Thursday, July 18, 2013

മറന്നുവോ ഈ അമ്മയെ ..

മറന്നുവോ ഈ അമ്മയെ 
വാവേ....മോനേ 
മറന്നുവോ ഈ അമ്മയെ ...
അന്ന് നീ വിതച്ചു പോയ 
അശ്രുതന്‍ വിത്തുകള്‍ മുളച്ച 
വയലേലകളില്‍  ഇന്നും 
ദു:ഖം കൊയ്തു കൂട്ടും നിന്നമ്മയെ
പത്താണ്ടാല്‍ പതിറ്റാണ്ടുകളുടെ 
പാഠം പകര്‍ന്നു തന്നില്ലയോ കുഞ്ഞേ
ഒന്നും  മിണ്ടാതെ, ഒന്ന് കരയാതെ ... 
ഒരടി വെക്കാതെ, 
അമ്മേയെന്നു വിളിക്കാതെ ... 
ആത്മീയ സങ്കല്പങ്ങളുടെ 
ചുറ്റുമതില്‍  തകര്‍ത്തില്ലേ നീയ്യാദ്യം
   
മുപ്പത്തിമുക്കോടി മൂര്‍ത്തിമാര്‍ക്കപ്പുറം... 
മാതാ മേരിയുടെ 
മാതൃശിലകള്‍ക്ക്‌ മുന്നിലും 
മുഹമ്മദീയ മഖ്‌ബറയിലെ 
മീസാന്‍ കല്ലുകള്‍ക്കരികിലും
ഇട തേടുവാന്‍  പഠിപ്പിച്ചു നീയമ്മയെ ...
കരഞ്ഞു കേണു, 
വേണമെന്നിക്കെന്‍  വാവയെ...
എന്നിട്ടുമെന്തേ?  എന്‍ വിലാപങ്ങള്‍ 
എന്നില്‍ തന്നെ ഓടിയെത്തിയല്ലോ!!

അണയാത്ത വേദനയിലും 
അമ്മയൊന്നു ചോദിച്ചോട്ടേ കുഞ്ഞേ 
നീയോര്‍ക്കുന്നോ അമ്മക്ക്, 
തന്നു പോയ പാരിതോഷികങ്ങളെ 
അമ്മയുടെ ഉറക്കമില്ലായ്മക്കവര്‍ 
പാഴ്വേല എന്നോമനപ്പേരിട്ടു 
ഒന്നടുത്തിരിക്കാന്‍ 
ഒരാശ്വാസവാക്ക് പറയുവാന്‍ 
വാത്സല്യത്തോടെ നിഷ്കളങ്കമാം
നിന്‍ കണ്ണുകളിലേക്കൊന്നു നോക്കുവാന്‍ 
അവരാരും വന്നതേയില്ല ...

അരുതായ്മകളുടെ അവതാരമെന്നു 
കണിയാന്‍ കവടിയാല്‍ രചിച്ചല്ലോ
നിന്‍ ജാതകം!!
വാവേ,  നിന്‍  ജാതകം
അമ്മക്ക് മാത്രമായ് 
കോരിക്കുടിക്കുവാന്‍ ആവുമൊരു വറ്റാത്ത,
വരളാത്ത കണ്ണുനീരിന്‍ കിണറായല്ലോ!!

അമ്മ,  നിനക്കായി കരുതി വെച്ചോരാ 
വര്‍ണ്ണ വസ്ത്രങ്ങളത്രയും 
വേണ്ടെന്നു വെച്ച്, നീ
വെറും വെള്ളയുടുത്തു പടിയിറങ്ങിയപ്പോള്‍,  
ഒരു കാലടിപ്പാട് പോലും വിണ്ണില്‍
പതിച്ചു വെക്കാതെ,
നീയെനിക്കോമനിക്കാന്‍ 
ഓര്‍മ്മകള്‍ മാത്രം നല്‍കി.

നിന്‍ നട്ടെല്ല് ചുംബിച്ചു കുഴിഞ്ഞു പോയ 
മെത്തയും, അനിവാര്യതക്ക് മുന്നില്‍
കീഴടങ്ങിക്കഴിഞ്ഞിരിക്കുന്നു കുഞ്ഞേ!!

അമ്മയെന്തൊക്കെ മോഹിച്ചുവോ,
എല്ലാം,  ആ വെള്ളയില്‍ പൊതിഞ്ഞെടുത്തു 
കടന്നു പോയില്ലേ വാവേ ...
അമ്മയേക്കാള്‍,   മാലാഖമാര്‍ 
സ്നേഹിച്ചതച്ചതിനാലോ?
അതോ, ദേവലോകം നീയില്ലാതെ 
മ്ലാനമായി പോകുമെന്നതിനാലോ?
കാരണമെന്തു തന്നെയാകിലും
കരഞ്ഞെതെന്നും  ഈയമ്മയല്ലോ കുഞ്ഞേ!!

പോര്‍ക്കളത്തില്‍ അമ്പേറ്റു വീണ് 
പിടക്കുമീ പടയാളിയെ 
കണ്ടില്ലെന്നു നടിക്കുന്നെല്ലാവരും.
കടന്നു പോവുന്നവരത്രയും 
ചുണ്ട് വരണ്ട് ചോര വാര്‍ന്നങ്ങനെ.
ഇനിയധികമാവില്ലീയമ്മക്ക്,
ചന്ദനത്തിരിയുടെ  മണവും,
വെള്ള വേഷവുമുടുത്ത് വരുമീയമ്മ
വാതില്‍ക്കല്‍ വരവും കാത്തിരിക്കണം 
എന്‍ വാവ അമ്മയ്ക്കായി.
വാവേ....മോനേ, 
മറന്നുവോ ഈ അമ്മയെ.
8 comments:

 1. ഒരു വാക്കും വരുന്നില്ല എഴുതാന്‍.

  ReplyDelete
 2. അമ്മയുടെ ഉറക്കമില്ലായ്മക്കവര്‍
  പാഴ്വേല എന്നോമനപ്പേരിട്ടു ..

  മക്കളെ കരുതിയുള്ള അമ്മമാരുടെ ഉറക്കമില്ലായ്കളെ കാലങ്ങൾക്കുശേഷം മക്കൾ തന്നെ പാഴ്വേലയെന്ന് വിളിയ്ക്കുന്ന കാലം....

  ReplyDelete
 3. ഇലകൾ കൊഴിയാനൊരു ഋതു..

  പൂക്കൾ വിടരാൻ മറ്റൊന്ന്;

  മരണത്തിനു മാത്രം അങ്ങനൊന്നില്ല.!! അതാരെ,എപ്പോൾ,എവിടെ വച്ച്,എങ്ങനെ പുൽകുന്നുവെന്നത് അഞ്ജാതമായ ഒരു സത്യം തന്നെ.

  REALLY A GUEST FOR ALL SEASONS.!!


  ഹൃദയസ്പർശിയായ രീതിയിൽ എഴുതിയിരിക്കുന്നു.  ശുഭാശംസകൾ...

  ReplyDelete
  Replies
  1. എല്ലാവര്‍ക്കും നന്ദി,
   അജിത്‌ സര്‍,നിധീഷ്,ഷിബു,അനു,സൌഗന്ധികം...,
   ഇതു വെറും വരികള്‍ അല്ലാ, ജീവിതത്തില്‍ കഴിഞ്ഞു പോയ കാലത്തേ അനുഭവങ്ങള്‍തന്നെ ആണ്.

   Delete
 4. വേദനിക്കുന്ന മനസ്സിനു ആശ്വാസ വാക്കുകൾ പരയുന്നൂ....ഹൃദയസ്പർശിയായ രീതിയിൽ എഴുതിയിരിക്കുന്നു.

  ReplyDelete