Friday, March 29, 2013

അമ്മ മനസ്സ്





















മക്കളേ , ചൊല്ലുവാനേറെയുണ്ട് 
പെറ്റ വയറിന്‍റെ വേവലാതി. 
ആധിപൂണ്ടിപ്പോഴും ഞെട്ടിയുണരുന്നു 
പാതിമയക്കത്തിലമ്മ പേടിച്ചരണ്ട മിഴികളുമായി. 
കാത്തിരിക്കുന്നു ഞാന്‍ നിന്‍റെ വരവിനായി 
വ്യാകുലമാകും മനസ്സോടേ.
ഇരുളിലുയരുന്ന നിന്‍റെയോരോ വിളിക്കുമായി 
കാതോര്‍ത്തിരിപ്പു ഞാന്‍ രാത്രിയാമങ്ങളില്‍...  
അങ്കണ മുറ്റത്തു നിന്‍ചിരി  കാണുവാന്‍ 
ഉമ്മറത്തിണ്ണയില്‍ കാത്തിരിക്കുന്നു ഞാന്‍... 
ഇക്കാലമത്രയും കാത്തു സൂക്ഷിച്ചു ഞാന്‍....  
കാലനും കാക്കക്കും വിട്ടു കൊടുക്കാതെ-
യമ്പിളിയമ്മാവെന്‍റെ കഥകള്‍ പറഞ്ഞു - 
താരാട്ടുപാടി ഊട്ടിയുറക്കി ഞാന്‍...  
ഇന്നലെ നീയെന്‍റെ കൈകള്‍ക്കു താങ്ങാ-
യിന്നെന്‍റെക്കാഴ്ചയ്ക്കു തണലായി നിന്നവന്‍... 
പാതിമെയ്യാവുന്ന ഭാര്യയ്ക്കു തുണയായി 
തൊട്ടിലിലാടുന്ന കുഞ്ഞിനു കാവലായി... 
അച്ഛന്‍റെ സ്നേഹാമായി വീടിനു ഭാഗ്യമായി 
നാട്ടു മനസ്സിന്‍റെ നന്മതന്‍ തിലകമായി തീര്‍ന്നവന്‍...  
അമ്മ മനസ്സിന്‍റെ മുറ്റത്തു നിന്നവന്‍ 
പുഞ്ചിരിക്കുമ്പോള്‍ അറിയുക മക്കളേ  
പെറ്റ വയറിന്‍റെ വേവലാതി... 
ഇരുളിലുയരുന്ന ആയുധ കൈകള്‍ക്കു 
ഓര്‍മ്മയുണ്ടാവണം പിച്ച നടത്തിയ 
അമ്മ മനസ്സിന്‍റെ വേദന...  
ഓരോ മുറിവിലും നിന്നും ചിതറി തെറിക്കുന്ന
ചോര തന്‍ തുള്ളിയില്‍ നിങ്ങള്‍തന്നമ്മ 
മുഖമുണ്ടെന്നോര്‍ക്കണം മക്കളെ...!!


(കടപ്പാട്)

2 comments:

  1. ഓര്‍ക്കുന്നു

    ReplyDelete
  2. തീർച്ചയായും ഓർക്കുന്നു. 
    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete