കറുത്ത കിനാക്കളാം മേഘപാളികള്‍
ഒന്നൊന്നായി വകഞ്ഞു മാറ്റി
വിണ്ണിന്‍റെ നീലിമയിലലിഞ്ഞു ചേര്‍-
ന്നൊരു കവിതയെഴുതുവാന്‍ കൊതിച്ചു.
അയനം കാത്ത നയനങ്ങള്‍ പായിച്ചു
വാനം വിരിച്ചിട്ട വീഥികളില്‍
വരികള്‍ക്കായി ഞാനലഞ്ഞു ...
സ്വപ്നങ്ങള്‍ക്കായി വെഞ്ചാമരം വീശും,
മേഘങ്ങളെ നോക്കി പുഞ്ചിരിതൂകി.
നക്ഷത്രജാലം മിന്നുന്ന പാതകളില്‍
വാചാലമാം മൌനത്തെയും കാത്തുനിന്നു.
ഒരു വരിപോലും കവിതക്കായി
കുറിക്കുവാന്‍ ആയില്ലെനിക്ക്...
ഇല കൊഴിഞ്ഞ വൃക്ഷാസ്ഥികള്‍
തളിരിടുമ്പോള്‍ കവിത കുറിക്കുവാനെനിക്കായി.
എന്നാല്‍ ഇന്നോ,
വസന്തമില്ലാ പൂത്തുലയുവാന്‍
വര്‍ഷമില്ല തളിരിലകള്‍ നീട്ടുവാന്‍
ശിശിരമില്ല ഇലകള്‍ പൊഴിക്കുവാന്‍
ഹേമന്തവുമില്ല ഇളവെയിലേല്‍ക്കുവാന്‍...
ഇരവും പകലും കാത്തിരുന്നു ഞാന്‍
ഒരു വരി കുറിക്കുവതിനായി...
എന്നിലെ കവിതകള്‍ പിറക്കും കരങ്ങള്‍
വിറങ്ങലിച്ചു നില്‍ക്കുവതെന്തേ.
കരളിനുള്ളിലെ കടലാസ്സു ചീളുകള്‍
കരിപുരണ്ടു പോയോ?
തൂലികത്തുമ്പില്‍ നിന്നുതിര്‍ന്ന ചായവും
വരക്കുന്നുവല്ലോ ചലനമില്ലാത്ത ചിത്രങ്ങള്‍.
വറ്റിയ ഒരരുവിപോലെ, കൂട്ടം തെറ്റി-
യൊരജത്തെ പോലെ, അലയുകയാണെന്‍ മനം..
ഭാവനതന്‍ സമ്പാദ്യച്ചെപ്പില്‍
ചോര്‍ച്ച ഉണ്ടായതു പോല്‍.
ചേര്‍ച്ചയില്ലാത്ത വാക്കുകള്‍തന്‍ കൂട്ടം
വരിതെറ്റിയ ഉറുമ്പിന്‍ കൂട്ടംപോല്‍
കടലാസ്സിന്‍ വിരിമാറിലെന്നെ നോക്കി
പരിഹസിച്ചങ്ങിനെ അലഞ്ഞു തിരിയുന്നു..