കിളികൊഞ്ചലും.
എല്ലാമെന്നില്‍ സ്നേഹനൊമ്പരത്തിന്‍
കണികകളായി തീര്‍ന്നുവല്ലോ കുഞ്ഞേ!










































Tuesday, July 23, 2013

ഇരതേടി (അജയുടെ കവിത)

കൂട്ടുകാരേ,

ഇത് അജയുടെ കവിത ..

ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ ഒരു നല്ല കലാകാരനെ പരിചയപ്പെടുത്തുകയാണ്...,ഇവിടെ ഈ പേജില്‍ അജയ് എഴുതിയ ഇരതേടി എന്ന കവിതയില്‍ കൂടി...

മൂടല്‍ മഞ്ഞിനുള്ളില്‍ മറഞ്ഞു നിന്നിരുന്ന..,,,സ്വന്തം കഴിവായ എഴുത്തിനേയും , വരയേയും ഒരു ചിത്രപ്പൂട്ടുകൊണ്ട് പൂട്ടി അതിനു കാവല്‍ ഇരുന്ന ഒരു കലകാരന്‍...., അതാണ് അജയ്...,
അജയുടെ ആ പൂട്ട്‌ പൊട്ടിച്ച് പുറത്ത് കൊണ്ട് വന്നു ഞാന്‍ , എന്‍റെ നിര്‍ബന്ധത്തിനു അജയ് എഴുതിയതാണ് ഈ കവിത...ഇതു പോസ്റ്റ്‌ ചെയ്യാന്‍ ഉള്ള സ്വാതന്ത്ര്യം എനിക്ക് അജയ് തന്നു.




Thursday, July 18, 2013

മറന്നുവോ ഈ അമ്മയെ ..





















മറന്നുവോ ഈ അമ്മയെ 
വാവേ....മോനേ 
മറന്നുവോ ഈ അമ്മയെ ...
അന്ന് നീ വിതച്ചു പോയ 
അശ്രുതന്‍ വിത്തുകള്‍ മുളച്ച 
വയലേലകളില്‍  ഇന്നും 
ദു:ഖം കൊയ്തു കൂട്ടും നിന്നമ്മയെ
പത്താണ്ടാല്‍ പതിറ്റാണ്ടുകളുടെ 
പാഠം പകര്‍ന്നു തന്നില്ലയോ കുഞ്ഞേ
ഒന്നും  മിണ്ടാതെ, ഒന്ന് കരയാതെ ... 
ഒരടി വെക്കാതെ, 
അമ്മേയെന്നു വിളിക്കാതെ ... 
ആത്മീയ സങ്കല്പങ്ങളുടെ 
ചുറ്റുമതില്‍  തകര്‍ത്തില്ലേ നീയ്യാദ്യം
   
മുപ്പത്തിമുക്കോടി മൂര്‍ത്തിമാര്‍ക്കപ്പുറം... 
മാതാ മേരിയുടെ 
മാതൃശിലകള്‍ക്ക്‌ മുന്നിലും 
മുഹമ്മദീയ മഖ്‌ബറയിലെ 
മീസാന്‍ കല്ലുകള്‍ക്കരികിലും
ഇട തേടുവാന്‍  പഠിപ്പിച്ചു നീയമ്മയെ ...
കരഞ്ഞു കേണു, 
വേണമെന്നിക്കെന്‍  വാവയെ...
എന്നിട്ടുമെന്തേ?  എന്‍ വിലാപങ്ങള്‍ 
എന്നില്‍ തന്നെ ഓടിയെത്തിയല്ലോ!!

അണയാത്ത വേദനയിലും 
അമ്മയൊന്നു ചോദിച്ചോട്ടേ കുഞ്ഞേ 
നീയോര്‍ക്കുന്നോ അമ്മക്ക്, 
തന്നു പോയ പാരിതോഷികങ്ങളെ 
അമ്മയുടെ ഉറക്കമില്ലായ്മക്കവര്‍ 
പാഴ്വേല എന്നോമനപ്പേരിട്ടു 
ഒന്നടുത്തിരിക്കാന്‍ 
ഒരാശ്വാസവാക്ക് പറയുവാന്‍ 
വാത്സല്യത്തോടെ നിഷ്കളങ്കമാം
നിന്‍ കണ്ണുകളിലേക്കൊന്നു നോക്കുവാന്‍ 
അവരാരും വന്നതേയില്ല ...

അരുതായ്മകളുടെ അവതാരമെന്നു 
കണിയാന്‍ കവടിയാല്‍ രചിച്ചല്ലോ
നിന്‍ ജാതകം!!
വാവേ,  നിന്‍  ജാതകം
അമ്മക്ക് മാത്രമായ് 
കോരിക്കുടിക്കുവാന്‍ ആവുമൊരു വറ്റാത്ത,
വരളാത്ത കണ്ണുനീരിന്‍ കിണറായല്ലോ!!

അമ്മ,  നിനക്കായി കരുതി വെച്ചോരാ 
വര്‍ണ്ണ വസ്ത്രങ്ങളത്രയും 
വേണ്ടെന്നു വെച്ച്, നീ
വെറും വെള്ളയുടുത്തു പടിയിറങ്ങിയപ്പോള്‍,  
ഒരു കാലടിപ്പാട് പോലും വിണ്ണില്‍
പതിച്ചു വെക്കാതെ,
നീയെനിക്കോമനിക്കാന്‍ 
ഓര്‍മ്മകള്‍ മാത്രം നല്‍കി.

നിന്‍ നട്ടെല്ല് ചുംബിച്ചു കുഴിഞ്ഞു പോയ 
മെത്തയും, അനിവാര്യതക്ക് മുന്നില്‍
കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു കുഞ്ഞേ!!

അമ്മയെന്തൊക്കെ മോഹിച്ചുവോ,
എല്ലാം,  ആ വെള്ളയില്‍ പൊതിഞ്ഞെടുത്തു 
കടന്നു പോയില്ലേ വാവേ ...
അമ്മയേക്കാള്‍,   മാലാഖമാര്‍ 
സ്നേഹിച്ചതച്ചതിനാലോ?
അതോ, ദേവലോകം നീയില്ലാതെ 
മ്ലാനമായി പോകുമെന്നതിനാലോ?
കാരണമെന്തു തന്നെയാകിലും
കരഞ്ഞെതെന്നും  ഈയമ്മയല്ലോ കുഞ്ഞേ!!

പോര്‍ക്കളത്തില്‍ അമ്പേറ്റു വീണ് 
പിടക്കുമീ പടയാളിയെ 
കണ്ടില്ലെന്നു നടിക്കുന്നെല്ലാവരും.
കടന്നു പോവുന്നവരത്രയും 
ചുണ്ട് വരണ്ട് ചോര വാര്‍ന്നങ്ങനെ.
ഇനിയധികമാവില്ലീയമ്മക്ക്,
ചന്ദനത്തിരിയുടെ  മണവും,
വെള്ള വേഷവുമുടുത്ത് വരുമീയമ്മ
വാതില്‍ക്കല്‍ വരവും കാത്തിരിക്കണം 
എന്‍ വാവ അമ്മയ്ക്കായി.
വാവേ....മോനേ, 
മറന്നുവോ ഈ അമ്മയെ.








Saturday, July 13, 2013

സ്നേഹംമെന്ന വാക്ക്





























സ്നേഹമെന്ന വാക്കിന്‍റെ കാര്യം പറയാന്‍  നല്ല രസമാണ്,
ഒരുനാള്‍  ആദിയില്‍ കുമിളപോലെ പൊങ്ങി വന്നു
പൂവുപോലെ പൊട്ടിവിരിഞ്ഞു, 
നമ്മേ നോക്കി കൊതിപ്പിച്ച് ചിരിക്കും എന്നാലോ..??
പറിച്ചെടുക്കുന്നവന്‍റെ കയ്യില്‍ കരിഞ്ഞുണങ്ങികൊണ്ട് 
കള്ളച്ചിരി ചിരിക്കുന്ന പൂവ്പോലെയാണ് 
സ്നേഹം നിര്‍വചിക്കപ്പെടുമ്പോള്‍ ...!!, 

ചിലതാകട്ടെ അനന്തതയില്‍ മഞ്ഞായുറഞ്ഞ് , 
പാല്‍തുള്ളിയായ് പെയ്യാനോരുങ്ങിനില്‍ക്കുന്നു ...
പക്ഷേ ...പലതുംഭാവിച്ച് , പലരേയും കൊതിപ്പിച്ച് 
പൊടുന്നനെ മാഞ്ഞുപോകും , 
ജലത്തില്‍ വരയ്ക്കും വരപോലെ 
ചിലപ്പോള്‍ പെയ്യാനും മറയാനുമകാതെ 
കനത്തു കിടക്കും നെഞ്ചിന്‍കൂടിനുള്ളില്‍ ...
ഇത്തിരി പോന്ന ചുടു നോമ്പരമായി ...
ചില ജന്മ ബന്ധങ്ങള്‍ അങ്ങിനെയാണ്
മറ്റുചിലപ്പോള്‍ ആത്മശാന്തിക്കുവേണ്ടി 
അലയും പിതൃക്കളെപ്പോലെയാണ് സ്നേഹം...
  
എന്നാല്‍ ചിലരുണ്ടോ പൊരുളിന്‍റെ ഭാരത്തില്‍ 
ഞെ രിഞ്ഞ്‌ മുള്‍ക്കിരീടത്തില്‍ വിങ്ങി, 
മരുഭൂമിയുടെ വരള്‍ച്ച അപ്പാടെ ഏറ്റുവാങ്ങി 
ഒടുവിലൊരു കൂരിരുമ്പിന്‍റെ മൂര്‍ച്ചയില്‍ 
പടവെട്ടി തളര്‍ന്നു വീഴുന്നവര്‍ ...
പിന്നെ വല്ലപ്പോഴുമൊരിക്കലാണ് ഉടയാതെയും ... 
പൊടിയാതെയും ഇവര്‍ക്ക് ഒരു 
ആശ്വാസമെന്നപോലെ ഒരുവാക്ക് കിട്ടുന്നത് ....
അക്ഷരക്കൂട്ടങ്ങളില്‍ ബന്ധങ്ങളുടെ നര്‍മ്മരസം ചാലിച്ച
അര്‍ഥം എന്നപോലെയാണ് ആ വാക്ക് ...
ആ വാക്കിനെ നല്ല രീതിയില്‍ ഉള്‍ക്കൊള്ളാന്‍
കഴിയുമെങ്കിലേ  അതിന്‍റെതായ പരിശുദ്ധി, 
പവിത്രത, നൈര്‍മല്യവും ഏതോരാള്‍ക്കും കിട്ടു... 
ആ വാക്കിനെ  ചൊല്ലി വിളിക്കാം സ്നേഹംമെന്ന് ...

അനാമിക






മനമെന്നവാനം തെളിഞ്ഞോന്നു കാണട്ടെ
ദു:ഖ കാര്‍മേഘമേ നീ വഴിമാറില്ലേ ...
വിങ്ങിപ്പൊട്ടി നില്‍ക്കുമെന്‍ ഹൃദയം 
മങ്ങിയ കാഴ്‌ചകള്‍ കണ്ടു നില്‍പ്പൂ.

കൂരിരുള്‍ കരിമ്പടം ദൂരേക്കു മാറ്റുവാന്‍ 
സാന്ത്വന തെന്നലായ്‌ ചാരത്തു വന്നവന്‍
മന്ദസ്‌മിതം തൂകി മെല്ലെമെല്ലേത്തലോടി
പ്രേമത്തിന്‍ രോമാഞ്ചം നല്‍കീടവേ.

ഈരേഴു പതിന്നാലു ലോകവും കീഴടക്കിയ 
യോദ്ധാവായി  മാറിയ പോലെയായി ഞാന്‍
ഇനിയും വേണമോ നിന്‍ പരീക്ഷണ-
നിരീക്ഷണങ്ങള്‍ ഈ അശരണക്കു മുന്നില്‍.

നൂലുപൊട്ടിയ പട്ടമായ്‌  വാനില്‍ ദിക്കറിയാതെ
പാറിപ്പറക്കവേ, പാരിത്‌ വിട്ടു ഞാന്‍
ആകാശം കണ്ടപ്പോള്‍....!! ഒരുവേള 
ഞാനെന്തോ ആണെന്നു നിനച്ചുപോയ് 

ഗര്‍വ്വിന്‍റെ  കൂമ്പാരക്കുന്നില്‍ നിന്നു നോക്കവേ
ലോകമെന്‍  കാല്‍ച്ചുവട്ടിലായ പോല്‍, 
മദിച്ചുതുള്ളിയെന്നെ മെരുക്കുവാന്‍;
വിധിതന്‍ നിയോഗം, നീയ്യെന്‍ ചാരെയണഞ്ഞു.

സ്നേഹത്തിന്‍  പൊന്നായ പൊന്നേ നീ 
കാണാമറയത്തുനിന്നെന്നു വരും 
എന്‍ കണ്ണുകളെ തമസ് പുല്‍കും മുന്‍പേ
നീയാകും ചിത്രത്തേ കാട്ടീടുമോ.

കേള്‍ക്കുമ്പോള്‍ പിന്നെയും കേള്‍ക്കുവാന്‍ 
കൊതിതോന്നും ശ്രുതി മധുരമല്ലൊ നിന്‍ സ്വരങ്ങള്‍
കണ്ടാലും കണ്ടാലും മതിവരാത്തൊരു 
ദാരു ശില്‌പമാണോ നിന്‍റെ രൂപം ...

പാതിവിരിഞ്ഞൊരു മുല്ലമൊട്ടിന്‍റെ 
ചാരുതയുണ്ടല്ലോ  നിന്‍ ചിരിയില്‍...
ഇളങ്കാറ്റിലാടുന്ന ആലിലമര്‍മ്മരമോ..
അതോ കിലുകിലാരവമോ നിന്‍ മൊഴികള്‍
ചൊല്ലുക വേഗം നീയോമലേ...!!

അങ്ങകലെ സൂര്യ  കിരണങ്ങള്‍  
കണ്ണിനേറെ കുളിര്‍മ്മയാണെന്നാകിലും
നീയെന്‍ ഹൃത്തിലുദിച്ചതാം നേരത്തെ, 
ചന്തമെനിക്കു മെല്ലമെല്ലേ തെളിയുന്ന പാരിതില്‍. 

സുവര്‍ണ്ണ വര്‍ണം വാരിവിതറിയോമലെ 
നിന്‍ തൂമന്ദഹാസം കണ്ണിനേറെ 
കുളിര്‍മയാണെന്നാകിലും;
മനതാരില്‍ മാരിവില്‍ വര്‍ണ്ണമതേകിലും. 

അന്ത്യമാകുന്നോരസ്തമയം 
കണുവാനെനിക്കാവതില്ല!!
കണ്ണിതില്‍ കണ്ടതിനെക്കാളെത്രയോ ഭംഗി, 
ഉള്‍ക്കണ്ണാല്‍  നിന്‍ കാഴ്ചകള്‍ കാണാന്‍ 
നിനക്കു ഞാനാരാണീ പാരില്‍,
ചൊല്ലുക വേഗം നീയോമലേ...!!