Friday, March 29, 2013

അമ്മ മനസ്സ്





















മക്കളേ , ചൊല്ലുവാനേറെയുണ്ട് 
പെറ്റ വയറിന്‍റെ വേവലാതി. 
ആധിപൂണ്ടിപ്പോഴും ഞെട്ടിയുണരുന്നു 
പാതിമയക്കത്തിലമ്മ പേടിച്ചരണ്ട മിഴികളുമായി. 
കാത്തിരിക്കുന്നു ഞാന്‍ നിന്‍റെ വരവിനായി 
വ്യാകുലമാകും മനസ്സോടേ.
ഇരുളിലുയരുന്ന നിന്‍റെയോരോ വിളിക്കുമായി 
കാതോര്‍ത്തിരിപ്പു ഞാന്‍ രാത്രിയാമങ്ങളില്‍...  
അങ്കണ മുറ്റത്തു നിന്‍ചിരി  കാണുവാന്‍ 
ഉമ്മറത്തിണ്ണയില്‍ കാത്തിരിക്കുന്നു ഞാന്‍... 
ഇക്കാലമത്രയും കാത്തു സൂക്ഷിച്ചു ഞാന്‍....  
കാലനും കാക്കക്കും വിട്ടു കൊടുക്കാതെ-
യമ്പിളിയമ്മാവെന്‍റെ കഥകള്‍ പറഞ്ഞു - 
താരാട്ടുപാടി ഊട്ടിയുറക്കി ഞാന്‍...  
ഇന്നലെ നീയെന്‍റെ കൈകള്‍ക്കു താങ്ങാ-
യിന്നെന്‍റെക്കാഴ്ചയ്ക്കു തണലായി നിന്നവന്‍... 
പാതിമെയ്യാവുന്ന ഭാര്യയ്ക്കു തുണയായി 
തൊട്ടിലിലാടുന്ന കുഞ്ഞിനു കാവലായി... 
അച്ഛന്‍റെ സ്നേഹാമായി വീടിനു ഭാഗ്യമായി 
നാട്ടു മനസ്സിന്‍റെ നന്മതന്‍ തിലകമായി തീര്‍ന്നവന്‍...  
അമ്മ മനസ്സിന്‍റെ മുറ്റത്തു നിന്നവന്‍ 
പുഞ്ചിരിക്കുമ്പോള്‍ അറിയുക മക്കളേ  
പെറ്റ വയറിന്‍റെ വേവലാതി... 
ഇരുളിലുയരുന്ന ആയുധ കൈകള്‍ക്കു 
ഓര്‍മ്മയുണ്ടാവണം പിച്ച നടത്തിയ 
അമ്മ മനസ്സിന്‍റെ വേദന...  
ഓരോ മുറിവിലും നിന്നും ചിതറി തെറിക്കുന്ന
ചോര തന്‍ തുള്ളിയില്‍ നിങ്ങള്‍തന്നമ്മ 
മുഖമുണ്ടെന്നോര്‍ക്കണം മക്കളെ...!!


(കടപ്പാട്)

Thursday, March 28, 2013

ഏകാന്തപഥിക


























മഞ്ഞിന്‍ പാളികളെ വകഞ്ഞു മാറ്റി ...   
അരുണ കിരണങ്ങള്‍ പുഞ്ചിരി തൂകി ...
പുല്‍ നാമ്പുകളെ ആസ്ലേഷിച്ചിരിക്കുന്ന 
മഞ്ഞു തുള്ളികള്‍ക്കും 

പൂമ്പൊടി ഏറ്റു കിടക്കുന്ന തുഷാര- 
മണികള്‍ക്കും ഒന്നേ പറയാനുള്ളൂ ...
എന്നില്‍ കൂട്ടി വെച്ച ഇഷ്ടങ്ങള്‍ മറക്കാതെ
പങ്കിടാന്‍ നീ ഇല്ലാതെ എത്ര അകന്നു നിന്നാലും ...

അകലെയുള്ള നിമിഷങ്ങളില്‍ 
നീ എന്‍റെ  കണ്ണുകള്‍ കാണുന്നില്ലങ്കിലും,
പ്രണയമേ നീയെന്‍ ജീവനല്ലേ...!!!
കരയാതെ കരയുമ്പോഴും നീ മാത്രമെന്‍ മനസ്സില്‍ ...

ജീവിത യാത്രയില്‍  അകലെയുള്ള കൂട്ടില്‍ നീയിരുന്നു
കാലമെന്നില്‍ മാറി മറയുമ്പോള്‍ ഞാന്‍ കണ്ട സ്വപ്‌നങ്ങള്‍ 
എന്നില്‍ വിരിഞ്ഞ ചിന്തകള്‍ , നിന്നിലൂടെയല്ലാതെ ഓര്‍മ്മകള്‍
കടന്നു പോകുന്നില്ല ഒരിക്കലും ... 

ചെടിയില്‍ ഒരു പൂ വിരിയുന്നതും
ഒരു പുലരി എന്നില്‍ പിറക്കുന്നതും 
ഒരു മഴ പെയ്യുന്നതും , കാറ്റു വീശുന്നതും 
നിന്‍ ഓര്‍മ്മകള്‍ക്കു  മാത്രമായി

നീ പറഞ്ഞ കഥകളും ,എന്‍ കാതില്‍ മൂളിയ പാട്ടുകളും 
എന്നിലെ വിഷാദം മാറ്റിയ നിന്‍ വാക്കുകള്‍ക്കും .....
എന്‍ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരിയില്‍
കനവുകള്‍ മയങ്ങുന്നു ... നീയില്ലാത്ത ദിനങ്ങളില്‍

ഒരു രാവില്‍ നിനച്ചിരിക്കാതെ വന്ന സ്വപ്നമായിരുന്നോ നീ
എന്നകതാരില്‍ മുള പൊട്ടിയ മോഹമായിരുന്നോ നീ 
എപ്പോഴാണ് എന്‍ മനസ്സില്‍ അരിമുല്ല പൂവായ്
നീ നറുമണം തൂകിയത് .....അറിയില്ലാ ...???

പക്ഷേ ഇന്നു ഞാന്‍ ഏകയാണ് ,നിന്നോര്‍മ്മകളുടെ 
മാറാപ്പും പേറി ഇന്നീ രാവിന്‍റെ മടിയില്‍ തല ചായ്ച്ചുറങ്ങുന്ന 
ന്‍റെ നഷ്ട സ്വപനങ്ങള്‍ക്ക് കൂട്ടിരിക്കാന്‍ വിധിക്കപ്പെട്ട 
ഒരു ഏകാന്ത പഥികയാണ് ഞാന്‍ ...      

ഇവള്‍ ശാരദേന്ദു







നിന്നെക്കുറിച്ചുള്ള ഓര്‍മ്മകള്‍  
എനിക്കു  മധുരിക്കുന്ന ഓര്‍മ്മകളാണ്.
ആ ഓര്‍മ്മകളാണ് എന്നെ ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നത്.
ഓര്‍മ്മകള്‍ക്ക് മധുരമാണെങ്കിലും 
ജീവിതത്തിനു  കണ്ണുനീരിന്‍റെ  കയ്പ്പാണ്.
നിന്‍റെ  മധുരിക്കുന്ന ഓര്‍മ്മകളുടെ 
നോവുന്ന കണ്ണുനീരിന്‍റെ  കയ്പ്പ് 
ഒഴുകിത്തീര്‍ന്ന കണ്ണുനീരും ഒഴിഞ്ഞ മനസ്സുമായി 
ഞാന്‍ കാത്തിരിക്കുകയാണ്.... 
മുറിവേറ്റ ഹ്രദയത്തിന്‍റെ നൊമ്പരം മായ്ക്കുവാന്‍
ഒരു നുള്ളു സ്നേഹവുമായ് അണയില്ലെ നീ.
മായ്ക്കുവാന്‍ കഴിയില്ലൊരു മരണത്തിനും
മനസ്സിലെ ഓര്‍മ്മകള്‍.....നിന്‍റെ ഓര്‍മ്മകള്‍....
പടിവാതിലൊളം ഞാന്‍ കാത്തിരിക്കാം ഒരു വേള
നീയിങ്ങു വന്നുവെങ്കില്‍ ഒരു നൂറു ജന്മം ഞാന്‍ കാത്തിരിക്കാം
ഇനിയുമെന്‍ സ്നേഹം നീ കാണുമെങ്കില്‍.
മൌനത്തിന്‍റെ നേര്‍ത്ത  ജാലകത്തിനപ്പുറം
നിന്നു ഞാന്‍ പറയാതെ പറഞ്ഞത്
നിന്നോടുള്ള എന്‍റെ പ്രണയത്തെ പറ്റിയായിരുന്നു
സ്വപ്നങ്ങളില്‍  നിന്നു സ്വപ്നങ്ങളിലേക്ക് 
പറക്കുന്നതിനിടെ നീ അറിയാതെ പോയതും 
കാണാതെ പോയതും അതായിരുന്നു...
എങ്കിലും ഞാനിപ്പോഴും കാത്തിരിക്കുന്ന 
നീ അതറിയുന്ന നിമിഷത്തിനായി
കൊരുത്തുവച്ചിരുന്നു ഒരു പാടു സ്വപ്നങ്ങള്‍
മാലകള്‍ പോലെ എന്നും മനസ്സിലുണ്ട് 
ആ മാലകളിലെന്‍റെ സ്വപ്നങ്ങള്‍ ഞാനൊളിപ്പിച്ചുവച്ചു.
ഞാനൊളിപ്പിച്ച എന്‍റെ  സ്വപ്നങ്ങള്‍ കൊണ്ടു 
ഒരുപാടു കവിതകള്‍ ഞാനെഴുതിവച്ചു.
അവയെല്ലാം അറിയാതെ, കേള്‍ക്കാതെ നീ നടന്നു പൊയപ്പോള്‍
പിടഞ്ഞത് മനസ്സും , നശിച്ചത് എന്നിലെ സ്വപ്നങ്ങളുമായിരുന്നു.
ഇനിയൊരളെ സ്നെഹിക്കാന്‍ ഈ ജന്മത്തിലില്‍ ഞാനില്ല.
നിന്‍റെ ഓര്‍മ്മകളുമായി ഞാനുണ്ടാകും.
നിന്‍റെ അരികില്‍ അടുത്ത ജന്മത്തിനു കാതൊര്‍ത്ത്.
ഈ ജന്മത്തിലിത്ര മാത്രം.... 




Wednesday, March 27, 2013

മണിനാഗകാവിലെ മാളവിക















പറയാതെ പൊയതെന്തെ എന്നെ
അറിയാതെ പൊയതെന്തെ........
സ്വപ്നങ്ങളുറങ്ങുന്ന തംബുരു മീട്ടി 
കാത്തിരുന്നില്ലേ നിക്കായി ഞാന്‍ 


മണിനാഗകാവിലെ കല്‍വിളക്കോക്കെയും
ശാരദ സന്ധ്യയില്‍ പൂത്തുലഞ്ഞു
മോഹനമാമൊരീ പാര്‍വണ രാവിലും
നിന്‍ വരവോര്‍ത്തു കാതോര്‍ത്തിരുന്നു

പാരിജാതത്തിന്‍റെ പൂക്കളിറുത്തുഞാന്‍
പൂമുഖ വാതിലില്‍ കാത്തിരിക്കും 
നീ വരും നേരമെന്‍ കാതില്‍ പറയും.......
എന്നെ ഒരുപാട് ഇഷ്ട്മെന്ന്...  


എവിടെ പറന്നു പോയി നീ കിനാ തുമ്പി
ഒരു നേര്‍ത്ത തുവലില്‍ എന്‍ ഹൃദയം കവര്‍ന്നു
നിഴലേകുമീ വഴിത്താരയില്‍
അഴല്‍ മൂടി അകലുന്നോ നീ..

ഒരു വാക്കിന്‍ നോവും,
ഒരു നോക്കിന്‍ നനവും .
നിധിപോല്‍ തേടി തേടി ഞാനിരിക്കെ ..
എവിടെ പോയി മറഞ്ഞു നീ ?

ഒരു രാവില്‍ നീ തന്ന പ്രണയവും
വിരല്‍ നീട്ടിയെന്‍റെ മണിവീണയില്‍ ..
ഒരു നേര്‍ത്ത നിശ്വാസമായ്...
അറിയാതെ പോകയോ നീ രാഗമേ... ??

ഇനി നീ വരാ രാവുകള്‍ ....
വിരഹത്തിന്‍ പാടവേ...
ഒരു മാത്ര തെന്നല്‍ പോല്‍ , അരികില്‍ -
വന്നെന്‍ മുടിയില്‍ തഴുകി പോകുമോ... ??

അറിയില ഇനി എത്ര ദൂരം
അറിയാത്ത വഴിയില്‍ അലയുവാന്‍.
അരികെ വരൂ നീ , മിഴിതേടും..
അലിവോലും മെന്‍ സ്നേഹതുമ്പി.

പറയാന്‍ മറന്നപോയ വാക്കുകള്‍
ഓര്‍ത്തിന്നു വിതുമ്പുന്നു ഞാനും
ഒരു വാക്കിലും പകരാതെ ..
മറുവാക്കായ്‌ നില്‍പിതു പ്രണയവും

എഴുതാനറിയില ഒന്നുമേ ...
എഴുതി തീരില്ല ഒരുനാളിലും ,
പറയാന്‍ മടിച്ച അനുരാഗവും
പകരാന്‍ കൊതിച്ച സ്നേഹവും.

പലനാള്‍ പകല്‍ ,കാത്തു കൊഴിഞ്ഞു ..
പുലര്‍മഞ്ഞില്‍ പൂത്ത പൂക്കളും...
ഒരു നാള്‍ നീ വരുമെന്ന ..
കനവും ,വെറുതെയോ....?

കരയാന്‍ ഇനിയില്ല കണ്ണുകള്‍ ...
കനല്‍ പൂക്കളായിന്നു മാറി ..
അരികില്‍ ഒരു കളിവാക്കുമായ് വീണ്ടും ,
ഒരു മാത്രയെങ്കിലും വരികില്ലയോ.....


Tuesday, March 26, 2013

സ്നേഹം നിര്‍വ്വചിക്കുമ്പോള്‍






















ഹിമകണം പൊഴിഞ്ഞോരാ രാവില്‍ ഒരു പുഷ്പം
ഋതുഭേദങ്ങളുടെ സഹായമില്ലാതെ മുകുളമയി 
പിന്നെയതു പൂവായി വിടരുകയും വളരുകയും 
ചെയ്യുന്ന ഒരേ ഒരു പുഷ്പം പോലെ പവിത്രമാണ് സ്നേഹം 

സമയവും സന്ദര്‍ഭവും നോക്കാതെ കടന്നു വന്നു
സ്നേഹിച്ചവരുടെ മുമ്പില്‍ നമ്മേ കോമാളി വേഷം കെട്ടിച്ചു വേഷങ്ങള്‍ ആടി അരങ്ങു തകര്‍ത്ത് പറയാതെ കടന്നു പോകുന്ന 
ഒരു നിഴല്‍..പോലെ മറഞ്ഞുപോകുന്ന കള്ളമാണ് സ്നേഹം 

ഒരു കടലാസ് കഷ്ണം കീറുന്ന അതെ ലാഘവത്തോടെ ചീന്തിയെറിയാനുള്ള ഒരു വെറും പാഴ്വസ്തു,പിച്ചി ചീന്തുമ്പോള്‍ കടലാസിനു വേദനിക്കാറുണ്ടോ..?എന്ന് ആരും നോക്കാറില്ലല്ലോ... അതുമൊരു സ്നേഹം 

പൊട്ടിത്തകരുന്ന സ്ഫടിക പാത്രം പോലെ ....
താഴെ വീണുടഞ്ഞാല്‍ പിന്നീടൊരിക്കലും 
ആരാലും കൂട്ടിച്ചേര്‍ക്കാന്‍ ആകാതെ പോകുന്ന 
സുതാര്യമായ ഒരുകണിക... ഒന്നും മില്ലാത്ത സ്നേഹം 

അടര്‍ന്നു പോകുന്ന പൂവിതള്‍ പോലെ...
തളിര്‍ത്തു നില്‍ക്കുമ്പോള്‍ ,പൂക്കുമ്പോള്‍ ,
വിടര്‍ന്നു നില്‍ക്കുമ്പോള്‍ ,നല്ലതെന്നു ചൊല്ലി
അതിന്‍റെ സൌന്ദര്യം ആസ്വദിക്കുന്നവര്‍... 

അടര്‍ന്നു വീഴുമ്പോള്‍ പെറുക്കി മാറ്റുന്നു ...
വാടി കരിഞ്ഞു അടര്‍ന്നു പോകുന്ന 
വെറും പൂവിതളുകള്‍ പോലെയാണ് 
നാം മറ്റുള്ളവരുടെ മനസ്സില്‍ ...

ജ്വലിക്കുന്ന കനല്‍ പോലെ അണഞ്ഞു പോകാന്‍
തുടങ്ങുമ്പോള്‍ ഒരു ചെറു നിശ്വാസം
കൊണ്ട് പോലും ആളി കത്തിക്കാന്‍
കഴിയുന്ന ഒരു ജ്വലയാണ് ....സ്നേഹം...

Monday, March 25, 2013

അഭിരാമി





















കാലം മറന്നു പെയ്തമഴ കഴിഞ്ഞപ്പോള്‍
കടലിലേക്ക്‌ തുറക്കുന്ന ജാലകങ്ങള്‍ക്കപ്പുറം
മറയുന്ന സൂര്യന്‍റെചുവന്ന മുഖം കണ്ടു 
ആകെ ചുവന്ന മധു പാത്രം... 

ദൂരെയ്ക്കു പറന്നുപോയ പക്ഷിക്കൂട്ടത്തിനോപ്പം
എല്ലാഓര്‍മ്മകളും മറന്നകന്നെന്നു കരുതി
അവസ്സാനതുള്ളികളില്‍ ബാക്കിയായത്
ന്‍റെ കണ്ണു നീര്‍ മാത്രമായിരുന്നു ...

ആടിത്തിമിര്‍ത്തനൃത്ത ചുവടുകളില്‍
ഒരുമിച്ചു നടന്ന പാതകള്‍ മറഞ്ഞെന്നു തോന്നി
താളം നിലച്ചപ്പോള്‍ നര്‍ത്തകര്‍ പിരിഞ്ഞപ്പോള്‍
മനസ്സു നിന്‍റെ ചുവടുകള്‍ പോയ 
വഴികളില്‍തനിച്ചു നടന്നു ....

നിറങ്ങളില്‍ മുങ്ങി അമരുന്ന ഓര്‍മ്മകള്‍
വിടര്‍ന്ന ചിത്രങ്ങളായി പടര്‍ന്നു
ഓര്‍മ്മകള്‍ നിറയുന്ന പഴയ വീഥികളില്‍ നിന്നും
ഏതോ ദൂരങ്ങളിലേക്ക് കുതിച്ചു പായുമ്പോള്‍
കാറ്റിനും മുന്നേ വ്യക്തമല്ലാത്ത ലക്ഷൃങ്ങളില്‍  
നീ മാത്രം തെളിഞ്ഞു  മറക്കാനെന്തെളുപ്പം 
ഒരു വശം മാത്രം ബാക്കിയായ നാണയത്തുട്ടു പോലെ
ഞാന്‍ ഓര്‍മകളില്‍ നിന്നും മറന്നു അകന്നിരിക്കുന്നു
ന്‍റെ  മനസ്സിലിപ്പോള്‍  ഒരു കാലൊച്ച മാത്രമേയൊള്ളൂ അകന്നുപോകുന്ന കാലൊച്ച പതുക്കെ നടന്നുമറയുന്ന 
ഓര്‍മ്മകളില്‍ മനസ്സ് മുറിഞ്ഞു ഒഴുകുന്നു
രക്തബന്ധങ്ങളുടെ വിലയറിഞ്ഞു സഹനത്തിനു സാക്ഷിയായി 
ഈ വെയിലില്‍  നീ എന്നെ തനിച്ചാക്കിയോ...??
അസ്വസ്ഥമാകുന്നു വീണ്ടും ഈ ഹൃദയം
തനിച്ചാവുകയാണ് ഞാന്‍  ...എവിടെയാണ് നീ...??
ഇല്ല.. എനിക്കറിയാം ...ഇനിയാരും വരാനില്ല...

പുനര്‍ജ്ജനിയിലേക്കൊരു യാത്ര


























നിന്‍റെ  മൗനം നിമിഷങ്ങള്‍ ആയി ചിതറിയപ്പോള്‍,
പതറി പോയത്‌ എന്‍റെ നിശ്വാസങ്ങള്‍ ആണ് ...
നിദ്രയില്‍ അവ്യക്തം ആയി ഞാന്‍ വിതുമ്പിയതും
ഒരു പക്ഷേ നീ അറിഞ്ഞിട്ടു  ഉണ്ടാവില്ലാ ....

കടല്‍ കരയിലെ മണല്‍തരിയില്‍ വിരിയുന്ന
നക്ഷത്രങ്ങളുടെ മിന്നലില്‍ നീ ഇന്നലകളിലേക്ക് പോവുക ..
ഒരു പക്ഷേ നിനക്ക്‌ അവിടെ വെച്ചു 
എന്നെ തിരിച്ചറിയാന്‍ കഴിഞ്ഞേക്കാം ..

മായുന്ന സ്വപ്നങ്ങളുമായി പടിവാതില്‍ക്കല്‍ 
ദിവസങ്ങളോളം കാത്തുനിന്നു ഞാന്‍ നിന്നെ...
കൊഴിയുന്ന ഇലകളുടെ നിറച്ചാര്‍ത്തലില്‍ 
അറിയാതെ എങ്ങോഓടി മറഞ്ഞില്ലേ നീ... 

നട വഴിയില്‍ വീണ വാടിയ പൂവിതളില്‍ 
ഇടവമാസപെരുമഴയില്‍ കവിഞ്ഞൊഴുകും 
നിളയുടെ ഈണത്തില്‍ നിനക്കിനി 
എന്നെ തിരിച്ചറിയാന്‍ പിന്നിലേക്ക്‌ പോക്ണ്ടി വരില്ലേ 


തിരിഞ്ഞു നോക്കിയില്ല ഞാന്‍
പിന്‍വിളികള്‍ ഉണ്ടാവില്ല എന്നറിയാം
മനസ്സു  വല്ലാതെ പിടക്കുന്നുണ്ടായിരുന്നു
ഒരു പാട് സ്നേഹിച്ചതെന്തോ നഷ്ട്ടപെട്ട പോലെ

കുറച്ചു നേരം ഒറ്റയ്ക്കിരിക്കണമെന്നു തോന്നി
നഷ്ട്ടപെട്ടതൊന്നും നേടിയെടുക്കാന്‍ പറ്റില്ല
ഒരിക്കലും നഷ്ട്ടപെടുത്താന്‍ പാടില്ലാത്തതെല്ലാം
അപ്പഴേക്കും എന്നില്‍ നിന്നും നഷ്ട്ടം വന്നു കഴിഞ്ഞിരുന്നു

നിറയെ ചോദ്യങ്ങള്‍ ആയിരുന്നു മനസ്സില്‍
ചോദ്യങ്ങളുടെ കൂര്‍ത്ത മുനകള്‍ 
എന്നെ കുത്തി നോവിച്ചു കൊണ്ടിരുന്നു
ഒരിക്കലും ഉത്തരം കണ്ടെത്താന്‍ കഴിയില്ലെന്നറിയാം

എങ്കിലും എന്‍റെ മനസ്സ് ഒരു ഉത്തരത്തിനായിലഞ്ഞു
എന്താണ് എനിക്ക് സംഭവിച്ചത്?
അനന്തതയിലോട്ട് മറഞ്ഞു പോവുകയാണോമനസ്സ് 
മനസ്സിന്‍റെ യാത്ര എങ്ങോട്ടാണ് ?

ഓരോ ഉത്തരങ്ങളുടെയും അവസാനം
ഒരു പുതിയ ചോദ്യം ആണെന്ന് ഞാന്‍ മനസ്സിലാക്കി ...
പിന്നെയും തുടര്‍ന്നു ഞാന്‍ ആ യാത്ര
ജീവിതമെന്ന വ്യര്‍ഥമായ യാത്ര

കോമാളി വേഷങ്ങള്‍ മാത്രം 
അണിയാന്‍ വിധിക്കപ്പെട്ട യാത്ര
ഒടുവില്‍ ഒരു നാള്‍ ഈ യാത്രയും അവസാനിക്കും 
ഒരു പിന്‍വിളികളും ഇല്ലാതെ..


പുനര്‍ജനിയിലേക്കുള്ള യാത്രയുടെ സമയം
അതിക്രമിച്ചിരിക്കുന്നു ഇനി എനിക്ക് 
യാത്രയുടെ ആരംഭം , യാത്ര തുടങ്ങുന്നു ...
പുനര്‍ജനിയിലേക്കുള്ള യാത്ര... 

ആരെയും മറക്കുവാനും തേടുവാനും ഇല്ലാ...
എന്നെ കണ്ടെത്തണം... എന്നെ മാത്രം 
ഒടുവില്‍ ഞാന്‍ കണ്ടെത്തിയ സത്യങ്ങള്‍ 
ഒരു സ്വപ്നം പോലെ മറക്കണം ...


Saturday, March 23, 2013

നീലാംബരിയുടെ മനസ്സിലെ പ്രണയം






















എന്നോ ഒരിക്കല്‍ എന്നെ വിട്ടുപോയ 
ഓര്‍മ്മകളില്‍ മാത്രം ശേക്ഷിച്ചിരുന്ന എന്‍റെ സ്വപ്നങ്ങളേ 
ഇന്നലെകളില്‍ എനിക്കു കൈവന്ന സൗഭാഗ്യമേ... 
നിന്‍റെ പേരായിരുന്നു പ്രണയം... 
ഇന്നെന്‍റെ ഹൃദയം തകര്‍ത്ത നോമ്പരമേ,
നിന്‍റെ പേരും പ്രണയം എന്നായിരുന്നു... 
അന്നെന്‍റെ മനസ്സില്‍ സന്തോഷത്തിന്‍റെ തേന്‍ നിറച്ചതും
ഇന്നെന്‍റെ മനസ്സില്‍ ഉണങ്ങാത്ത മുറിവുകള്‍ സമ്മാനിച്ചതും
പ്രണയമേ നീ തന്നെ''...
അകന്നു പോയോരെന്‍  സ്വപ്നമായിരുന്നു...നീ 
നിന്നോടു മാത്രം പറയാന്‍  ബാക്കി വച്ച കുറെ വരികള്‍ 
എന്നും ഇവിടെ ഉണ്ടാകും.... 
എന്നെങ്കിലും നീ ആ പഴയ വഴിത്താരയില്‍  
തിരികെ വരുകയാണെങ്കില്‍ ഞാന്‍ പറയാം - 
നിറം നഷ്ട്ടപെട്ടുപോയ ആ വരികള്‍... 
മരിക്കാത്ത ഒരുപിടി ഓര്‍മ്മകളും, 
നിനക്കായ് നെയ്തു കൂട്ടിയ കുറെയേറെ കിനാക്കളും...  
ഇന്നും തളര്‍ന്നുതുടങ്ങിയ മനസ്സില്‍  അവശേഷിക്കുന്നുണ്ട്. 
പെയ്തു തീരാന്‍ കൊതിക്കുന്ന ഒരു കുഞ്ഞു മഴ
ഇന്നും ഇവിടെ പെയ്തു, ഒരിക്കല്‍ കൂടി നിന്‍റെ ഓര്‍മ്മകള്‍ 
കുത്തി കുറിച്ചപ്പോള്‍ ഓട്ടുവിളക്കിന്‍റെ ആളുന്ന കാഴ്ച്ചയില്‍ 
രാത്രിയെന്‍റെ  മുന്‍പിലെ താളില്‍ നിന്നെ വരച്ചിടുന്നു !
എകാകിയാണിന്നു  ഞാന്‍...!!  
നിലാവുതിക്കാതെ, കുളിര്‍ പരക്കാതെ 
നക്ഷത്രമൊന്നുപോലും വിരിയാതെ
മുറ്റത്തെചെടിയില്‍ പൂവൊന്നുപോലും പൂക്കാതെ ,
രാപ്പാടികള്‍  പാടാതെ , വാരിപ്പുണരുന്ന ഓര്‍മ്മച്ചൂടില്‍ 
ദഹിച്ചുതീരാതെ , നാളെയുടെ വെയില്‍ക്കണ്ണുകളിലെ
മിഴിനീരാവാന്‍, ഈ രാത്രിയുടെ പടികളും
കടക്കുകയാണ് തനിയേ ഞാന്‍  !...
ഇന്ന് .....
ഈ നിലാവിലൂടെ, അതിന്‍റെ കുളിരിലൂടെ...
ഈ പൂക്കളിലൂടെ, പൊഴിയുന്ന ഇലകളിലൂടെ ...
ഈ ഇരുളിലൂടെ, അതിന്‍റെ  നിശബ്ദതയിലൂടെ ...
ഈ ആകാശത്തിലൂടെ,  അതിലെ നക്ഷത്രങ്ങളിലൂടെ ...
ഒക്കെ.....നിന്നെ ഞാന്‍ പ്രണയിക്കുകയാണ്.
നിന്നിലൂടെ ....എന്നെ, അല്ലാ നിന്നെ പ്രണയിക്കുന്ന 
ന്‍റെ മനസിനെ ഞാന്‍ പ്രണയിക്കുകയാണ്.
അങ്ങനെ പ്രണയിച്ച് പ്രണയിച്ച് 
പ്രണയമെന്ന വാക്കിനോടും, ആ അനുഭൂതിയോടും,
ആ വിസ്മയത്തോടും....ഒക്കെ....ഞാനിന്നു പ്രണയത്തിലാണ്..... !!!













Friday, March 22, 2013

പളുങ്കുകൊട്ടാരത്തിലെ മാലാഖ





















ഒരു നാള്‍ മാലാഖ അവനോട്  മൌനമായ് ചോദിച്ചു ...
കണ്ണുകൊണ്ട് നാം തീര്‍ത്തൊരു  പ്രപഞ്ചം
മൗനം കൊണ്ടു വരണ്ടുണങ്ങി പോയനേരം 
ഒരു വാക്കു കൊണ്ടെങ്കിലും നീയതില്‍ 
നനവു പടര്‍ത്തിയെങ്കില്‍, ഒരു സ്പര്‍ശനം 
കൊണ്ടു ഞാനതില്‍ ആരാമം പണിഞ്ഞേനെ... 
എന്നിട്ടോ... ??

മാലഖ മൌനമായി പറഞ്ഞു ... 
എന്നിട്ടതിന്‍റെ കാണാക്കോണിലിരുന്നു 
ഞാന്‍ കവിതയെഴുതും.

മായാന്‍ പോകുന്ന മഴവില്ലിനോട്‌ 
മാനം മൌനമായി ചോദിക്കുംപോലെ 
തേങ്ങുന്ന മനസ്സുമായ് മാലാഖ‍ അവനോടു ചോദിച്ചു ...

നീ പാതിയില്‍ നിര്‍ത്തിയാക്കഥ 
വീണ്ടുമെനിക്ക് പറഞ്ഞു തരുമോ ???
'പളുങ്കുകൊട്ടാരത്തിലെ മാലാഖയുടെ കഥ..!!'

കഥയെഴുത്തു അറിയില്ലെന്നാലും  
എന്‍ വരികള്‍ക്കായി കാത്തിരിക്കും  മാലാഖയുടെ
മുന്‍പില്‍ ഞാന്‍ വലിയൊരു  കലാകാരന്‍.
അങ്ങോട്ടുമിങ്ങോട്ടും ഒരു പാടിഷ്ടപ്പെട്ടു ഞങ്ങള്‍.

ആ കണ്ണുകളില്‍ വിരിയും  കൌതുകം 
എന്നില്‍ അനുഭൂതിയുണര്‍ത്തി
വര്‍ഷങ്ങള്‍ക്കിപ്പുറം എന്‍ ഹൃദയത്തില്‍ പെയ്യും
പ്രണയത്തിന്‍ മഴയായ്...
ഞാനും, അറിയാതെ  മഴയെ പ്രണയിച്ചുതുടങ്ങി....

എന്‍  പകലുകളില്‍  നീയൊരു ഹരമായി...
എന്‍ രാവുകളില്‍ നീയൊരു വസന്തമായി….
ഓരോ രാവ്‌ പുലരുമ്പോഴും 
ഞാന്‍ കേള്‍ക്കുവാനായി ആശിച്ചു,
'ഇഷ്ടമാണ് നൂറു വട്ടം'

വെറുതേ മോഹിച്ചു ഞാന്‍
ചിലയിഷ്ടങ്ങള്‍  അങ്ങിനെയാണത്രെ
പറയാനാകാതെ മനസിന്‍റെ 
അഗാധതയില്‍ ഒരു നൊമ്പരമായി പിടയും.

മഴ തുള്ളികള്‍ ഇറ്റി  വീഴും ഇടവഴിയില്‍, 
തണുത്ത കാറ്റ് വീശിയ സന്ധ്യയില്‍ 
ഞാന്‍  ഇഷ്ട്ടം അവളോട്‌ തുറന്നു പറയവേ,
അവള്‍ ചോദിച്ചു......
"ഞാനൊന്നു കരയുകില്‍ പെയ്തിറങ്ങും  
മഴ തുള്ളികള്‍ക്കിടയില്‍ 
എന്‍ കണ്ണുനീര്‍ തുള്ളിയെ തിരിച്ചറിയുവാന്‍  മാത്രം
നിനക്കെന്നില്‍ സ്നേഹമുണ്ടോ"

ഉരിയിടാതെ  മഴയെ വകവയ്ക്കാതെ 
ഞാന്‍ നടന്നനേരം
പിന്നില്‍ അവളുടെ ചിരിയുടെ അലകളുയര്‍ന്നു 
അവള്‍ക്ക് അറിയില്ലല്ലോ , അറിയാതെ പോലുമവളുടെ 
കണ്ണുകള്‍ നിറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ലെന്ന്...


അവള്‍ ചിരിക്കട്ടെ!!!





Thursday, March 21, 2013

ഊര്‍മ്മിളയുടെ ദു:ഖം













ഇവള്‍  ഊര്‍മ്മിള ..

ജനക മഹാരാജാവിന്‍റെ പൊന്നോമന പുത്രി...ഇളയുടെ അനുജത്തി..
അയോധ്യയിലെ രാജകുമാരനായ ലക്ഷ്മണന്‍റെ ഭാര്യ....പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മഹാലക്ഷ്മിയുടെ അവതാരമായി തന്നെ തോന്നാം...
എല്ലാ സൌഭാഗ്യങ്ങളുടെയും നടുക്ക് വളര്‍ന്നവള്‍ , എന്നാല്‍ ന്‍റെ 
മനസ്സ് നിങ്ങള്‍ എപ്പോഴെങ്കിലും വായിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ? 
ആദികവി പോലും ഏടത്തിയുടെ കഥ പറയുന്നതിനിടെ എന്നെ മനപൂര്‍വം മറന്നു കളഞ്ഞു. കാട്ടിലേക്ക് പോവുന്ന ഏട്ടനെ പതിവ്രതാ ധര്‍മ്മത്തിന്‍റെ കഥ പറഞ്ഞു ഏടത്തിയും പിന്‍തുടര്‍ന്നു.ഏട്ടന്‍റെയും ഏടത്തിയുടേയും സംരക്ഷകനായി എന്‍റെ ഭര്‍ത്താവും യാത്രയായി..
രാമനില്ലാതെ ജീവിക്കേണ്ടി വന്നാല്‍ ജീവന്‍ തന്നെ വെടിയും എന്ന് പ്രഖ്യാപിച്ച ഏടത്തി........ നിങ്ങള്‍ എന്‍റെ കാര്യം മറന്നതെന്തേ.?..
ഒന്നു വാശി പിടിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ തന്നെ ഞാന്‍ വിധവയാവുമായിരുന്നോ.. ?? നീണ്ട പതിന്നാലു വര്‍ഷങ്ങള്‍...ഊണും ഉറക്കവുമില്ലാതെ....പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ..ഞാന്‍...
സത്യത്തില്‍ രാമായണത്തില്‍ എന്നെ പോലെ ദുഃഖം അനുഭവിച്ച ആരെങ്കിലും വേറെയുണ്ടോ? എന്നിട്ടും നിങ്ങളെല്ലാം എന്തെ എന്നെ മറന്നു...? അഗ്നി സാക്ഷിയായി പരിണയിച്ച പെണ്ണിനെ സംരക്ഷിക്കുക എന്നതല്ലേ ഒരു പുരുഷന്‍റെ ആദ്യ ധര്‍മം..എന്നിട്ടെന്നോട് യാത്ര പോലും ചോദിക്കാതെ പോയ എന്‍റെ ഭര്‍ത്താവിനെ എങ്ങനെ നിങ്ങള്‍ ന്യായീകരിക്കും...??, വരികളിലെഴുതാതെ വായിക്കപ്പെട്ട ഒരു സ്ത്രീ ഞാനല്ലാതെ മറ്റാരാണുള്ളത്.?? സീതയെ സര്‍വാഭരണ വിഭുഷിതയായി തന്നെ കാട്ടിലേക്കയക്കണം എന്ന് അഭിപ്രായപ്പെട്ട ഗുരു ജനങ്ങള്‍ ലക്ഷ്മണന്‍റെ പെണ്ണിന്‍റെ ദുഃഖം മാത്രം   കാണാഞ്ഞതെന്തേ...??
രാമന്‍ വനവാസത്തിനു പോവണം എന്ന അമ്മയുടെ വരത്തിനു ഞാന്‍ സകല സുഖങ്ങളും ത്യജിക്കണം എന്ന അര്‍ത്ഥമാണോ നിങ്ങള്‍ കണ്ടെത്തിയത്...?? കഷ്ടം തന്നെ.എങ്ങനെയൊക്കെയോ 14 വര്‍ഷങ്ങള്‍ തള്ളിനീക്കുമ്പൊഴും ശിഷ്ട്ട കാലം സന്തോഷമായി ജീവിക്കാം എന്നു ഞാന്‍ വെറുതെ വ്യാമോഹിച്ചു..ഏട്ടന്‍ രാജാവായി..കുറച്ചു കാലം എല്ലാം നല്ലതായി തന്നെ ഭവിച്ചു..ഏതോ ഒരലക്കുകാരന്‍റെ വാക്കുകള്‍ കേട്ടിട്ട് ഏടത്തിയെ ഏട്ടന്‍ ഉപേക്ഷിച്ചതോടെയാണ് വീണ്ടും എന്‍റെ കഷ്ടകാലം തുടങ്ങുന്നത്.പൂര്‍ണ ഗര്‍ഭിണിയായ സീതയെ കാട്ടില്‍ കൊണ്ട് കൊന്നുകളയാന്‍ ഏട്ടന്‍ ഏല്‍പ്പിച്ചതും....  എന്‍റെ ഭര്‍ത്താവിനെ ഒന്നാലോചിച്ചു നോക്കൂ... !! മാതാവിനെ പോലെ കണ്ട ഏടത്തിയെ കാടുകാണിക്കുവാന്‍ എന്ന കള്ളം പറഞ്ഞു കൊണ്ടുപോവേണ്ടി വന്ന എന്‍റെ ഭര്‍ത്താവിന്‍റെ അവസ്ഥ, വാത്മീകി ആശ്രമത്തിനു സമീപം സീതയെ ഉപേക്ഷിച്ചു തിരിച്ചു വന്ന ലക്ഷ്മണന്‍ പിന്നീട് മനസ്സമാധാനം അറിഞ്ഞിട്ടില്ല. കാഞ്ചന സീതയെ വെച്ച് യാഗം നടത്തുന്നതും ഞങ്ങള്‍ കണ്ടു നിന്നു. ഇതെല്ലാം കൊണ്ട് ആരെന്തു നേടി... ?? കോസല രാജാവ്‌ അശ്വമേധം നടത്തി. എന്നാല്‍ അന്തപുരത്തില്‍ വീണ കണ്ണ് നീര്‍ത്തുള്ളികള്‍ മാത്രം ആരും കാണാഞ്ഞതെന്തേ... ??  അവയില്‍ ഏറ്റവും കൂടുതല്‍ ഈ ഊര്‍മ്മിളയുടെതായിരിക്കണം .എന്നിട്ടും രാമായണത്തില്‍ ഒരു ശ്ലോകം പോലും ഇളയുടെ ഇളയവളായ ഊര്‍മ്മിളക്കായി മഹാകവി എഴുതിയിട്ടില്ല. . കാവ്യരസങ്ങളോടെ മഹാഗ്രന്ഥങ്ങളില്‍  നായികയോ ഉപനായികയോ ആവാതിരുന്നിട്ടും ഞാന്‍  മനുഷ്യ മനസുകളില്‍  കുടിയേറിയതെങ്ങനെയെന്ന് നിങ്ങളറിയുന്നുവോ...?? പ്രകൃതിയുടെ, വിധിയുടെ എഴുതപ്പെടാത്ത നിയമങ്ങളാണത്. സ്ത്രീ മനസ്സിലെ നിറയുന്ന നന്മയും ക്ഷമയും പ്രകൃതി കനിഞ്ഞു നല്‍കിയ മഹാധനങ്ങളാണ്, ആ ക്ഷമയും സഹനവും നന്മയും നിറഞ്ഞ മനസുമായി ആരോടും പരിഭവിക്കാതെ ആരെയും ദ്രോഹിക്കാതെ ജീവിക്കുന്നുവെങ്കില്‍  ആ ജീവിതത്തിന്‍റെ മനോഹരമായ സുഗന്ധം നാമോരുരുത്തരിലും അലിഞ്ഞു ചേരുക തന്നെ ചെയ്യും. അത്തരം മനോഹര ജീവിതങ്ങള്‍ മനസുകളില്‍  നിന്ന് മനസുകളിലേക്കും ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കും കൈമാറുകയും ചെയ്യും. നമ്മുക്കിടയിലും ഒരുപാടു ഊര്‍മ്മിളമാര്‍ ഇന്നും 

ആരും അറിയാതെ ജീവിക്കുന്നുണ്ട്....!!
എന്താ ശരിയല്ലേ ...??