Thursday, March 21, 2013

ഊര്‍മ്മിളയുടെ ദു:ഖം

ഇവള്‍  ഊര്‍മ്മിള ..

ജനക മഹാരാജാവിന്‍റെ പൊന്നോമന പുത്രി...ഇളയുടെ അനുജത്തി..
അയോധ്യയിലെ രാജകുമാരനായ ലക്ഷ്മണന്‍റെ ഭാര്യ....പുറമേ നിന്ന് നോക്കുന്നവര്‍ക്ക് മഹാലക്ഷ്മിയുടെ അവതാരമായി തന്നെ തോന്നാം...
എല്ലാ സൌഭാഗ്യങ്ങളുടെയും നടുക്ക് വളര്‍ന്നവള്‍ , എന്നാല്‍ ന്‍റെ 
മനസ്സ് നിങ്ങള്‍ എപ്പോഴെങ്കിലും വായിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടോ? 
ആദികവി പോലും ഏടത്തിയുടെ കഥ പറയുന്നതിനിടെ എന്നെ മനപൂര്‍വം മറന്നു കളഞ്ഞു. കാട്ടിലേക്ക് പോവുന്ന ഏട്ടനെ പതിവ്രതാ ധര്‍മ്മത്തിന്‍റെ കഥ പറഞ്ഞു ഏടത്തിയും പിന്‍തുടര്‍ന്നു.ഏട്ടന്‍റെയും ഏടത്തിയുടേയും സംരക്ഷകനായി എന്‍റെ ഭര്‍ത്താവും യാത്രയായി..
രാമനില്ലാതെ ജീവിക്കേണ്ടി വന്നാല്‍ ജീവന്‍ തന്നെ വെടിയും എന്ന് പ്രഖ്യാപിച്ച ഏടത്തി........ നിങ്ങള്‍ എന്‍റെ കാര്യം മറന്നതെന്തേ.?..
ഒന്നു വാശി പിടിച്ചിരുന്നെങ്കില്‍ ഭര്‍ത്താവ് ജീവിച്ചിരിക്കെ തന്നെ ഞാന്‍ വിധവയാവുമായിരുന്നോ.. ?? നീണ്ട പതിന്നാലു വര്‍ഷങ്ങള്‍...ഊണും ഉറക്കവുമില്ലാതെ....പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ..ഞാന്‍...
സത്യത്തില്‍ രാമായണത്തില്‍ എന്നെ പോലെ ദുഃഖം അനുഭവിച്ച ആരെങ്കിലും വേറെയുണ്ടോ? എന്നിട്ടും നിങ്ങളെല്ലാം എന്തെ എന്നെ മറന്നു...? അഗ്നി സാക്ഷിയായി പരിണയിച്ച പെണ്ണിനെ സംരക്ഷിക്കുക എന്നതല്ലേ ഒരു പുരുഷന്‍റെ ആദ്യ ധര്‍മം..എന്നിട്ടെന്നോട് യാത്ര പോലും ചോദിക്കാതെ പോയ എന്‍റെ ഭര്‍ത്താവിനെ എങ്ങനെ നിങ്ങള്‍ ന്യായീകരിക്കും...??, വരികളിലെഴുതാതെ വായിക്കപ്പെട്ട ഒരു സ്ത്രീ ഞാനല്ലാതെ മറ്റാരാണുള്ളത്.?? സീതയെ സര്‍വാഭരണ വിഭുഷിതയായി തന്നെ കാട്ടിലേക്കയക്കണം എന്ന് അഭിപ്രായപ്പെട്ട ഗുരു ജനങ്ങള്‍ ലക്ഷ്മണന്‍റെ പെണ്ണിന്‍റെ ദുഃഖം മാത്രം   കാണാഞ്ഞതെന്തേ...??
രാമന്‍ വനവാസത്തിനു പോവണം എന്ന അമ്മയുടെ വരത്തിനു ഞാന്‍ സകല സുഖങ്ങളും ത്യജിക്കണം എന്ന അര്‍ത്ഥമാണോ നിങ്ങള്‍ കണ്ടെത്തിയത്...?? കഷ്ടം തന്നെ.എങ്ങനെയൊക്കെയോ 14 വര്‍ഷങ്ങള്‍ തള്ളിനീക്കുമ്പൊഴും ശിഷ്ട്ട കാലം സന്തോഷമായി ജീവിക്കാം എന്നു ഞാന്‍ വെറുതെ വ്യാമോഹിച്ചു..ഏട്ടന്‍ രാജാവായി..കുറച്ചു കാലം എല്ലാം നല്ലതായി തന്നെ ഭവിച്ചു..ഏതോ ഒരലക്കുകാരന്‍റെ വാക്കുകള്‍ കേട്ടിട്ട് ഏടത്തിയെ ഏട്ടന്‍ ഉപേക്ഷിച്ചതോടെയാണ് വീണ്ടും എന്‍റെ കഷ്ടകാലം തുടങ്ങുന്നത്.പൂര്‍ണ ഗര്‍ഭിണിയായ സീതയെ കാട്ടില്‍ കൊണ്ട് കൊന്നുകളയാന്‍ ഏട്ടന്‍ ഏല്‍പ്പിച്ചതും....  എന്‍റെ ഭര്‍ത്താവിനെ ഒന്നാലോചിച്ചു നോക്കൂ... !! മാതാവിനെ പോലെ കണ്ട ഏടത്തിയെ കാടുകാണിക്കുവാന്‍ എന്ന കള്ളം പറഞ്ഞു കൊണ്ടുപോവേണ്ടി വന്ന എന്‍റെ ഭര്‍ത്താവിന്‍റെ അവസ്ഥ, വാത്മീകി ആശ്രമത്തിനു സമീപം സീതയെ ഉപേക്ഷിച്ചു തിരിച്ചു വന്ന ലക്ഷ്മണന്‍ പിന്നീട് മനസ്സമാധാനം അറിഞ്ഞിട്ടില്ല. കാഞ്ചന സീതയെ വെച്ച് യാഗം നടത്തുന്നതും ഞങ്ങള്‍ കണ്ടു നിന്നു. ഇതെല്ലാം കൊണ്ട് ആരെന്തു നേടി... ?? കോസല രാജാവ്‌ അശ്വമേധം നടത്തി. എന്നാല്‍ അന്തപുരത്തില്‍ വീണ കണ്ണ് നീര്‍ത്തുള്ളികള്‍ മാത്രം ആരും കാണാഞ്ഞതെന്തേ... ??  അവയില്‍ ഏറ്റവും കൂടുതല്‍ ഈ ഊര്‍മ്മിളയുടെതായിരിക്കണം .എന്നിട്ടും രാമായണത്തില്‍ ഒരു ശ്ലോകം പോലും ഇളയുടെ ഇളയവളായ ഊര്‍മ്മിളക്കായി മഹാകവി എഴുതിയിട്ടില്ല. . കാവ്യരസങ്ങളോടെ മഹാഗ്രന്ഥങ്ങളില്‍  നായികയോ ഉപനായികയോ ആവാതിരുന്നിട്ടും ഞാന്‍  മനുഷ്യ മനസുകളില്‍  കുടിയേറിയതെങ്ങനെയെന്ന് നിങ്ങളറിയുന്നുവോ...?? പ്രകൃതിയുടെ, വിധിയുടെ എഴുതപ്പെടാത്ത നിയമങ്ങളാണത്. സ്ത്രീ മനസ്സിലെ നിറയുന്ന നന്മയും ക്ഷമയും പ്രകൃതി കനിഞ്ഞു നല്‍കിയ മഹാധനങ്ങളാണ്, ആ ക്ഷമയും സഹനവും നന്മയും നിറഞ്ഞ മനസുമായി ആരോടും പരിഭവിക്കാതെ ആരെയും ദ്രോഹിക്കാതെ ജീവിക്കുന്നുവെങ്കില്‍  ആ ജീവിതത്തിന്‍റെ മനോഹരമായ സുഗന്ധം നാമോരുരുത്തരിലും അലിഞ്ഞു ചേരുക തന്നെ ചെയ്യും. അത്തരം മനോഹര ജീവിതങ്ങള്‍ മനസുകളില്‍  നിന്ന് മനസുകളിലേക്കും ഹൃദയങ്ങളില്‍ നിന്നും ഹൃദയങ്ങളിലേക്കും കൈമാറുകയും ചെയ്യും. നമ്മുക്കിടയിലും ഒരുപാടു ഊര്‍മ്മിളമാര്‍ ഇന്നും 

ആരും അറിയാതെ ജീവിക്കുന്നുണ്ട്....!!
എന്താ ശരിയല്ലേ ...??


5 comments:

 1. ഊര്‍മ്മിളാദുഃഖം

  ReplyDelete
 2. ഊർമ്മിളയെപ്പോലെ, പുരാണങ്ങളിൽ ‘പരിത്യക്തരായ’ നിരവധി കഥാപാത്രങ്ങളുണ്ട്. ഭരതൻ, ശർമ്മിഷ്ഠ, ഏകലവ്യൻ, അശ്വത്ഥാമാവ്, കർണൻ, ഭീമൻ ... എന്നാൽ പില്ലാകലത്ത് ഇവരെയൊക്കെ പ്രതിഭാശാലികളായ സാഹിത്യകാരന്മാർ കണ്ടെടുക്കുകയും ഉജ്വല കഥാപാത്രങ്ങളാക്കി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വി.എസ്. ഖാണ്ഡേക്കർ, എം.ടി, കെ. ബാലകൃഷ്ണൻ തുടങ്ങി പ്ലരും. അതൊക്കെ സമയം കിട്ടിയാൽ വായിക്കൂ.

  കൂടുതൽ എഴുതാൻ പ്രചോദനം കിട്ടും.

  ഭാവുകങ്ങൾ!

  ReplyDelete
 3. കുടിലതന്ത്രങ്ങളുടെ രാജാവായ ശകുനിയുടെ കഥ വായിച്ചിട്ടുണ്ടോ. ആ കഥ അറിഞ്ഞാല്‍ അദ്ദേഹത്തെ നമ്മള്‍ വെറുക്കില്ല. കൂടുതല്‍ ഇഷ്ടപ്പെടും.

  ReplyDelete
 4. കമന്റെഴുതി തുടങ്ങുമ്പോഴാണ് ജയന് ഡോകടരുടെ കമന്റ് കണ്ടത്. എനിക്ക് പറയാനുള്ളത് പറഞ്ഞിരിക്കുന്നു. എനിക്ക് തെറ്റിയില്ലെങ്കിൽ ഊർമ്മിള എന്നാ പെരിൽ തന്നെ ഒരു നോവല ഉണ്ട്. ആരെഴുതിയതാണെന്ന് ഓര്മ്മയില്ല. കൂടുതൽ എഴുതൂ . ആശംസകൾ ....... സസ്നേഹം

  ReplyDelete