Monday, March 16, 2015
Thursday, January 15, 2015
ഭാവപ്പകര്‍ച്ചകള്‍
പകല്‍ പടിയിറങ്ങിപ്പോയ വഴിയിലൂടെ
സന്ധ്യയും കടന്ന് ഇരവെത്തിയിരുന്നു
സന്ധ്യയുടെ മൌനവും, കടലിലെ തിരയും
ഇരവിന്‍റെ നിഗൂഡതയായിരുന്നു...
ഭൂവമ്മയുടെ നെടുവിര്‍പ്പുകളുടെ താളമത്രേ
വിരഹവും, വിഷാദവും, കണ്ണീരും
ആര്‍ത്തിരമ്പി പെയ്യുന്ന തുലാമഴയുടെ
കൂട്ടുകരത്രേ മിന്നലും , ഇടിനാദവും...
പ്രകൃതിയുടെ ഭാവമാറ്റത്തിന്‍
മുഖപടം ചാര്‍ത്തിയെത്തുന്ന
ഋതുക്കള്‍ തീര്‍ത്തോര ഋതുഭേദങ്ങളത്രേ
മഞ്ഞും, വെയിലും, മഴയും...
പ്രപഞ്ച സംഹാര താണ്ഡവത്തിന്‍
പകര്‍ച്ചയത്രേ കൊടുംകാറ്റും,
ഭൂചലനവും, പേമാരിയും.....
Friday, January 2, 2015
കാലമേ നീയാര് ?
സൂര്യതാപത്തിലുരുകാതെ
ചാന്ദ്രസ്വപ്നങ്ങളില്‍ മയങ്ങാതെ
പുലരും വരെ, ഞാന്‍
കടമെടുക്കുന്നീ തെരുവീഥികളെ
നീ പോലുമറിയാതെ ജാലകത്തിനപ്പുറം
അസ്ഥിപഞ്ചരമായി നില്‍ക്കും മരങ്ങള്‍.
ഇലകളടര്‍ന്ന് ഈ മുറ്റമാകെ നിറഞ്ഞതും,
മഴപെയ്തീ തൊടിയാകെ നനഞ്ഞതും
ഞാനറിഞ്ഞില്ല...ഒരുവേള എല്ലാം
സ്വപ്നമെന്നറിഞ്ഞപ്പോള്‍
കാലമെന്നെ നോക്കി പരിഹസിച്ചു....
എന്‍റെ സ്വപ്നങ്ങള്‍ക്ക് അതിര്‍ത്തി
നിര്‍ണ്ണയിക്കുവാന്‍ കാലമേ നീയാര് ?
Wednesday, December 31, 2014
നിരയില്ലാതെ വരികള്‍

കറുത്ത കിനാക്കളാം മേഘപാളികള്‍
ഒന്നൊന്നായി വകഞ്ഞു മാറ്റി
വിണ്ണിന്‍റെ നീലിമയിലലിഞ്ഞു ചേര്‍-
ന്നൊരു കവിതയെഴുതുവാന്‍ കൊതിച്ചു.
അയനം കാത്ത നയനങ്ങള്‍ പായിച്ചു
വാനം വിരിച്ചിട്ട വീഥികളില്‍
വരികള്‍ക്കായി ഞാനലഞ്ഞു ...
സ്വപ്നങ്ങള്‍ക്കായി വെഞ്ചാമരം വീശും,
മേഘങ്ങളെ നോക്കി പുഞ്ചിരിതൂകി.
നക്ഷത്രജാലം മിന്നുന്ന പാതകളില്‍
വാചാലമാം മൌനത്തെയും കാത്തുനിന്നു.
ഒരു വരിപോലും കവിതക്കായി
കുറിക്കുവാന്‍ ആയില്ലെനിക്ക്...
ഇല കൊഴിഞ്ഞ വൃക്ഷാസ്ഥികള്‍
തളിരിടുമ്പോള്‍ കവിത കുറിക്കുവാനെനിക്കായി.
എന്നാല്‍ ഇന്നോ,
വസന്തമില്ലാ പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തവുമില്ല ഇളവെയിലേല്‍ക്കുവാന്‍...
ഇരവും പകലും കാത്തിരുന്നു ഞാന്‍
ഒരു വരി കുറിക്കുവതിനായി...
എന്നിലെ കവിതകള്‍ പിറക്കും കരങ്ങള്‍
വിറങ്ങലിച്ചു നില്‍ക്കുവതെന്തേ.
കരളിനുള്ളിലെ കടലാസ്സു ചീളുകള്‍
കരിപുരണ്ടു പോയോ?
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ചായവും
വരക്കുന്നുവല്ലോ ചലനമില്ലാത്ത ചിത്രങ്ങള്‍.
വറ്റിയ ഒരരുവിപോലെ, കൂട്ടം തെറ്റി-
യൊരജത്തെ പോലെ, അലയുകയാണെന്‍ മനം..
ഭാവനതന്‍ സമ്പാദ്യച്ചെപ്പില്‍
ചോര്‍ച്ച ഉണ്ടായതു പോല്‍.
ചേര്‍ച്ചയില്ലാത്ത വാക്കുകള്‍തന്‍ കൂട്ടം
വരിതെറ്റിയ ഉറുമ്പിന്‍ കൂട്ടംപോല്‍
കടലാസ്സിന്‍ വിരിമാറിലെന്നെ നോക്കി
പരിഹസിച്ചങ്ങിനെ അലഞ്ഞു തിരിയുന്നു..
Monday, December 29, 2014
എന്നിലെ കവിത
സൂര്യനെ മറയിച്ചെത്തും മഴ മേഘങ്ങളെ
നോക്കി ഞാന്‍ കവിത കുറിക്കുന്നു
എന്‍റെ കവിതകള്‍ ചില്ലുകുപ്പിയിലടച്ച
വളപ്പൊട്ടുകളിലെ നിറഭേദങ്ങള്‍.
മഴമേഘങ്ങള്‍ പകുത്തുനല്‍കിയ
മഴവില്ലിന്‍ ചീളുകള്‍ പെറുക്കിയെടുത്ത്
കൂടു പണിയാന്‍ പാറിനടക്കും പക്ഷികള്‍
എന്‍റെ കവിതകള്‍ക്കായി കാതോര്‍ത്തിരുന്നു..!
പകലിന്‍ സുതാര്യതയും,
രാത്രിയുടെ നിഗൂഡതയും
എന്‍റെ കവിതകളുടെ കൂട്ടുകാരായി...
എങ്കിലും , ഒരു കവിതയിന്നുമെന്നില്‍
ബാക്കിയായി നില്‍പ്പൂ.....!!
Thursday, December 18, 2014
മാനത്തെ കള്ളന്‍
കിഴക്കു നിന്നും പടിഞ്ഞാട്ടേക്ക്
പകലന്തിയോളം ഭൂമിയില്‍ അലഞ്ഞങ്ങനെ!
പിന്നെയോ, തിരികെ രാവു മുഴുവന്‍ ആഴിയിലും
വേപഥു പൂണ്ടു നടപ്പുണ്ടങ്ങനെ സുര്യന്‍...!!
എന്നാല്‍ ചന്ദ്രനോ ?
അന്തിചോപ്പണിഞ്ഞു നില്‍ക്കും സുര്യനില്‍ നിന്നും
പ്രണയാര്‍ദ്രയായി കൈനീട്ടി വാങ്ങിയോരാ
രാവിനെ, മാറോടു ചേര്‍ത്തിറുകെ പുണര്‍ന്ന്
ഭൂമിയെ തമസിന്‍ കമ്പളം മാറ്റാനനുവദിക്കാതെ
ഒരു കള്ളനെപ്പോലെ നില്‍പ്പൂ!!
Tuesday, December 16, 2014
എന്‍റെ ഇന്നലെകള്‍
ഞാന്‍ നടന്ന വഴികളില്‍ പൂക്കള്‍
വിരിച്ചതെന്നമ്മ!
പിച്ച വെച്ച പാദങ്ങള്‍ക്ക് വളര്‍ച്ചയുടെ പടവുകളില്‍
കരുത്തായി നിന്നതെന്നച്ഛന്‍!!
ക്ഷീരപഥത്തിലെ മിന്നും താരകങ്ങളെകാട്ടി
കഥപറഞ്ഞുത്തന്നതോ എന്‍ മുത്തച്ചന്‍!
ജാലകപ്പാളിക്കുമപ്പുറം നീളുന്ന നീരദചിത്രങ്ങളെ
കാട്ടി കവിത ചൊല്ലിത്തന്നതെന്‍ മുത്തശ്ശി!!
മഞ്ചാടിക്കുരുവും, കാട്ടിലഞ്ഞിയും
മഴവില്ലും കാട്ടിത്തന്നതോ, എന്‍ ഏട്ടന്‍....
പുളിമാങ്ങ പെറുക്കി ഉപ്പുകൂട്ടി
നുകരുവാന്‍ പഠിപ്പിച്ചതെന്നെട്ടത്തി!.
തറവാട്ടിലെ കിഴക്കേത്തൊടിയില്‍,
തമസില്‍ ഒളിച്ചിരിക്കും കാവിന്നുള്ളില്‍
പാമ്പിന്‍പടം കാട്ടി പേടിപ്പിച്ചതോ
എന്‍ കളിക്കൂട്ടുകാരന്‍ ....
എല്ലാം ഇന്നലെ എന്നപോലെന്‍
നിദ്രയില്‍ ഉണര്‍ന്നിടുന്നു.
കാലമെത്ര കഴിഞ്ഞെന്നാലും
എന്‍ ഹൃത്തിലിപ്പോഴും,
അണയാതെ കത്തുന്നേന്‍ ഓര്‍മ്മകള്‍..
Friday, December 12, 2014
രാവിന്‍റെ പരിഭവം.
നീല വിഹായസ്സില്‍ വിഹരിക്കും
നിലാവേ ഇന്നു നിന്നേ കണ്ടതില്ല ..
പുഞ്ചിരി പൊഴിക്കും പലോളി ചന്ദ്രാ
നിന്നെയുമിന്നു കണ്ടതില്ല..
ഇമ ചിമ്മി വിരിയുന്നീ നഭസ്സിലെ താരങ്ങളേ
എന്തെ മാനം മൂടിയമേഘക്കീറിനുള്ളില്‍
ഒളിച്ചിരിപ്പൂ.....
രാവിന്‍റെ സുന്ദരി, നിശാഗന്ധി
എന്തേ നീ വിടരാന്‍ മറന്നു...
ഏയ്, രാപ്പാടിപെണ്ണെ, എന്തേ നിനക്കു
ശ്രുതി പിഴച്ചു..?
സ്വപ്ന പടവുകളില്‍ മിഴികള്‍ തുറന്നു
നിദ്രതന്‍ മൃദു സ്പര്‍ശനത്തിനായി
എത്ര നേരമായ് കാത്തിരിപ്പൂ ഞാന്‍.
എന്തെ ഇന്നിങ്ങനെ ...??
രാവിനെന്നോടു പരിഭവമാണോ?
Thursday, December 11, 2014
Tuesday, December 9, 2014
സ്വപ്നമെന്‍ കൂട്ടുക്കാരി
ഇരുളിന്‍ അന്ത്യയാമത്തില്‍
അനുവാദത്തിനായ് കാത്തു നില്‍ക്കാതെ
കടന്നുവരാറുള്ള സ്വപ്നമെന്‍ കൂട്ടുക്കാരി
രാവെളുക്കുവോളം, അവളെന്‍
കാതിലോതും കഥകളും,
അവളുടെ മൊഴികളും, കുസൃതിയും
വാശിയും, പരിഭവവും
പിന്നെയൊരേങ്ങിക്കരച്ചിലും,
അവള്‍ക്കു മാത്രം സ്വന്തം.
അവസാനമായവളെ കണ്ടുനില്‍ക്കെ,
ഇനിയൊരിക്കലും എന്നരികില്‍
വരില്ലെന്ന് ചൊല്ലി പുലരിയില്‍
പടിയിറങ്ങിപ്പോയവള്‍...
Monday, December 8, 2014
Monday, December 1, 2014
എന്റെ കുടില്‍
പമ്പാനദി ഒഴുകും നാട്ടില്‍
തറവാട്ടിന്നൊരു കോണിലായി
എന്നച്ഛന്‍ തന്നോരിത്തിരി മണ്ണുണ്ട്
അവിടെനിക്കൊരു കുടില്‍ വേണം
എന്‍ കൈകളാല്‍ മെടഞ്ഞൊരു
ഓലയാല്‍ തിര്‍ത്തോരു കുടില്‍...
ഉദിച്ചുയരും ചുവന്ന കിരണങ്ങളേറ്റു
ഒരു ഉണര്‍ത്തു പാട്ടിന്‍ താളമായ്
പുലരിയെന്നെ തഴുകിയുണര്‍ത്തണം.
തേനൂറും തെന്നലില്‍ പേരറിയാത്ത
നിറമുള്ള മണമുള്ള ചെടികളും, പിന്നെ
തെച്ചിയും, ചെമ്പരത്തിയും,
നന്ത്യാര്‍വട്ടവും, അരളിയും
പാതിരാമുല്ലകളും പൂത്തുലയുന്ന
പൂവാടി ഒന്നു വേണമെന്‍ മുറ്റത്ത്.
പച്ചനിറത്താല്‍ പ്രകൃതിയോടു ചേര്‍ന്ന് നില്‍ക്കും
മരങ്ങള്‍ വേണമതില്‍,
നാനാതി പക്ഷികള്‍ സംഗീതവിരുന്നോരുക്കണം
നാലു ചുറ്റിനും.
ഇരുണ്ടുകൂടും കാര്‍മേഘങ്ങള്‍ക്കു മുന്നേ
കിഴക്കേ ചെരിവില്‍ വാനം
സപ്തവര്ണ്ണങ്ങളാല്‍ വിസ്മയമോരുക്കണം.
ഈറന്‍ സന്ധ്യകളില്‍ ഉമ്മറക്കൊലായില്‍
നിറഞ്ഞു കത്തും നിലവിളക്കിന്‍ മുന്നില്‍-
നിന്നുയരണം നാമജപത്തിന്‍ ശീലുകള്‍.
മിന്നാമിനുങ്ങിന്‍ ഇത്തിരി വെട്ടത്താല്‍
അത്താഴത്തിന്‍ രുചി അറിയണമെനിക്ക്...
എന്റെ മുറ്റത്തെ വിരുന്നുകാരാവണം
ചന്ദ്രനും തരകമക്കളും!!
കത്തിയമരും താരങ്ങളെ നോക്കി
നിലാവുള്ള രാത്രികളില്‍ ,
എന്‍ നൊമ്പരങ്ങളെ ,നെഞ്ചോടു ചേര്‍ത്ത്,
സജലമാകുന്ന മിഴികളാല്‍
നാണിച്ചു മുഖം താഴ്ത്തി,
സ്വപ്നം കാണുമൊരു പെണ്ണായി
പെയ്തു തോര്‍ന്നൊരു മനസ്സുമായി
എനിക്കിന്നുറങ്ങണം .....
എന്‍ കുടിലില്‍........
Friday, November 28, 2014
എന്‍റെ ഗ്രാമം
സമൃദ്ധിയുടെ കണിവെട്ടങ്ങള്‍ നിറഞ്ഞോരെന്‍,
ഗ്രാമത്തിന്‍ നാട്ടുവഴികള്‍ക്കെന്തൊരു സുഗന്ധം
കണിമഞ്ഞക്കും,മുക്കുറ്റിക്കും കാശിത്തുമ്പക്കും
പ്രിയമീ ഗ്രാമം.
പടര്‍ന്നു കയറാന്‍ പിച്ചകത്തിന്നു
തളിര്‍ ശിഖരം നല്‍കിയൊരു
കിളിമാരത്തിന്‍ ആര്‍ദ്രത നിറഞ്ഞതെന്‍ ഗ്രാമം..
പാടും പക്ഷികള്‍തന്‍ സംഗീതം കേട്ടുണരും
മോഹന സംഗീതത്തിന്‍ ഗ്രാമം
കര കവിഞ്ഞോഴുകുമാ പുഴകളും , തോടുകളും
പുഞ്ചിരിക്കും കളനാദമെന്‍ ഗ്രാമം ...
മുളം കാടുകള്‍ക്കിടയിലൂടെ നാണിച്ചിറങ്ങി
വരുന്നൊരു കാറ്റിന്റെ ചുണ്ടിലായി
തെളിയുന്നൊരു മഴ പുഞ്ചിരിയും
എന്‍ ഗ്രാമത്തിന്‍ ശാലീന സൌന്ദര്യം.
Subscribe to:
Posts (Atom)













.jpg)