Friday, September 27, 2013

ഋതുസംഹാരം.


“ഋതുസംഹാരം” മഹാകവി കാളിദാസന്‍റെതായി കരുതപ്പെടുന്ന ഒരു ലഘുകാവ്യമാണ്. ഋതുപരിവര്‍ത്തനവും അതിലൂടെ മനുഷ്യരുടേയും പ്രകൃതിയുടേയും നിരീക്ഷണവുമാണ് ഇതിന്‍റെ ഉള്ളടക്കം. 

ഭാരതീയ പശ്ചാത്തലത്തിലുള്ള ആറു കാലങ്ങളായ ഗ്രീഷ്മം, വര്‍ഷം, ശരത്ത്, ഹേമന്തം, ശിശിരം, വസന്തം എന്നിവകളെ കാമുകന്‍ കാമുകിക്ക് വര്‍ണ്ണിച്ചു  കൊടുക്കുന്നതാണ് ഇതിലെ ഇതിവൃത്തം.  ഒരോ ഋതുവിനും ഒന്ന് എന്ന കണക്കില്‍ ഗ്രീഷ്മവര്‍ണ്ണനം, വര്‍ഷവര്‍ണ്ണനം, ശരദ്വര്‍ണ്ണനം, ഹേമന്തവര്‍ണ്ണനം, ശിശിരവര്‍ണ്ണനം, വസന്തവര്‍ണ്ണനം എന്നിങ്ങനെ ആറു സര്‍ഗ്ഗളുണ്ട് ഈ കാവ്യത്തില്‍. ഋതുപരിവര്‍ത്തനം സ്ത്രീപുരുഷന്മാരുടെ ചേതോവികാരങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നും കാമുകീ കാമുകന്മാരുടെ സല്ലാപകേളികള്‍ക്ക് ഏതൊക്കെ മട്ടില്‍ അവസരമൊരുക്കുന്നുവെന്നും വിവരിക്കുന്ന ഈ കാവ്യം ശൃംഗാരരസ പ്രാധാനമാണ്. 

<< ഗ്രീഷ്മവര്‍ണ്ണനം >>

കാമിനിമാര്‍ രാവുകളില്‍ വെണ്മാടങ്ങളില്‍ 
എത്തി സുഖമായി  ഉറങ്ങുന്നു
അവരുടെ മുഖദര്‍ശനത്തില്‍ നാണം
പൊറുക്കാനാവാത്തതിനാല്‍ 
ചന്ദ്രന്‍റെ മുഖം വിളറി വിവര്‍ണ്ണമാകുന്നു.

<< വര്‍ഷവര്‍ണ്ണനം >>

മഴവില്ല്, മിന്നല്‍ക്കോടി, 
ഇവ ആഭരണങ്ങളായ മേഘങ്ങള്‍, 
മനോഹരമായ കുണ്ഡലം, അരഞ്ഞാണം
ഇവയോടുകൂടിയ സുന്ദരാംഗിമാരെപ്പോലെ 
വിരഹദുഃഖിതരുടെ ഹൃദയം ഹരിക്കുന്നു.

<< ശരദ്വര്‍ണ്ണനം >>

രാത്രി കുമാരിയെപ്പോലെ നാള്‍ക്കുനാള്‍ വളര്‍ന്നു. 
അവര്‍ നക്ഷത്രജാലമാകുന്ന സുവര്‍ണ്ണഭൂഷകള്‍ അണിഞ്ഞു. 
മഴമുകിലിന്‍റെ മൂടുപടം നീക്കി നറുതിങ്കള്‍ വദനത്തില്‍ 
പുഞ്ചിരി വിരിഞ്ഞു തൂവെണ്ണിലാവാകുന്ന പട്ടുചേലയുടുത്തു.

<< ഹേമന്തവര്‍ണ്ണനം >>

ഒരു യുവസുന്ദരി പ്രഭാതത്തില്‍ കരത്തില്‍ പിടിച്ച 
വാല്‍ക്കണ്ണാടിയില്‍ നോക്കി വദനത്തില്‍ ചായങ്ങള്‍ അണിയുന്നു
കാന്തന്‍ നുകര്‍ന്നപ്പോള്‍ പല്ലുപതിഞ്ഞു പോറല്‍ 
പറ്റിയ ചുവന്ന അധരങ്ങള്‍ വലിച്ചുനോക്കുന്നു.

<< ശിശിരവര്‍ണ്ണനം >>

താംബൂലം, കളഭലേപനങ്ങള്‍ ഇവയേന്തി 
പുഷ്പാസവത്താല്‍ മുഖം ഗന്ധഭരിതമാക്കി 
അകില്‍ധൂമപരിമളം നിറയുന്ന കിടപ്പറകളിലേയ്ക്ക് 
കാമിനിമാര്‍ സമുത്സുകരായി കടന്നുചെന്നുന്നു. 

<< വസന്തവര്‍ണ്ണനം >>

തേന്‍ മാവിന്‍റെ ആസവും മോന്തി 
മദം പിടിച്ച ഇണയില്‍ രാഗം വളര്‍ന്ന 
ആണ്‍ കുയിലുകള്‍ ചുംബനം നല്‍കുമ്പോള്‍, 
ചാടുവാക്യങ്ങള്‍ മുരണ്ട് താമരപ്പൂവില്‍ 
വണ്ട് ഇണയ്ക്ക് പ്രിയമരുളുന്നു.

3 comments:

 1. പുരാതനമായ അറിവുകള്‍

  ReplyDelete
 2. ഋതുഭേദകല്പനകൾ തൻ ചാരുത...


  ഇങ്ങനെയൊരു കൃതിയെക്കുറിച്ച് ഇപ്പൊഴാ കേൾക്കുന്നത്.പ്രകൃതിയും,മനുഷ്യരും അഭേദ്യമായി ബന്ധിക്കപ്പെട്ടിരുന്ന ഒരു കാലത്തിന്റെ കൈയ്യൊപ്പുണ്ടിതിൽ.ഇന്ന് മനുഷ്യനു പ്രകൃതിയോടുള്ള പ്രതിപത്തിയില്ലാതായിരിക്കുന്നു.

  നല്ല പരിചയപ്പെടുത്തലായിരുന്നു.

  ശുഭാശംസകൾ....

  ReplyDelete
 3. പുതിയ പഴയ അറിവുകൾ നന്ദി !
  ആശംസകൾ !

  ReplyDelete