Thursday, February 28, 2013

കര്‍പ്പൂരദീപം...അറിയാതെ നീയെന്‍റെ മാനസക്ഷേത്രത്തിലൊരു
തിരിവെട്ടം പകര്‍ന്നു തന്നു.
ദിവ്യാനുഭൂതികള്‍ എന്‍ ചിത്തമാകവേ
വര്‍ണ്ണവിരാജികള്‍ വരച്ചു ചേര്‍ത്തു .
നിന്‍ കരലാളന നിര്‍വൃതിക്കുളില്‍ ഞാനെ-
ന്നേ മറന്നെന്‍റെ പൊന്നിന്‍ കിനാക്കളേ
പ്രേമാര്‍ദ്ര സങ്കല്‍പ്പ സുന്ദര-
മാകുമൊരേകാന്ത രാവിന്‍റെ  രാഗ ലഹരിയായ്
താലോലിച്ചൊമനിച്ചുമ്മ വച്ചോ-.
രാമോദമെന്നില്‍ നിറഞ്ഞുനിന്നു.
താരണിച്ചന്ദ്രികച്ചാറൊളി പൂശുമാ
മഞ്ഞലക്കുള്ളിലെ സൗന്ദര്യവും,
മാസ്മരമാകുമാ പൊന്നുഷസ്സന്ധ്യതന്‍ 
ചാരുവര്‍ണ്ണാങ്കിത മാധുര്യവും,
മാമരച്ചാര്‍ത്തിന്‍റെ ഉള്ളില്‍ നിറഞ്ഞൊരാ
ഹേമന്ത വാസന്ത ചൈതന്യവും,
ചാരു മനോഹര സങ്കല്‍പ്പധാരയില്‍ 
നവ്യസുഗന്ധങ്ങളായണഞ്ഞു.
എന്നന്തരംഗത്തിന്നങ്കണമാകവേ 
പൊന്‍മയില്‍ പേടകള്‍  നൃത്തമാടി.
കാലത്തിന്നഞ്ജാതമാം യവനികക്കുള്ളിലെന്‍റെ 
പ്രേമസങ്കല്‍പ്പങ്ങള്‍ പൊലിഞ്ഞുപോയി.
മായുന്ന ജീവിതത്താരയില്‍  മോഹത്തിന്‍ 
സൗവ്വര്‍ണ്ണപ്പൂക്കള്‍ കൊഴിഞ്ഞു വീണു.
ഒന്നുരിയാടുവാന്‍  കാത്തു നില്‍ക്കാതെ നീ
എന്നില്‍ നിന്നെങ്ങൊ നടന്നകന്നു.
ഒന്നുമറിയാതെ ഒറ്റയ്ക്കു ഞാനിന്നീ കണ്ണീര്‍ 
കണങ്ങള്‍ക്കു സ്വന്തമായീ.
നിന്‍ പാദസ്വനമൊന്നു
കേള്‍ക്കുവനാശിച്ചെന്‍റെ 
അന്തരാത്മാവിന്നും കേഴുന്നു വിലോലമായ്
ഒരു നറു തുളസിക്കതിരായി നിന്നെന്നും നിനക്കാ-
യൊരു കര്‍പ്പൂരദീപമായെരിഞ്ഞുതീരാം..........

Wednesday, February 27, 2013

കടലിന്‍റെ ഇഷ്ട്ടങ്ങള്‍കരയെ കടലിനിഷ്ടമാണ് 
ഓരോ നിമിഷവുമവന്‍,
അവളെ പുണരാന്‍ വെമ്പല്‍ കൂട്ടുന്നു.
പക്ഷേ കര കടലിന്‍റെതല്ലാ...
അവളവനേക്കാള്‍ ഉയരങ്ങളിലാണ്
ആ ഉയരങ്ങള്‍ താണ്ടിയവളെ 
സ്വന്തമാക്കാനവനു കഴിയില്ല... 
അത് കൊണ്ടാണത്രെ,അവന്‍റെയാ-
ലിംഗനങ്ങളെ തിരമാലകളെന്നു  
വിളിച്ചു നിസ്സാരവക്കരിക്കപ്പെട്ടത്‌... !!
ആഴിപോലെ അഗാധവും... 
ആകാശം പോലെ അനന്തവുമായ 
കടലിന്‍റെ  സ്നേഹമാണ് തിരമാലകള്‍ 
സൂര്യന്‍റെ  താപവും... 
നിലാവിന്‍റെ  കുളിര്‍മ്മയും... 
പകല്‍ക്കിനാവിന്‍റെ  ആലസ്യവും... 
അനുരാഗിയുടെ നിരാശയുമുണ്ടായിരുന്നു   
സന്ധ്യയിലെ ശക്തിയില്ലാത്ത തിരമാലകള്‍ക്ക്

കരയില്‍ എഴുതുന്നതൊക്കെയും 
ഒളികണ്ണാല്‍ നോക്കി 
നാണത്തോടെ, പതനുരയാല്‍ 
ഒരു ചിപ്പി സമ്മാനമയി കരക്കുനല്‍കി  
ചുംബിച്ചു മാച്ചു കളയുന്നതു 
തിരമാലകളുടെ വിനോദവും.
   
അകന്നകന്നു പോകുമ്പോഴും, 
കടലിനെ കാന്തം പോലെ കരയിലേക്ക്,
വലിച്ചടുപ്പിക്കുന്നത് തിരമാലയുടെ 
മാത്രം മാന്ത്രികതയാണ്...,
അതത്രെ കടലിനു കരയോടുള്ള സ്നേഹം.
Tuesday, February 26, 2013

മഴയായി വിരിയുമെന്‍ പ്രണയം...
സ്നേഹം.. എനിക്കു സ്നേഹം... 
നനുത്ത മഴയോടു  സ്നേഹം.. 
മഴത്തുള്ളിയോടു സ്നേഹം.. 
മഴത്തുള്ളിയെന്നിലെ സ്വപ്നമായി, 
പിന്നെ ഒരു മഴക്കാലമായ് എന്നില്‍ പെയ്യതിറങ്ങി 
മഴയിലെക്കന്നു ഞാനിറങ്ങിച്ചെന്നു
മഴത്തുള്ളികളെനിക്കായി കൂട്ടുവന്നൂ…
മഴയോട് ഞാന്‍ ചൊല്ലി പ്രണയമെന്നു
മഴ ചൊല്ലി, നീ വെറും കൂട്ടുകാരിയെന്നു 
ഓടിന്‍ മുകളില്‍ വീഴുന്ന മഴയുടെ താളം കേട്ടില്ലേ...
നിളയിലലിയും മഴയുടെ താളം കേട്ടില്ലേ 
പിന്നെ... പിന്നെ ...  മഴ നിലയ്ക്കുമ്പോള്‍ 
തുള്ളി തുള്ളിയായി വീഴുന്ന താളമൊന്നുവേറെ
എന്തു രസമാണാശബ്ദം കേട്ടു കിടക്കാന്‍ ....
മഴയുടെ തംബുരു ശ്രുതിചേര്‍ത്തു  
ഞാനൊരു മാധവഗീതം പാടാം
അരികിലിരുന്നത് കാതോര്‍വാന്‍ 
കനക നിലാവേ വരുമോ നീയെന്‍ ചാരേ   
നിന്‍റെ കടമിഴിതാളം എനിക്കു കടംതരുമോ... 
എനിക്കു ഉറങ്ങുവാന്‍  നീ ഒരു താരാട്ടയിരുന്നു...
ഉണരുമ്പോള്‍  ഒരു കുളിര്‍ കാഴ്ചയും.
ഉറങ്ങാതിരിക്കുമ്പോള്‍ എന്‍ 
ഓര്‍മ്മകള്‍ തന്‍ പറുദീസയും നീയല്ലോ...!! 
മഴയുടെ താളത്തിനിരുതാളം
തുള്ളുവാന്‍ വെറുതേ... വെറുതേ 
ഞാനൊന്നു കൊതിക്കവേ...
ദൂരെനിന്നെത്തിയ കാറ്റിന്‍റെയീണം
തഴുകിത്തലോടിയെന്നോര്‍മ്മകളേ ...
മഴ സന്ധ്യകള്‍ എന്നുമെനിക്കൊരു വശ്യതയാണ്
ജാലകത്തിന്നുള്ളിലൂടെ എന്നിലേക്ക് ...
എന്‍റെ  ആത്മാവിലേക്ക്  .....
ഉടലാകെ കുളിര്‍ പെയ്യിക്കുന്ന...  
ഈ മഴത്തുള്ളികള്‍ എന്‍റെ സ്വന്തം 
മഴവെള്ളത്തിലൂടെ കടലാസ് വള്ളം 
ഒഴുക്കിവിടുന്നതിന്‍  രസംഒന്നു വേറെ തന്നെ ...
മനം നിറയ്ക്കുന്ന ബാല്യത്തിന്‍ ഉത്സവങ്ങള്‍ ...
അല്ലയോ മഴയേ നീ എനിക്കുന്നതന്ന ഓര്‍മ്മകള്‍ 
നിറഞ്ഞു നില്‍ക്കു ന്ന തണല്‍ മരങ്ങളുടെ നിഴലും,
മഴയുടെ നേര്‍ത്തതേങ്ങലും, 
ഇടിയും മിന്നലും ഒക്കെ..
മഴയും സ്നേഹവും എനിക്കോരുപോലെയാണ്...
പക്ഷേ....  
മഴയെന്‍ ദേഹം നനയിക്കും...
സ്നേഹമെന്‍ കണ്ണുകള്‍ നനയിക്കും ...
മഴയില്‍ നിറയുമെന്‍ പ്രണയം...
മഴയായി വിരിയുമെന്‍  പ്രണയം...
മിഴിനീര്‍ തുള്ളിയായിയെന്‍ പ്രണയം...
മഴയില്‍ അലിയുമെന്‍  പ്രണയം ...
ഈ മഴ എനിക്കു കാമുകന്‍...
ദുഃഖങ്ങളില്‍ എന്‍റെ കൂട്ടുകാരന്‍...
ഉറക്കങ്ങളില്‍ വിരുന്നെത്തി -
എന്നെ തഴുകി ഉണര്‍ത്തിയവന്‍...


Saturday, February 23, 2013

സ്വപ്നങ്ങളിലെ പ്രണയം.സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ ആ പ്രണയം 
ഒരു സ്നേഹമായി നമ്മില്‍ വിരിയാറുണ്ട്  
സ്നേഹം ഒരായുധമാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്..
ഏത് ലോലഹൃദയന്‍റെയും നിഷ്ഠൂരന്‍റെയും 
മനസ്സിനെ ഒരു പോലെ കീഴടക്കുന്ന ആയുധം
അനുഭവങ്ങള്‍ പലര്‍ക്കും മറിച്ചാണ്.
സ്നേഹം ഒരായുധം തന്നെയാണ്.
സ്വയം മുറിവേല്‍പ്പിക്കുന്ന ആയുധം
തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ 
മാത്രം ആരും ആരേയും സ്നേഹിക്കരുത്..
എന്നാലും സ്നേഹത്തിന്‍റെ  നോവുകളില്‍ 
കിടന്നുപിടയാനുമൊരു സുഖമുണ്ട്.
പ്രണയനഷ്ടം സുഖമുള്ള നോവാണ്.. 
ഈ ജന്മം കൊണ്ട് പകരം വെക്കാനാവാത്ത
നോവ്.............
സ്വപ്നങ്ങളെ പ്രണയിക്കുമ്പോള്‍ നാം മറ്റൊന്നും അറിയുന്നില്ല..
നമ്മള്‍ ചിത്രപതംഗങ്ങളേപ്പോലെ വാനില്‍ പറന്നു നടക്കും..
മേഘങ്ങള്‍ ഇടയ്ക്കിടയിലൂടെ വന്നു പ്രണയാഭ്യര്‍ഥന നടത്തും..
മറ്റു ചിലപ്പോള്‍ പേരറിയാ പക്ഷിക്കൂട്ടങ്ങള്‍ 
ഒന്നായി പറന്നുവന്നു പ്രണയസ്വപ്നങ്ങളെ 
കൊത്തിയെടുത്തുകൊണ്ട് മറയും..
പ്രണയത്തിന്‍റെ  ആദ്യാക്ഷരങ്ങള്‍ സ്നേഹത്തിന്‍ 
കണ്ണീര്‍ മഴ നനഞ്ഞ് മാഞ്ഞുപോവുകയാണെങ്കിലും......
പാളം തെറ്റിയോടുന്ന തീവണ്ടിയുടെ പ്രകമ്പനം പോലെ,
ഗതിമാറിയ ജീവിത വ്യഥകളിലൂടെ,
നീറുന്ന മനസ്സോടെ, നിശ്ശബ്ദമായ നൊമ്പരങ്ങളോടെ,
കഥയറിഞ്ഞിട്ടും അറിയാത്ത
ഭാവത്തില്‍  തുടരുന്ന അവിശ്വസനീയമായ
മാസ്മരികതയുടെ ഓര്‍മ്മകള്‍ മാത്രമാണ് 
സ്വപ്നങ്ങളിലെ  പ്രണയവും.....സ്നേഹവും    
അങ്ങിനെ ആരോരുമറിയാതെ 
ഒരിക്കല്‍  കൂടി....
ഓര്‍മ്മത്താളുകള്‍ക്കിടയിലെ ഒരു
മയില്‍പ്പീലിയായി മാറി സ്വപ്നങ്ങളിലെ പ്രണയം.


Friday, February 22, 2013

ആദ്യക്ഷരങ്ങള്‍
എനിക്ക് ഒന്നും എഴുതാന്‍ കഴിയുന്നില്ല ...
മനസ്സ് വല്ലാതെ ശൂന്യമാകുന്നു.. ..
അക്ഷരങ്ങള്‍  കൈകള്‍ക്കും, മനസ്സിനും വഴങ്ങാതെ
വഴി മാറി നടക്കുന്നു....
കാരണങ്ങള്‍ എന്തെന്നു  നിരത്താന്‍  അറിയില്ല...??
പക്ഷേ ...!!

എന്‍റെ അക്ഷരങ്ങള്‍ എന്നിലേക്ക് നടന്നു തുടങ്ങുമ്പോള്‍ 
ഞാന്‍  ആദ്യം പറയുക, ഞാന്‍ നിനക്കായി മാറ്റിവച്ച
എന്‍റെ ഹൃദയത്തെ കുറിച്ചായിരിക്കും... 
അദൃശ്യമായൊരു മാന്ത്രിക സ്പര്‍ശം പോല്‍-
നിന്‍ വാക്കുകള്‍...,
ഓരോ നിമിഷവും കവര്‍ന്നെടുത്ത
നിന്‍ വാചാലത...,
മാസ്മരമായൊരു പ്രണയലോകത്തെത്തിച്ച
നിന്‍ അക്ഷരങ്ങള്‍...,

ഒരു നീരാളിപ്പിടുത്തംപോല്‍ കവര്‍ന്നെടുത്ത
എന്‍ നിമിഷങ്ങള്‍...,
അറിയാതെ വീണു ഞാന്‍ ... 
നീ തീര്‍ത്തൊരാ സ്നേഹചൂഴിയില്‍
നിന്നില്‍നിന്നുമടരാനാകാത്തവിധം
ഇഴുകി ചേര്‍ന്നു പോയോരെന്‍ ആത്മാവിനെ
അതെന്‍ ലോകമല്ലെന്ന വെളിപാടില്‍
സ്വയമുണര്‍ന്നു പിടഞ്ഞു ഞാന്‍
എന്‍ നിസ്സഹായാവസ്ഥയില്‍ ഞാനവ
ചവിട്ടി മെതിച്ചു സ്വയം പഴിച്ചു... 
എങ്കിലുമെന്‍ സ്നേഹനീര്‍ക്കണങ്ങള്‍
വാടാണോ തളിര്‍ക്കാനോ അനുവദിച്ചില്ല
തളര്‍ന്നോരാ മനസ്സിനെ...
അതെന്‍ സ്നേഹ നീരുറവയെന്നും
ഒരിക്കലും വറ്റാത്തവയാണെന്നും
നീ അറിഞ്ഞുവെന്നു നിനച്ചു ഞാന്‍ വ്യഥാ
എന്തിനെന്നറിയില്ല ഇന്നെന്‍ കണ്ണുനീര്‍
നിക്കന്യമായിരുന്നെന്നാലും
അര്‍പ്പിക്കട്ടെ ഞാനെന്‍ അശ്രുബിന്ദുക്കള്‍
നിനക്കയി .... ഉര്‍മ്മിളഇരുള്‍മൂടിയെന്‍റെ വഴികളില്‍  എപ്പോഴോ 
നീയൊരു താരകപൊന്‍ വെളിച്ചമായി 
നിഴലുകള്‍ കളമെഴുതുന്നോരെന്‍ മുന്നില്‍  
മറ്റൊരു നിറ സന്ധ്യയായ് നീ വന്നു  
നോവിന്നിതളായി വിരിഞ്ഞു നീയെന്നില്‍
മിഴിനീര്‍ക്കണം പോല്‍ തുളുമ്പി നിന്നു.
തരളമാ ഓര്‍മ്മയില്‍ നീ വിടര്‍ന്നു
നിത്യ വിശുദ്ധമാം തുളസിക്കതിരു പോലെ.
രാവിന്‍ നിലാത്തിരി ചുംബന ചൂടില്‍
നിശാഗന്ധി പോലെ തുടുത്തു നിന്നു.
രാപ്പടി പാട്ടിന്‍  ഈണങ്ങള്‍ പോലെ
യാമങ്ങളില്‍ നീ നിറഞ്ഞു നിന്നു.
കുളിരിളം മഞ്ഞിന്‍റെ  സ്പര്‍ശനം പോലെ
എന്‍ സ്നേഹം നിന്നെ പൊതിഞ്ഞു നിന്നു
കൊട്ടിയടച്ച നിന്‍ പടിപ്പുര വാതലില്‍
എന്‍റെ  മണ്‍ വീണയുപേക്ഷിച്ചു പോണുഞാന്‍
പിന്‍വിളി വിളിക്കില്ലെന്നറിയാം എനിക്കെങ്കിലും
പിന്‍വിളി കാതോര്‍ത്തു മടങ്ങുന്നു ഞാന്‍
ഒടുവില്‍ എന്‍റെയി മഞ്ഞുമൂടിയ വഴിയിലെ 
ഏകാന്തതയില്‍ ഏകാകിയെപ്പോല്‍ നിന്നു ഞാന്‍..  

Tuesday, February 19, 2013

ഒരു സ്വപ്നം


മാനം നിറയെ നക്ഷത്രങ്ങള്‍ മിന്നിമയുമ്പൊഴും
ഭൂമി നിറയെ വസന്തം വിടരുമ്പോഴും 
ഏകാന്തയായ എന്നില്‍
സ്നേഹര്‍ദ്രമായി വന്നത് നീ  മാത്രം

കവിത പൂക്കുന്ന നിഗൂഡനിശബ്ദതയില്‍
നിന്നെയൊരു കുഞ്ഞിനെപ്പോലെ
ഞാന്‍ മടിയില്‍ക്കിടത്തുകയും
വിരലുകള്‍ നിന്‍റെ മുടിയിഴകളില്‍
വീണമീട്ടുകയും ചെയ്യുമ്പോള്‍ ,
നിലാവ് നമുക്കായ് പാടുകയും
പ്രപഞ്ചം നമുക്കായ്
നിശ്ചലമാവുകയും ചെയ്യും !
അവിടെയാണ്
നിനക്കായൊരു
പൂക്കാലം കാത്തുനില്‍ക്കുന്നത് !Saturday, February 16, 2013

ജന്മ സാക്ഷാതക്കാരം

അകലെ കാണുന്ന പ്രതീക്ഷയുടെ 
നാളം ലകഷ്യമാക്കി നടന്നു കൊണ്ടേ 
ഇരിക്കുന്നവരാണ് മനുഷ്യര്‍, 

ഓരോ പുലരിയും ആ യാത്രയുടെ ആരംഭവും,
ഓരോ രാത്രിയും ആ യാത്രയുടെ വിശ്രമവും ആണ്.
അന്തമില്ല , ജ്ഞാനമില്ല, യാത്രയില്‍ നമ്മള്‍ 
അറിയുന്നില്ല , അറിയിക്കുന്നതുമില്ല, 
പറയുന്നില്ല,  കേള്‍ക്കുന്നില്ല
കാണുന്നില്ല, കണ്ടാലും മിണ്ടില്ലാ-
മനുഷ്യ കോമരങ്ങള്‍ മാത്രം...

കാലമാംഗെതിയില്‍ പായാന്‍ ശ്രമിച്ചു
ഇപ്പോള്‍ തുഴയാന്‍ ആളില്ലാ , തോണിയില്ല ,
തുഴയാന്‍ വെള്ളവുമില്ല ....!!

തുഴയറിയാതെ , കരയറിയാതെ
ഇനി എങ്ങോട്ട് എന്ന ചിന്ത നമ്മില്‍ നിറഞ്ഞാല്‍
നമ്മളെയും കെട്ടിയിടും ഒരു നാള്‍ 
മരണമെന്ന ചങ്ങലകൊണ്ട്...

ജെനിച്ചതെന്തിനെന്നോ , മരിക്കുന്നതെപ്പോളെന്നോ
അറിയാതെ ജീവിക്കാന്‍ പാട് പെടുന്ന മനുഷ്യര്‍ 
എന്തിനീ  ലോകം വെട്ടിപിടിക്കാന്‍ ശ്രമിക്കുന്നു ??
ഈ ജന്മം ആറടി മണ്ണില്‍ തീര്‍ന്നു വെറും മണ്ണായി... 

മനുഷ്യാ നീ മരിക്കാനായി മാത്രം ജെനിച്ചവന്‍.
നിഴലു പോലെ മരണവും ഓരോ ജീവന്‍റെകൂടെയുണ്ട് 
മരണമാണ് ജന്മത്തിന്‍റെ അവസാന ലകഷ്യം  ........


Friday, February 15, 2013

കസ്തൂരി മണമുള്ള കാറ്റേ
എങ്ങു നിന്നോ വന്നു , 
എങ്ങോ പോകുന്ന ,
ആര്‍ക്കും സ്വന്തമല്ലാത്ത , അന്തമില്ലാത്ത ,
കസ്തൂരി മണമുള്ള കാറ്റേ.......... 
എന്‍റെ  മേല്‍ തട്ടിയയൊരു നേരം 
എനിക്കായെന്നു കരുതി ഞാന്‍ നിന്നെ ...!!

കസ്തൂരി മണമുള്ള കാറ്റേ 
നീയെന്‍  കാതിലോതി 
ആ കുന്നിന്‍ നെറുകയില്‍ ഉണ്ടുപോലും,
തേടിനടന്നു ഞാനാ കുന്നായകുന്നാകേ 
കണ്ടില്ല ഞാന്‍ നിന്നെ....

വെണ്ണ വാരി വിതറും മേഘങ്ങള്‍ 
മിഴിയിണയാല്‍ ചൊല്ലിയെന്നോട് 
നീയാ പുല്‍ത്തകിടിന്‍ ചാരത്തുണ്ടുപോലും,
തേടിനടന്നു  ഹരിതാഭമായ മേടുകള്‍ തോറും... 
കണ്ടില്ല ഞാന്‍ നിന്നെ....

നിറമേഴും വാരിവിതറിയ മഴവില്ല് 
വര്‍ണ്ണവിസ്മയത്താലെന്നോട് മൊഴിഞ്ഞു
ആകാശച്ചരുവിലെ ചായങ്ങളില്‍ 
നീ ഒളിചിരിപ്പുണ്ടെത്രെ  
തേടിനടന്നു ഞാനാ വിണ്ണിന്‍ചാരുതയില്‍   
കണ്ടില്ല ഞാന്‍ നിന്നെ.....

നിളതന്‍ ഓളങ്ങളേത്തഴുകി,  ചുംബിച്ചു നീയാ 
കരകാണാ സാഗരത്തില്‍ അലിഞ്ഞുവന്നു...
തേടിനടന്നു ഞാനാസാഗരത്തിരമാലകളില്‍ 
കണ്ടില്ല ഞാന്‍ നിന്നെ.....

കസ്തൂരി മണമുള്ള കാറ്റേ........
കേട്ടു ഞാന്‍ നിന്‍ സ്വരം , 
നേര്‍ത്തൊരാ പുഞ്ചിരി ,
തളിര്‍ത്തോരാ കുളിര്‍ , മൃദു സ്പര്‍ശം ,
എന്‍ ഹൃദയത്തിന്‍ താഴ് വരയില്‍.
നീയെന്‍ സ്വന്തമെന്നാരോ 
ചൊല്ലിയെന്‍ ഹൃദയത്തില്‍ ...!!!Wednesday, February 13, 2013

ദിവ്യ സ്നേഹത്തിനു സമര്‍പ്പണം....


നീരുറവയുടെ പരിശുദ്ധിയും
നിര്‍മ്മാല്യത്തിന്‍റെ  പവിത്രതയും
നിറപറയുടെ ഐശ്വര്യവും
നിലവിളക്കിന്‍റെ  സ്വര്‍ണ്ണശോഭയും
നിജസ്ഥിതിയുടെ സത്യസന്തതയും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

നിയന്താവിന്‍റെ  നീതിബോധവും
നിശ്വാസത്തിന്‍റെ  സമത്വഭാവവും
നിയോഗത്തിന്‍റെ അജഞ്ചലതയും
വര്‍ണ്ണങ്ങളുടെ വൈവിധ്യ ചാരുതയും
നെല്‍ക്കതിരിന്‍റെ നാണവും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

തേനിന്‍റെ  മധുരവും
തേനീച്ചയുടെ അര്‍പ്പണബോധവും 
തെന്നലിന്‍റെ  ദിശാബോധവും
ഭുവമ്മയുടെ ക്ഷമാശീലവും
ആകാശത്തിന്‍റെ  കരുതലും 
എല്ലാം ഉണ്ടായിരുന്നു അവള്‍ക്ക് ...!! 

സന്ധ്യകള്‍ വിരിയുന്നതും 
പൂക്കള്‍ വിടരുന്നതും 
നറുമണം തൂകിയതും 
കിളികള്‍ പട്ടു മൂളിയതും 
എല്ലാം അവള്‍ക്കു വേണ്ടിയായിരുന്നു ...!!

കാശിക്കു പോകാതെ കാഷായം ധരിക്കാതെ
കണ്ണനെ കാണാതെ സന്യസിച്ചവള്‍ 
അതാവാം  ""നിലാവ്"" എന്നു 
പോക്കുവെയില്‍ അവള്‍ക്കു പേരു വിളിച്ചത് 

അതു തന്നെയാവാം 
അവള്‍ പോക്കുവെയിലിനെ പ്രണയിച്ചതും ...
നിലാവ് പോക്കുവെയിലിനെ കാത്തിരുന്നു...
കണ്ടില്ലെങ്കില്‍ തിരഞ്ഞു നടന്നവള്‍ 
പരിഭവിച്ചു പിണങ്ങിയവള്‍...

ഇന്ദ്രിയങ്ങള്‍ക്കപ്പുറത്തു നിന്നും 
നേര്‍ത്തവിരലുകളാല്‍
ആത്മാവിനെ തൊട്ടുണര്‍ത്താന്‍ 
ഒരു സ്വപ്നം പോലെ വന്നവള്‍
അതായിരുന്നു പൊക്കുവെയിനു 
 ""നിലാവ്...""...
(പ്രിയ കൂട്ടുകാരേ,


ഇതിലേ പോക്കുവേയിലും ..നിലാവും .. ജീവിച്ചിരിക്കുന്ന കഥാപത്രങ്ങളാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത രണ്ടു പേര്‍, 
അവര്‍ അക്ഷരങ്ങളിലൂടെ പരിചയപ്പെട്ടവര്‍, പേരുകള്‍ ചോദിച്ചു, 
ഒരാള്‍ പോക്കുവെയില്‍ എന്നു പറഞ്ഞു , അപ്പോള്‍ ആവള്‍ നിലവെന്നും പറഞ്ഞു. പോക്കുവെയിലും, നിലവും അങ്ങനെ കൂട്ടുകാരായി.. കാണാത്ത നിലാവിനെ പോക്കുവെയില്‍ അക്ഷരങ്ങളിലൂടെ വര്‍ണ്ണിച്ചു.. 
ആ വര്‍ണ്ണന നിലാവിനെ കണ്ടു വര്‍ണ്ണിക്കും പോലെയായിരുന്നു..
ഇന്നും ഇവര്‍ നല്ല കൂട്ടുകാരാണ്. കളങ്കമില്ലാത്ത സൌഹ്രദത്തിനു, അല്ലാ ആര്‍ക്കും കഴിയാത്ത മൂക പ്രണയത്തിനു സാക്ഷികളാണവര്‍...   
ലോകമോട്ടുക്കും  നാളെ പ്രണയിക്കുന്നവര്‍  പ്രണയദിനം കൊണ്ടാടുമ്പോള്‍, ഒന്ന് ഓര്‍ക്കുക ""പ്രണയം"" എന്ന വാക്കിന്‍റെ നേരും, അര്‍ഥവും പവിത്രതയും എല്ലാം...നേര്‍കാഴ്ചകള്‍ക്കും അപ്പുറത്താണ്...
തികച്ചും ദിവ്യമായ സ്നേഹം.. ഇവര്‍ രണ്ടാളും എന്‍റെ സുഹൃത്തുക്കള്‍ ആണ്.)    

Tuesday, February 12, 2013

സിന്ദൂരസന്ധ്യ നിലാവിലലിഞ്ഞു

വെളിച്ചത്തെ മൊത്തമായി
വല വീശിയെടുക്കുകയാണ്
ആകാശച്ചരുവിങ്കലെ മുക്കുവന്‍
അവന്‍ കുടഞ്ഞെറിഞ്ഞ ഇരുളില്‍
അതിലെ ശൂന്യതയില്‍
ഞാനൊത്തിരി താഴേക്ക്‌ പോയി....

പകലിന്‍റെ ഇതളുകള്‍ പാറിവീണാകാം 
സന്ധ്യയുടെ കവിളുകള്‍ തുടുത്തത്...
അല്ലെങ്കില്‍,
ഇനി വരാനുള്ള നിലാവിന്‍റെ 
കുളിരോര്‍ത്ത് കോരിത്തരിച്ചിട്ടാകാം...

ഒടുവില്‍ രാവിന്‍റെ ഇലച്ചാര്‍ത്തിനുള്ളില്‍
കൂടണയുമ്പോള്‍ ഹൃദയകവാടങ്ങള്‍ 
തുറന്നിട്ട യോഗിയെപ്പോലെ എത്ര ശാന്തമീ ""വാനം""
മരക്കൂട്ടങ്ങള്‍ക്കിടയിലൂടെ
വലനെയ്തുവരുന്ന രാവ്...!!
ഉള്ളിലെ അനുഭൂതികളില്‍ തഴുകി
നിലാവ് നിറയുമ്പോള്‍
ഇരുളില്‍ മറഞ്ഞ വിഷാദത്തെ
മറക്കമോ...?? 
അതോ മനസ്സോ മറന്നതു...??

ആഴിതന്‍ മാറില്‍
മുഖം ചേര്‍ത്തു സൂര്യന്‍ ,
ഒളികണ്ണാല്‍ നോക്കിച്ചിരിക്കുന്ന തീരം
നിലാവിനെ ഉള്ളിലേക്കാവാഹിച്ച്
പടിയിറങ്ങുന്ന രാവിന്‍റഅവസാനത്തെ തുള്ളി
മിഴിയിണക്കുള്ളില്‍ മയങ്ങിക്കിടക്കുന്നു 

നിദ്രയുടെലോകത്ത് ഒറ്റപ്പെട്ടുപോയ
മിഴിയിണകളെ തനിച്ചാക്കി ,
ഓര്‍മ്മകളുടെ ലോകത്ത്
പകര്‍ന്നാട്ടം നടത്തുന്ന മനസ്സേ  ...!!
നിന്നോര്‍മ്മതന്‍ വെളിച്ചത്തില്‍
ഞാനാഞ്ഞു തുഴയട്ടെ , 
ഇരുളാണ് ചുറ്റും , കരയങ്ങു ദൂരെ ....

Monday, February 11, 2013

മയില്‍പ്പീലി"ആകാശം കാണാതെ പുസ്തകത്താളില്‍  
ഒളിപ്പിച്ചാല്‍ പീലി പ്രസവിക്കും"
എന്നു  പറഞ്ഞ് കുഞ്ഞുനാളില്‍ 
ആ മയില്‍പ്പീലി തന്നത് അവനായിരുന്നു..
നല്ല ചന്തമായിരുന്നു.....
അവന്‍റെ കണ്ണുകള്‍ പോലെ
കുഞ്ഞു മുഖം പോലെ മൃദുലവും...
ആകാശം കാണാതെ
പീലിയറിയാതെ
എന്നും എന്‍റെ കണ്ണുകള്‍ പുസ്തകതാളില്‍  ..
അക്ഷരങ്ങള്‍ ചിതറിയ താളുകളില്‍ 
പീലിക്കൊപ്പം ഒരു മക്കളെയും കണ്ടില്ല...
പിന്നീടെപ്പോഴോ...!!
പീലി തന്നവന്‍ പറഞ്ഞു
"നീ എണ്ണിക്കോ ഞാന്‍ ഒളിക്കാം "
ഞാന്‍ അക്കങ്ങളില്‍ ഒളിച്ചു
അവന്‍ മേഘങ്ങള്‍ക്കിടയിലും
അക്കങ്ങളെല്ലാം എണ്ണി തീര്‍ന്നു  
അവന്‍ വന്നില്ല .
പക്ഷേ.... 
താഴെ വീണുടഞ്ഞ വളപൊട്ടുകളില്‍ 
വിരഹം തീര്‍ത്തോരു
വിളറിയ ചിത്രം ഞാന്‍ കണ്ടു
ഇന്നും എന്‍റെ കണ്ണുകള്‍ 
പുസ്തകതാളിലേക്ക് ........
പീലി ഇനിയും പ്രസവിച്ചില്ല
പീലി തന്നവന്‍ മേഘങ്ങളിലിരുന്നു ചിരിക്കുന്നു
"പീലി പ്രസവിക്കില്ലെടാ മണ്ടൂസേ "
എന്നു ചൊല്ലിയവള്‍  മിഴികള്‍ തുടയ്ക്കുന്നു
കരിമഷിയണിഞ്ഞ മിഴികള്‍ വിതുമ്പുന്നു
ആ ഒഴുക്കിനെ തടയാന്‍ 
ഒരു കടലിനും കഴിഞ്ഞില്ല... 

Saturday, February 9, 2013

അവള്‍ മാത്രംരാത്രിയുടെ ഭാരങ്ങളില്‍ എല്ലാ ജീവികളും
മയക്കത്തിന്‍റെ പ്രേതത്തെ തേടുമ്പോള്‍ 
അവള്‍ മാത്രം ..അവള്‍ മാത്രം 
മേഘങ്ങളിലിരുന്ന് ഭൂമിയിലേക്കിറങ്ങാന്‍ 
മഴനൂലുകള്‍  നെയ്യുകയായിരുന്നു ...........
ഇന്നലെ സന്ധ്യക്ക് പെയ്ത മഴയില്‍ 
എന്‍റെ നെഞ്ചില്‍ വീണു പൊള്ളിയത്
അവളുടെ കണ്ണുനീര്‍ ആയിരുന്നോ...??
ആ മഴയ്ക്ക്  അവള്‍ അണിയാന്‍ ബാക്കിവെച്ച
കരിവളകളുടെ നിറമായിരുന്നോ...??
ആ മഴ സംഗീതത്തിനു താളമിട്ടത് നഷ്ടമായ
അവളുടെ കുഞ്ഞു മോഹങ്ങളായിരുന്നോ...??
മണ്ണിലെ നഷ്ടതീര്‍ത്ഥങ്ങളിലേക്ക് 
അമ്മയുടെ മാറിടത്തിലേയ്ക്ക്
ആമഴ ആര്‍ത്തലച്ചു പെയ്യുകയാണ്....
എന്തിനെന്നറിയാതെ. Thursday, February 7, 2013

നോവറിയും ബന്ധങ്ങള്‍
കാലത്തിന്‍റെ കാറ്ററിയാതെ 
വര്‍ഷപ്രളയങ്ങളറിയാതെ 
പാറപിളര്‍ന്നു പൊള്ളുന്ന 
വേനല്‍ച്ചുളയിലെരിഞ്ഞമരുന്നു  
ഇന്നു ബന്ധങ്ങള്‍...!! 

സ്വന്തം വേദനകളെ പുണര്‍ന്നു 
കരയുവാന്‍ കഴിയാതെ 
എരിഞ്ഞു തിരുന്നവര്‍ എത്രയെന്നോ...??
ലോകമേ നിന്‍റെ നന്മയുടെവിത്തുകള്‍ 
എവിടെയാണ് മറഞ്ഞിരിക്കുന്നത്...??
നഗരപ്പുഴുപ്പിന്‍റെ ഗന്ധങ്ങളില്‍ 
വിളര്‍ത്ത പകല്‍ച്ചിലമ്പലുകളില്‍ 
രാപകലുകള്‍ പോലും തിരിച്ചറിയാന്‍ കഴിയാതെ 
അച്ഛന്‍ മകളില്‍,
സഹോദരന്‍ സഹോദരിയില്‍,
ഗുരു ശിഷ്യയില്‍,
മകന്‍ അമ്മയില്‍,
കാമത്തിന്‍റെ വേരുകള്‍ചുറ്റി പടര്‍ന്നു കയറുന്നു...
അസ്ഥിരമായ അസ്തിത്വമില്ലാത്ത 
എത്രെയോ ബന്ധങ്ങള്‍ .....
ഒരു പുഞ്ചിരിക്കും ആശ്വാസവാക്കിനുംപകരമായി 
ഇല്ലാതാകുന്നയെത്രെയോ ജന്മങ്ങള്‍ ? 
ആരാലും നിര്‍വചിക്കപ്പെടാതെ,
കണ്ണീര്‍ നനവുള്ളപുഞ്ചിരിയൊരുക്കി 
കഥകള്‍ക്കുമപ്പുറത്താവുന്നു ബന്ധങ്ങള്‍ 
നിലാവിന്‍റെ പൂങ്കവിള്‍ ചുംബിച്ച് ,
സ്വപ്നങ്ങളുടെ കലപിലകളിലലിഞ്ഞു 
തീരേണ്ട ബന്ധങ്ങള്‍ ....!!
ഇന്നിപ്പോള്‍ ....??
ദിക്കുകള്‍ മറന്ന്,വഴികള്‍ മറന്ന്,സ്വയം മറന്ന്,
തരിച്ച സ്മൃതിച്ചുവരുകള്‍ 
ആകാശങ്ങളെ ചൂഴ്ന്നു ചുഴലിയായ്,
പ്രളയമായ്, അതില്‍ ലയിച്ച് 
എന്തോ ആയിത്തിരുന്നു...  
വിറക്കുകയാണ് തൂലിക 
അക്ഷരങ്ങളായി തീരുന്നതോ 
ഉള്ളില്‍നിന്നൂര്‍ന്നു വരുന്ന രോക്ഷത്തിന്‍ പ്രാണരക്തം