Thursday, January 10, 2013

യമുനയുടെ മഴമേഘക്കനവുകള്‍




















പാദങ്ങള്‍ പതിയെ അമര്‍ത്തി ഇതളടര്‍ന്നു 
വീണ ദളങ്ങക്കു  മുകളിലൂടെ നടന്ന്‌
മഴയില്‍ കുളിച്ചു തണുത്തു ചൂളി 
നില്‍ക്കുന്ന ഭൂമിയെ നോക്കി 
കണ്ണിറുക്കി ചിരിക്കണം  എനിക്ക് ...

കാര്‍കൂന്തല്‍ കൊണ്ട് ഭൂമിയെ 
പുതപ്പിക്കുന്ന കാര്‍മേഘത്തിന്നടുക്കല്‍  ‍നിന്നും 
ഇടവപ്പാതിക്കു മുന്നേ മാനത്തെ തമ്പുരാന്‍ കാച്ചിയ
ശകലം കാച്ചെണ്ണ കടം വാങ്ങണമെനിക്ക്...

അറിയാത്ത മരത്തിന്‍റെ കാണാത്ത 
കൊമ്പില്‍ നിന്നുയരുന്ന കുയില്‍ പാട്ടിന്‍
ശ്രുതിയില്‍ ലയിച്ചു പാടി
കാറ്റിന്‍റെ  താളത്തിനോത്തു നടനമാടി ,
ഇലകളെ നാണിപ്പിക്കണമെനിക്ക് ...

നടുമുറ്റത്തേ  പെയ്യ്ത്തു  വെള്ളത്തില്‍ 
ചിത്രപ്പണികള്‍ തീര്‍ക്കുന്ന മഴയുടെ 
കരങ്ങള്‍ക്കൊപ്പം മിഴിയിണകളെ പായിച്ച് 
ആ വേല പഠിച്ചെടുക്കണമെനിക്ക് ...

പുല്‍നാമ്പുകളോടു കിന്നാരം പറഞ്ഞു  
കൂട്ടിരുന്ന മഴത്തുള്ളികളെ ചുംമ്പിച്ചുണര്‍ത്തുന്ന 
സൂര്യന്‍റെപ്രണയത്തിന്‍റെ  മായാജാലം 
കണ്ടുപിടിക്കണമെനിക്ക് ...

ആര്‍ക്കന്‍റചുംബനമേറ്റ് തിളങ്ങി നില്‍ക്കുന്ന 
മഴതുള്ളികളില്‍ ഒന്നിനെയെങ്കിലും 
ഉള്ളംകയ്യിലെടുത്തു പ്രിയനു  
സമ്മാനമായി നല്‍കണമെനിക്ക് ...


കോരിച്ചൊരിയുന്ന രാത്രിമഴയുടെ 
ശബ്ദവിന്യാസങ്ങളില്‍ ലയിച്ചു ,
ഒരിക്കലും തീരാത്ത കിന്നാരങ്ങള്‍ പറഞ്ഞ് 
പ്രിയന്‍റെ  തോരാത്ത പ്രണയത്തിന്‍റെ  ചൂടില്‍ 
മനം നിറഞ്ഞുറങ്ങണമെനിക്ക് ...