Wednesday, September 12, 2012

ഒന്നു ശീലിച്ചു നോക്കു

ഒരു നിമിഷം തനിച്ചാകുമ്പോള്‍ ചിന്തിക്കാറുണ്ടോ ജീവിതത്തില്‍ എന്നും തനിച്ചായി പോയവരെ കുറിച്ച്........??

വല്ലപ്പോഴും കണ്ണുകള്‍ നിറയുമ്പോള്‍ ഓര്‍ക്കാറുണ്ടോ കരയാന്‍ മാത്രം വിധിക്കപ്പെട്ടവരെ.......???

അവഗണിക്കപ്പെട്ടു എന്നു  തോന്നുമ്പോള്‍ ഒരിക്കലും പരിഗണന ലഭിക്കാത്തവരുടെ വിഷമം മനസ്സിലാകറുണ്ടോ.......?????

ഒരു നേരം ഭക്ഷണം മുന്നിലെത്താന്‍ വൈകുമ്പോള്‍ ചിന്തിക്കാറുണ്ടോ ഒരു നേരത്തെ ഭക്ഷണത്തിനായി അലയുന്നവരെ കുറിച്ച്.....??

ഇല്ലെങ്കില്‍ ഇന്നു  മുതല്‍ അതൊക്കെ ഒന്നു  ശീലിച്ചു നോക്കു..

വയ്യാവേലി ..(ചെറുകഥ)
പുലിവാല്‌ പിടിച്ചുന്നു.. പറഞ്ഞാല്‍ മതിയല്ലോ ...!!!

തോരാന്‍ സാധ്യതയില്ലാത്ത പെരുമഴ നേരം സന്ധ്യയാവുന്നതെയുള്ളൂ പക്ഷേ കാര്‍മേഘം പടര്‍ത്തിയ ഇരുള്‍, തെരുവും പരിസരവും വിജനം.... വളരെ വിരളമായ കാഴ്ച! ബസ്‌ കാത്തിരിപ്പ് കേന്ദ്രത്തിലെ ഇരിപ്പിടത്തിന്‍റെ രണ്ട് അറ്റത്തുമായി ഞങ്ങള്‍ മുഖാമുഖം ഇരുന്നു. അറിഞ്ഞോ അറിയാതെയോ എന്‍റെ കണ്ണുകള്‍ അവന്‍റെ മുഖത്തു പതിക്കുമ്പോഴെല്ലാം അവന്‍ എന്നെത്തന്നെ നോക്കുകയാണെന്ന് എനിക്ക് മനസ്സിലായി.. നല്ല വിടര്‍ന്ന മനോഹരമായ കണ്ണുകള്‍ വെളുത്തു തുടുത്ത അവന്‍റെ ശരീരം ആരെയും ആകര്‍ഷിക്കും... നിര്‍വ്വികാരമായ ആ ഭാവം എന്നെ അവനിലേക്ക്‌ ‌ അടുപ്പിക്കുന്നുവോ എന്നൊരു തോന്നല്‍....ഞാന്‍ ചെറുതായൊന്നു ചിരിച്ചു.... അതൊന്നും ഗൌനിക്കാതെ മുഖത്തേക്ക് തെറിച്ചു വീഴുന്ന മഴത്തുള്ളികള്‍ മൃദുലമായ കൈകള്‍ കൊണ്ട് തുടച്ചൊതുക്കി അവന്‍ ‍ ഇരുന്നു. ഞങ്ങള്‍ പരസ്പരം നോക്കിയിരുന്നു മഴ തോര്‍ന്നത് അറിഞ്ഞില്ല....അഞ്ചു മിനുറ്റ് നടന്നാല്‍ വീട്ടില്‍ ‍ എത്താം... ഞാന്‍ എഴുന്നേറ്റു 'വരുന്നോ?' ഒരു കൌതുകത്തിനു വേണ്ടി ഞാന്‍ ചോദിച്ചു .. പതുക്കെ നടന്നുനീങ്ങവേ വെറുതെ തിരിഞ്ഞു നോക്കി എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല... തൊട്ടു പുറകില്‍ തല കുനിച്ചു നടന്നു വരുന്നു അവന്‍ !!! ഉളള് ഒന്ന് പിടച്ചു.. കണ്ടാല്‍ തന്നെ അറിയാം നല്ല കുലത്തില്‍ പിറന്നതാണെന്ന് .. സ്വന്തക്കാര്‍ വന്നു "ഇവനെ തട്ടി കൊണ്ട് പോകാന്‍ ശ്രമിച്ചു" എന്നെങ്ങാനും പറഞ്ഞാല്‍.....!!! ചുറ്റും നോക്കി ഏയ് ആരുമില്ല.... അത് വഴി കടന്നു വന്ന കാറില്‍ നിന്നു ഒരു കുട്ടി ഞങ്ങളെ ഇരുവരെയും നോക്കി ഒന്ന് ചിരിച്ചു ... ഞാന്‍ പതുക്കെ അവിടെ തന്നെ നിന്നു അവന്‍ കടന്നു പോവുകയാണെങ്കില്‍ പോവട്ടെ എന്ന് കരുതി... പക്ഷെ അതുണ്ടായില്ല. അവനും നിന്നു.. ഞാന്‍ നടന്നപ്പോള്‍ അവനും നടന്നു.... വീടിന്‍റെ കതക് തുറന്നപ്പോള്‍ ഒരു ചിരകാല പരിചിതനെപ്പോലെ അവന്‍റെ അവകാശം പോലെ അകത്തേക്ക് കയറി.... തണുത്തു വിറയ്ക്കുന്നത് കണ്ട് അലക്കി വെച്ചിരുന്ന ഒരു പഴയ ടര്‍ക്കി എടുത്തെറിഞ്ഞു കൊടുത്ത് ഞാന്‍ കുളിക്കാന്‍ കയറി അങ്ങിനെയാണ് ഞങ്ങളുടെ അടുപ്പം ആരമ്പിക്കുന്നത്‌ കൂട്ടുകാര്‍ ഇല്ലാത്ത എനിക്ക് അവന്‍ എല്ലാമെല്ലാമായി ഓഫീസിലേക്ക് പുറപ്പെടുമ്പോള്‍ യാത്രയാക്കാനും വൈകീട്ട് തിരിച്ചു വരുമ്പോള്‍ സ്വീകരിക്കാനും ഗൈറ്റിനു മുന്നില്‍ അവനുണ്ടാവും  ഉള്ളത് വെച്ച് വിളമ്പി ഓണം പോലെ ഞങ്ങള്‍ ഒരുമിച്ചു കഴിച്ചു. മത്സ്യം അവനു ജീവനായിരുന്നു. പുറത്തു നിന്നു മാത്രം മീന്‍ കഴിക്കാറുള്ള എന്‍റെ വീട്ടില്‍ അവനു വേണ്ടി മാത്രം പഥ്യം എല്ലാം മറന്നു പച്ചയും ഉണക്കയും ആയി മീന്‍ മണത്തു വിളക്ക് അണക്കുമ്പോള്‍ ഒറ്റയ്ക്ക് കിടക്കുന്ന അവന്‍ രാത്രിയില്‍ പതുക്കെ എന്‍റെ കട്ടിലിലേക്ക് കയറി പുതപ്പിനുള്ളില്‍ ചേര്‍ന്ന് കിടക്കും...അങ്ങിനെ ഒരുമിച്ചു കിടന്നുറങ്ങിയ എത്രയോ നല്ല യാമങ്ങള്‍ "ഇതൊന്നും ശരിയല്ല.. നീ ആള്‍ ആകെ മാറി നീ പഴയ ആളേ  അല്ല" കൂട്ടുകാരുടെ ഉപദേശങ്ങള്‍ ഒന്നും ഞാന്‍ കേട്ട ഭാവം നടിച്ചില്ല " നീ അനുഭവിക്കും" എന്‍റെ നിസ്സംഗ ഭാവത്തോട് അവര്‍ പ്രതികരിച്ചു. അവര്‍ക്ക് ഞങ്ങളുടെ ബന്ധം സ്നേഹം ഒന്നും തിട്ടപ്പെടുത്താന്‍ കഴിഞ്ഞില്ല... അങ്ങിനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ഓഫീസില്‍ നിന്നു തിരിച്ചെത്താന്‍ ഏറെ വൈകി. ആകാവുന്നത്ര വേകത്തില്‍ ഭക്ഷണം പാകം ചെയ്തു ചൂട് പോക്കാന്‍ പരന്ന പാത്രത്തിലേക്ക് കറി ഒഴിച്ചു വച്ചു.അപ്പോള്‍ ‍ ഒരു ഫോണ്‍ വന്നു "ഹലോ ..... " കുറച്ചധികനേരം ആ സംസാരം നീണ്ടു .... പെട്ടെന്ന് എന്തോ ഒന്ന് ചാടി വീണു എന്‍റെ കറി പിടിച്ച കയ്യ് കടിച്ചു പറിച്ചു നഖങ്ങള്‍ കൊണ്ട് ശക്തിയായി മാന്തി... ഞാന്‍ കൈ മേല്പോട്ട് വലിച്ചു...... എന്‍റെ വെള്ള ഉടുപ്പിലും നീല വിരിയിട്ട ഊണ്‍മേശയിലും ചുവന്ന ടൈല്‍സ്സിലും ,  നിറയെ മത്തിക്കറി... ഊണ്‍മേശയിലിരുന്ന  ലാപ്‌ ടോപിന്‍റെ കീബോഡില്‍ രണ്ട് മത്തികള്‍ കെട്ടി പിടിച്ചു കിടക്കുന്നു... സ്ക്രീനില്‍ തെളിഞ്ഞ നായകന്‍റെ മുഖത്തു കൂടി മത്തിക്കറി ഒലിച്ചിറങ്ങുന്നു കയ്യില്‍ നിന്നു കുടുകുടെ ചോര വാര്‍ന്നു ടൈല്‍സ് ലേക്ക് ഇറ്റി വീഴുന്നു..... ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ടൈല്‍സ്സില്‍ ചിതറിക്കിടക്കുന്ന മത്തികള്‍ ഓരോന്നായി ഒന്നും സംഭവിക്കാത്ത മട്ടില്‍ അകത്താക്കുന്ന തിരക്കിലായിരുന്നു അവന്‍ ‍ ...നന്ദി കേട്ട സാധനം ... എന്‍റെ നിയന്ത്രണങ്ങള്‍ കൈവിട്ടു  പോയി പിന്നെ സംഭവിച്ചതൊന്നും എനിക്കോര്‍മ്മയില്ല....പക്ഷെ ഒരു കാര്യം... ഞാന്‍ പഠിച്ചു ...ഈ ..പൂച്ചയെ പോറ്റുന്ന പരിപാടി അതോടെ നിര്‍ത്തി,,,,.....