Saturday, January 12, 2013

ഒരുമാത്രയെങ്കിലും...














ആളാരവങ്ങളില്‍ നിന്നുമകന്നുമാറി,
നടന്നുതീര്‍ത്തോരാ വഴികളില്‍ക്കൂടി 
ഭ്രാന്തിതന്‍  ലാഘവത്തോടെ
അലഞ്ഞു നടക്കുമ്പോള്‍ 
അങ്ങ്,
ആകാശച്ചരുവിങ്കലാരോ ചാരി വെച്ച 
കോണിയിലൂടൂര്‍ന്നിറങ്ങുന്നു മഴവള്ളികള്‍. 
രൌദ്രഭാവംപൂണ്ട് ഉറഞ്ഞുതുള്ളുന്നു  
തുലാവര്‍ഷമഴയും...കൂട്ടരും.

കഥയെന്തെന്നറിയാതെ ആടിത്തീര്‍ത്ത 
വേഷങ്ങള്‍ കാഴ്ച്ചക്കാരിപോല്‍ കണ്ടിടേണം!  
മൂടുപടത്തിന്‍റെ  അഭാവത്തില്‍ 
അവ്യക്തതവന്നൊരു കാഴ്ച്ചകളേ 
ഹൃദയത്തിന്‍റെ  കണ്ണുകളാല്‍ ഒപ്പിയെടുക്കേണം!

പ്രാണശ്വാസമെടുക്കും തിരിനാളം 
ചുവരില്‍കോറിയിടും മായക്കാഴ്ച്ചകള്‍ക്കു നടുവില്‍ ,
ശ്വാസമില്ലാതെ പാറി നടക്കുമ്പോള്‍,

ഇങ്ങുതാഴെ;

തിങ്കളും താരങ്ങളും ,പാതിരാപ്പൂക്കളുമില്ലാതെ 
ചമയങ്ങളുപേക്ഷിച്ച വിധവയെപ്പോല്‍
ഏകാന്തമീ രാവില്‍ ആത്മാഹുതി ചെയ്തൊരു 
നിശാശലഭത്തെ സാക്ഷിയാക്കി,
അക്ഷരങ്ങളാല്‍, ചിന്തയുടെമുത്തുകള്‍ 
കോര്‍ത്തെടുക്കുവാന്‍ ശ്രമിക്കുന്നെന്‍ 
മതിഭ്രമം ബാധിച്ച മനസ്സ് !

എല്ലാ ഭാവങ്ങളുമാടിതീര്‍ത്ത് 
വേഷങ്ങള്‍ ഓരോന്നായി ഉപേക്ഷിക്കുകില്‍
ഒട്ടുനേരത്തേക്കെങ്കിലും 
നനയാന്‍ കൊതിച്ച മഴച്ചാറ്റലും 
മൂളാന്‍മറന്ന രാഗങ്ങളും , 
ആടാന്‍ മറന്ന നാട്യങ്ങളും 
അണിയാന്‍ കൊതിച്ച വേഷങ്ങളും 
ഒരുമാത്രയെങ്കിലും......
മാറോടുചേര്‍ത്തോന്നു പൊട്ടിക്കരയണം 
ഒരുമാത്രയെങ്കിലും.....