Thursday, July 2, 2015

നീല നിലാവേ..


സ്വപ്നകൂട്മഞ്ഞു നിറഞ്ഞോരീ പാതയോരങ്ങളില്‍
ഇന്നലെ തന്‍ അനുബന്ധം തേടി ഞാനലയവെ
കൂട്ടിനുണ്ടായതോ, നീയേകിയ സ്വപ്ന കൂടുമാത്രം

ശോണമേഘങ്ങളാല്‍ പകലാറുവോളം
കടല്‍ത്തിരയുടെ കന്മഷമുറ്റ മനസ്സുമായ് ഞാനലഞ്ഞു...
ഞെട്ടറ്റു പോയൊരാ പൂക്കളും ഇലകളും
എന്‍ വായ്ത്താരിക്കു കാതോര്‍ത്തു നിന്നു.

സ്നേഹമാം ഹിമകണം മിഴികളില്‍ വസന്തം തീര്‍ത്തും 
മൊഴികളാല്‍ സാന്ത്വനമോതിയും 
നിന്‍ സ്വരജതിക്കും തംബുരു ശ്രുതികള്‍ക്കും 
എന്‍ പാദമണികള്‍ നടമാടിയും, ഒരുവേള
സ്വപ്നക്കൂടു നാം സ്വര്‍ഗ്ഗമാക്കി.

നീ നല്‍കിയ തൂലികയില്‍ സ്വപ്നവും ചിന്തയും 
സ്നേഹവും നിറച്ചു മഴവില്‍ചാരുതയുള്ള 
വര്‍ണ്ണാക്ഷരങ്ങളാല്‍ കവിത കുറിച്ചതുമീ 
സ്വപ്ന കൂട്ടില്‍ വെച്ചായിരുന്നു

പക്ഷെ,

കൂടു പൊളിച്ചു പുതുചിറകു വിരിച്ചങ്ങു
നീ പറന്നകന്നില്ലേ , പുതുവാനം തേടി.
പൂനിലാ മിഴിപൂട്ടിയ രാത്രി പോലെ,
നോവേരിഞ്ഞടാങ്ങാത്തൊരു ശൂന്യതയില്‍
ഊഷര മൗനത്തിന്‍ ഭാണ്ഡവും മായ്നില്ക്കും,
എന്‍ മുന്നില്‍ മറ്റൊരു സ്വപ്നത്തിന്‍ കൂടു തുറന്നപ്പോള്‍
നിന്നെ അവിടെങ്ങും കണ്ടതേയില്ല ഞാന്‍.

മഞ്ഞു നിറഞ്ഞൊരാ പാതതന്നോരങ്ങള്‍ ഉണ്ടായതില്ല
കവിത കുറിക്കാന്‍ ശോണമേഘമോ വിരുന്നുവന്നതില്ല
മിഴിയില്‍ ചാരുതയാം സ്വപ്നങ്ങളൊന്നും ഉണ്ടായതില്ല.

നാദം നിലച്ചോരാ നൂപുരവും, 
ഇഴമുറിഞ്ഞോരാ തംബുരുവും. 
മഷിയൂറി വറ്റിയ തൂലികയുമായ്, 
ജരാനരപിടിപെട്ട ഓര്‍മകളില്‍, 
ആറടി മണ്ണിന്‍ സ്വകാര്യതയിലെ 
ശയനത്തിനായി ഞാന്‍ കാത്തിരിപ്പൂ...

Tuesday, March 24, 2015

നിഴല്‍പാതി മയങ്ങിയ പകലുകളും.           
മൂകമായ് ഓടി മറയുന്ന സന്ധ്യകളും       
വിരസമായി എത്തുന്ന രാത്രിയും,                        
വാചാലമാം നിശബ്ദതയില്‍              
ആത്മാഹൂതി ചെയ്ത മനസ്സും    
ഇന്നെനിക്ക്‌  സ്വന്തം               
വെളിച്ചം തേടും നിഴലെന്ന പോല്‍.

വിമോചിത.
ആഴി നിന്നരികില്‍
പ്രണയവുമായി വന്നാല്‍ 
നീയവനെ പരിണയിക്കുക.


നീ പഞ്ചരത്തില്‍നിന്നും
വിമോചിതയായി,
ചിറകു വിരിച്ച്
ആത്മാവിന്‍റെ ലോകത്തേക്കു
പറന്നുയരും വരെ...

വൃദ്ധ


കരം പുണര്‍ന്നു നടക്കുവാനീ 
ക്ഷണിക ജീവിതത്തില്‍ ആരുമേയില്ലെനിക്ക്

നീറിയമരും കിനാവിന്‍  ചെങ്കനല്‍  
നിറച്ചതിടനെഞ്ചില്‍ ഇത്തിരി ചൂടുള്ള ചാരം 

ഉറവ പോലൊഴുകിയതൊത്തിരി കണ്ണുനീര്‍
ഓര്‍ക്കവേ പടരുമെന്‍ തൊണ്ടയില്‍ നനവുനീര്‍
  
ബലിയിലച്ചോറിനായ്  കൂട്ടയോട്ടമോ,
കലപില കൂട്ടുമീ കാക്കക്കൂട്ടങ്ങളെ!!

കാലടി കൊണ്ട് ഞാന്‍ ആറടി കോറിയും 
കാലനെ കാത്തെന്റെ കാഴ്ചയും കരിയലായ് 

ചിതയില്‍ ചികഞ്ഞു ഞാന്‍ ശവമായ് ശയിക്കവേ 
ചിതലരിച്ചവസാനം ചിതയും ചെമ്മണ്ണായ്

ഞാന്‍ ചൊല്ലിയ പ്രണയം
വിണ്ണിന്‍ നനവും , മണ്ണിന്‍ ഗന്ധവുമുള്ളോരു
സ്വര്‍ഗ്ഗപൂങ്കാവനത്തിലൊരു നാള്‍
വിരുന്നുകാരനായി ഞാന്‍ കയറവേ 
എന്‍ വിഷാദ വദനത്തിനു പോലും 
മഴവില്ലിന്‍ ചാരുതയേകി.

ഒരു നിമിഷമാത്ര ചിന്താമുഖനായ്‌ ‍
പൂവിനോട് ചില്ലിയെന്‍ പ്രണയം.
അവളോ തലതാഴ്ത്തി നീരസം കാണിച്ചു.

അതുവഴി വന്നൊരു  പൂങ്കാറ്റിനോടും
ചൊല്ലിയെന്‍ പ്രണയം
ഒരുമാത്ര നിന്ന ശേഷം,  കാറ്റുമൂളി 
പറത്തിക്കളഞ്ഞെന്‍ പ്രണയം

പിന്നെ മൊഴിഞ്ഞുവെന്‍ പ്രണയം
വിരിഞ്ഞു നില്‍ക്കും മേഘത്തോട്.
കേട്ടമാത്രയില്‍ കാര്‍മേഘങ്ങളേ 
കൂട്ടുപിടിച്ച് എന്നെ കരയിച്ചു

വൃണിതമായോരെന്‍‍ മാനസവുമായി 
വസന്തത്തിന്‍ അരുകിലെത്തി 
ചൊല്ലിയെന്‍  പ്രണയം .

പൂവിന്‍ നറും‌മണം, കാറ്റുപരത്തി 
മേഘങ്ങള്‍ സന്തോഷാശ്രു പൊഴിച്ച്
വസന്തത്തിന്‍ പ്രണയം എന്നെ പുളകിതയാക്കി....

Monday, March 16, 2015

ചിത്രാപൌര്‍ണ്ണമി

പൊന്‍ വെയില്‍ വിതറുമാ സായന്തനത്തില്‍
അന്തിമലരിന്‍ മാറില്‍ ചേര്‍ന്നൊരു 
സുഖ നിദ്ര കൊതിച്ച പകല്‍ മേഘങ്ങള്‍ 
നീലപ്പുതിനുള്ളിലലിയാന്‍ തിടുക്കം കൂട്ടവേ,

ചിത്രാപൌര്‍ണ്ണമി പട്ടുടയാടകള്‍ ‍
ഞൊറിഞ്ഞുടുത്തുവന്നു... 
ശ്രുതി മീട്ടി രാപ്പാടികള്‍ , 
കാറ്റു കവിതയും മൂളവേ, 
പനിമതി വാനിലുദിച്ചുവല്ലോ....

തടവറ

ശോണ മേഘങ്ങള്‍ പോലെയുള്ള
കുന്നിന്‍ ചരുവുകള്‍

പ്രകൃതിയുടെ  വശ്യത 
പുല്ലുകളുടെ  സമൃദ്ധി

ഈ പ്രകൃതി സൌന്ദര്യം 
കണ്‍ കുളിര്‍ക്കെകണ്ടിട്ടും

ഓര്‍മ്മകളുടെ തടവറ ഭേദിച്ച്
എനിക്ക് പുറത്തിറങ്ങാനവുന്നില്ല.Thursday, January 15, 2015

ഭാവപ്പകര്‍ച്ചകള്‍
പകല്‍ പടിയിറങ്ങിപ്പോയ വഴിയിലൂടെ
സന്ധ്യയും കടന്ന്‌ ഇരവെത്തിയിരുന്നു
സന്ധ്യയുടെ മൌനവും, കടലിലെ തിരയും
ഇരവിന്‍റെ നിഗൂഡതയായിരുന്നു...

ഭൂവമ്മയുടെ നെടുവിര്‍പ്പുകളുടെ താളമത്രേ
വിരഹവും, വിഷാദവും, കണ്ണീരും
ആര്‍ത്തിരമ്പി പെയ്യുന്ന തുലാമഴയുടെ
കൂട്ടുകരത്രേ മിന്നലും , ഇടിനാദവും...

പ്രകൃതിയുടെ ഭാവമാറ്റത്തിന്‍
മുഖപടം ചാര്‍ത്തിയെത്തുന്ന
ഋതുക്കള്‍ തീര്‍ത്തോര ഋതുഭേദങ്ങളത്രേ
മഞ്ഞും, വെയിലും, മഴയും...

പ്രപഞ്ച സംഹാര‍ താണ്ഡവത്തിന്‍
പകര്‍ച്ചയത്രേ കൊടുംകാറ്റും,
ഭൂചലനവും, പേമാരിയും.....

Friday, January 2, 2015

കാലമേ നീയാര് ?
സൂര്യതാപത്തിലുരുകാതെ 

ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ 

പുലരും വരെ, ഞാന്‍

കടമെടുക്കുന്നീ തെരുവീഥികളെ 

നീ പോലുമറിയാതെ ജാലകത്തിനപ്പുറം 

അസ്ഥിപഞ്ചരമായി നില്‍ക്കും മരങ്ങള്‍.


ഇലകളടര്‍ന്ന് ഈ മുറ്റമാകെ നിറഞ്ഞതും,

മഴപെയ്തീ തൊടിയാകെ നനഞ്ഞതും

ഞാനറിഞ്ഞില്ല...ഒരുവേള എല്ലാം

സ്വപ്നമെന്നറിഞ്ഞപ്പോള്‍

കാലമെന്നെ നോക്കി പരിഹസിച്ചു....

എന്‍റെ സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തി

നിര്‍ണ്ണയിക്കുവാന്‍ കാലമേ നീയാര് ?

Wednesday, December 31, 2014

നിരയില്ലാതെ വരികള്‍


കറുത്ത കിനാക്കളാം മേഘപാളികള്‍
ഒന്നൊന്നായി വകഞ്ഞു  മാറ്റി
വിണ്ണിന്‍റെ നീലിമയിലലിഞ്ഞു ചേര്‍-
ന്നൊരു  കവിതയെഴുതുവാന്‍ കൊതിച്ചു.
അയനം കാത്ത നയനങ്ങള്‍ പായിച്ചു 
വാനം വിരിച്ചിട്ട വീഥികളില്‍
വരികള്‍ക്കായി  ഞാനലഞ്ഞു ...

സ്വപ്നങ്ങള്‍ക്കായി വെഞ്ചാമരം വീശും,
മേഘങ്ങളെ നോക്കി പുഞ്ചിരിതൂകി.
നക്ഷത്രജാലം മിന്നുന്ന പാതകളില്‍
വാചാലമാം മൌനത്തെയും കാത്തുനിന്നു.
ഒരു വരിപോലും കവിതക്കായി
കുറിക്കുവാന്‍ ആയില്ലെനിക്ക്...

ഇല കൊഴിഞ്ഞ വൃക്ഷാസ്ഥികള്‍
തളിരിടുമ്പോള്‍ കവിത കുറിക്കുവാനെനിക്കായി.
എന്നാല്‍ ഇന്നോ,
വസന്തമില്ലാ പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല  ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തവുമില്ല  ഇളവെയിലേല്‍ക്കുവാന്‍...

ഇരവും പകലും കാത്തിരുന്നു ഞാന്‍ 
ഒരു വരി കുറിക്കുവതിനായി...
എന്നിലെ കവിതകള്‍ പിറക്കും  കരങ്ങള്‍
വിറങ്ങലിച്ചു നില്‍ക്കുവതെന്തേ.
കരളിനുള്ളിലെ കടലാസ്സു  ചീളുകള്‍
കരിപുരണ്ടു പോയോ?
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ചായവും
വരക്കുന്നുവല്ലോ ചലനമില്ലാത്ത ചിത്രങ്ങള്‍.

വറ്റിയ ഒരരുവിപോലെ,  കൂട്ടം തെറ്റി-
യൊരജത്തെ പോലെ,  അലയുകയാണെന്‍ മനം..
ഭാവനതന്‍ സമ്പാദ്യച്ചെപ്പില്‍
ചോര്‍ച്ച ഉണ്ടായതു പോല്‍.
ചേര്‍ച്ചയില്ലാത്ത  വാക്കുകള്‍തന്‍ കൂട്ടം
വരിതെറ്റിയ ഉറുമ്പിന്‍ കൂട്ടംപോല്‍
കടലാസ്സിന്‍ വിരിമാറിലെന്നെ നോക്കി
പരിഹസിച്ചങ്ങിനെ അലഞ്ഞു തിരിയുന്നു..