Friday, January 11, 2013

വിധികല്പനകള്‍ .




















മനസ്സില്‍ പലപല നിറ വര്‍ണ്ണങ്ങളാല്‍ 
ശോഭയാത്ര നടത്തും സ്വപ്‌നങ്ങള്‍.
സഫലമാകില്ലെന്നറിയുകില്‍ 
യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നടുവില്‍ 
എനിക്കെന്നെ  കൈവിട്ടു പോകുന്നു.

കറുത്ത കാര്‍മേഘങ്ങള്‍ കണ്ണില്‍ 
അന്ധകാരം തീര്‍ക്കുംമ്പോഴും 
കെട്ടിയിട്ട ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെടുത്ത് 
ആനന്ത നൃത്തമാടുന്നെന്‍ മനസ്സ്  .

സാധ്യമാകാത്തോരാ സക്ഷാത്ക്കാരങ്ങള്‍ക്കായി
ഉണരുമൊരു ബോധമണ്ഡലത്തിലേറ്റു മുട്ടും 
യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലേക്കാവാഹിക്കാ-
നാവാതെ മുഖം തിരിക്കും മസ്തിഷ്കം.

കരുതിവച്ചതും വന്നുചേര്‍ന്നതുമായൊരു  
സ്നേഹബന്ധങ്ങള്‍ ...മിഥ്യയാണെന്നറിയവേ,
മുന്നോട്ടുള്ള വഴി ശൂന്യമാകുന്നു.

പകപ്പുകയറി , 
കണ്ണില്‍ ശൂന്യതയുടെ തമസ്സ് മൂടുമ്പോഴും  
അനുസരിക്കാത്ത മനസ്സ്,  പ്രതീക്ഷയോടെ...
കഴിഞ്ഞകാല മധുരസ്മൃതിയിലും
ഭാവികാലത്തിന്‍റെ  കൈപിടിയിലുമൊതുങ്ങുന്നു.

സ്മരണകളില്‍ നിന്നും മോചനമില്ലാതെ 
തകര്‍ന്നടിയുമെന്നറിയാമെങ്കിലും,
ആ സുന്ദര സ്മൃതിയില്‍ ആഴ്ന്നിറങ്ങിങ്ങുന്നു,
മോചനമില്ലാതെ .....
ഒരിക്കലും  മോചനമില്ലാതെ!! 

സ്നേഹത്തിന്‍  തടവറയില്‍ 
നിന്നുടെ വിധികല്പന കാത്തു കഴിയുമെന്നില്‍
കാരുണ്യം കാണിക്കുന്നതെപ്പോഴാണു നീ.

കാത്തിരിപ്പിന്‍റെ മനസ്സില്‍ തളര്‍ച്ചയേകുന്നു,
പഴകിയ സ്വപ്‌നങ്ങള്‍ സൂക്ഷിക്കും മനസ്സിന്‍റെ നിലവറകള്‍,
മരവിപ്പിന്‍ തണുപ്പിനാല്‍ ചിതല്‍പ്പുറ്റുകയറിയിരിക്കുന്നു.
വര്‍ണ്ണചിത്രങ്ങളാല്‍ തീര്‍ക്കപ്പെട്ട മോഹനചിത്രങ്ങള്‍ 
ആയുസ്സിന്‍  മദ്ധ്യാഹ്നത്തില്‍ നിറംകെട്ടു പോയിരിക്കുന്നു.

യൌവനത്തിന്‍റെ പൂന്തോട്ടത്തില്‍ പ്രണയത്താല്‍ 
മൊട്ടിട്ടു വിരിഞ്ഞ സ്വപ്നത്തിന്‍ പൂക്കള്‍ 
തണ്ടോടോടിഞ്ഞുവാടിത്തുടങ്ങിയിരിക്കുന്നു. 
ശേഷിച്ചെന്‍  ആയുസ്സു  സ്നേഹവായ്പിനായ് മാത്രം.
























വസന്തം വരുമെന്ന പ്രതീക്ഷ




















നമ്മള്‍ ‍ ജീവനെക്കാളേറെ സ്നേഹിച്ച 
ഒരാള്‍ നമ്മേ വിട്ടകലുമ്പോള്‍ ഉള്ള 
വേദന നിങ്ങള്‍ക്കറിയാമോ?? 
ജീവിതം അതിന്‍റെ പരക്കം പാച്ചിലില്‍ 
പാഞ്ഞുകൊണ്ടേയിരുന്നു 
ഞാനും വിട്ടുകൊടുത്തില്ല...!!
മുന്നോട്ടു നോക്കിയപ്പോള്‍ പ്രതീക്ഷയുടെ 
ഇത്തിരി വെട്ടം മുന്നില്‍തെളിഞ്ഞു കാണാം
പിന്തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ണീരാര്‍‍ന്ന
കുറെ ഓര്‍‍മ്മകള്‍, ‍നഷ്ട്ടപെട്ട ഒരു ജീവിതം. 
പാതി വഴിക്കു  മാഞ്ഞു പോയ ചിന്തകള്‍, 
പറക്കാന്‍ ശ്രമിച്ചിട്ടും, പറക്കാന്‍ തയ്യറാവാതെ
ചിറകറ്റു വീണ സ്വപ്നങ്ങള്‍..... 
വസന്തം വരുമെന്നു പ്രതീക്ഷിച്ചു 
വഴി മാറിക്കൊടുത്ത ശിശിരം, 
ഞാന്‍ അങ്ങനെ ഒറ്റക്കു ഇരുന്നു 
ഈ ജീവതം എനിക്കു നഷട്ടത്തിന്‍റെ അല്ലെങ്കില്‍ ‍ 
ഒരു ദുഖത്തിന്‍റെ നേര്‍ത്ത നിഴല്‍ വീഴ്ത്തിയിരുന്നു
പോയ കാലത്തില്‍?? 
ചിലപ്പോള്‍ ‍.!!അനിശ്ചിതത്തിന്‍റെ കലയാണു  ജീവിതം.
അതിനുമപ്പുറം ഇതിനെ എങ്ങെനെ ആണു വിശേഷിപ്പിക്കുക ? 
അറിയില്ലാ??......ഒരുപക്ഷെ ഇനിയുമറിയുമായിരിക്കും ?
ചിന്തകളുടെ വേലി പടര്‍പ്പു എന്നിലേക്ക്‌ പടന്നു കയറി 
കടിഞ്ഞാണിനില്ലാത്ത കുതിരെയെ പോലെ 
മനസ്സു  പാഞ്ഞു കൊണ്ടേയിരുന്നു .
ആരുടെയൊക്കെയോ വേദനിക്കുന്ന 
മുഖങ്ങള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 
ആരാണവര്‍..?? എന്‍റെ സുഹൃത്തുക്കളോ?? ബന്ധുക്കള്‍ളോ??
പ്രാണന്‍ ‍ പറിഞ്ഞു പോകുമ്പോഴും 
ആശ്വസിപ്പിക്കാന്‍ ഓടിയെതിയവര്‍ .
പകരം തരാന്‍ ഒന്നുമില്ലാതെ ഞാന്‍ ‍
ഏറ്റുവാങ്ങിയ നിങ്ങളുടെ സ്നേഹം .
കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ വീണ്ടും 
ഈ സ്നേഹ മഴയില്‍ നനയണം എന്നു കൊതിച്ചു ഞാന്‍ 
എനിക്കു സൌഹൃദം ആകുന്ന തണല്‍ മരത്തിലേ 
ചില്ലയില്‍ ചേക്കേറാന്‍ അവര്‍ ഒരു ചില്ല തന്നു .
അതില്‍ ഞാന്‍ അവരോടൊപ്പം  ഒത്തു ചേര്‍‍ന്നു..
സന്തോഷത്തിന്‍റെ അലകള്‍ അതില്‍ ‍ തിരയടിച്ചു .
ഒരു നാള്‍ വീശിയടിച്ച വിധി എന്ന കൊടുങ്കാറ്റില്‍ 
എല്ലാം തകര്‍‍ന്നു പോയി.....തകര്‍ന്നു പോയി...
വീണ്ടും വസന്തത്തെ പ്രതീക്ഷിച്ചുകൊണ്ട്
സന്തോഷത്തിന്‍റെ ദിനങ്ങള്‍ നമ്മുക്കായി
കാത്തിരിക്കുന്നുണ്ട് എന്ന വിശ്വാസത്തില്‍...
അവരുടെ  വരവുകള്‍ വീണ്ടും പ്രതീക്ഷിക്കുന്നു .
എന്നിരുന്നാലും നാം ഒന്നാണ് .
നിങ്ങള്‍ ‍ എന്നോടൊപ്പം ഉണ്ടെങ്കില്‍ ‍ 
ഞാന്‍ ‍ തളരുകയില്ല നമ്മുക്കു പോകാം കുറച്ചു ദുരം ഒന്നിച്ചു, 
നമ്മുക്കു പറക്കാം ഈ ആകാശകുടക്കീഴില്‍ 
ഒരു നാള്‍ വസന്തം വരുമെന്ന പ്രതീക്ഷയില്‍ .........






Thursday, January 10, 2013

യമുനയുടെ മഴമേഘക്കനവുകള്‍




















പാദങ്ങള്‍ പതിയെ അമര്‍ത്തി ഇതളടര്‍ന്നു 
വീണ ദളങ്ങക്കു  മുകളിലൂടെ നടന്ന്‌
മഴയില്‍ കുളിച്ചു തണുത്തു ചൂളി 
നില്‍ക്കുന്ന ഭൂമിയെ നോക്കി 
കണ്ണിറുക്കി ചിരിക്കണം  എനിക്ക് ...

കാര്‍കൂന്തല്‍ കൊണ്ട് ഭൂമിയെ 
പുതപ്പിക്കുന്ന കാര്‍മേഘത്തിന്നടുക്കല്‍  ‍നിന്നും 
ഇടവപ്പാതിക്കു മുന്നേ മാനത്തെ തമ്പുരാന്‍ കാച്ചിയ
ശകലം കാച്ചെണ്ണ കടം വാങ്ങണമെനിക്ക്...

അറിയാത്ത മരത്തിന്‍റെ കാണാത്ത 
കൊമ്പില്‍ നിന്നുയരുന്ന കുയില്‍ പാട്ടിന്‍
ശ്രുതിയില്‍ ലയിച്ചു പാടി
കാറ്റിന്‍റെ  താളത്തിനോത്തു നടനമാടി ,
ഇലകളെ നാണിപ്പിക്കണമെനിക്ക് ...

നടുമുറ്റത്തേ  പെയ്യ്ത്തു  വെള്ളത്തില്‍ 
ചിത്രപ്പണികള്‍ തീര്‍ക്കുന്ന മഴയുടെ 
കരങ്ങള്‍ക്കൊപ്പം മിഴിയിണകളെ പായിച്ച് 
ആ വേല പഠിച്ചെടുക്കണമെനിക്ക് ...

പുല്‍നാമ്പുകളോടു കിന്നാരം പറഞ്ഞു  
കൂട്ടിരുന്ന മഴത്തുള്ളികളെ ചുംമ്പിച്ചുണര്‍ത്തുന്ന 
സൂര്യന്‍റെപ്രണയത്തിന്‍റെ  മായാജാലം 
കണ്ടുപിടിക്കണമെനിക്ക് ...

ആര്‍ക്കന്‍റചുംബനമേറ്റ് തിളങ്ങി നില്‍ക്കുന്ന 
മഴതുള്ളികളില്‍ ഒന്നിനെയെങ്കിലും 
ഉള്ളംകയ്യിലെടുത്തു പ്രിയനു  
സമ്മാനമായി നല്‍കണമെനിക്ക് ...


കോരിച്ചൊരിയുന്ന രാത്രിമഴയുടെ 
ശബ്ദവിന്യാസങ്ങളില്‍ ലയിച്ചു ,
ഒരിക്കലും തീരാത്ത കിന്നാരങ്ങള്‍ പറഞ്ഞ് 
പ്രിയന്‍റെ  തോരാത്ത പ്രണയത്തിന്‍റെ  ചൂടില്‍ 
മനം നിറഞ്ഞുറങ്ങണമെനിക്ക് ...

Wednesday, January 9, 2013

സമ്മതം





























കാറ്റിനു സമ്മതമെന്തിനു

മരത്തിന്‍  ചില്ലയില്‍ ഒന്നു തൊടാന്‍

കടലിനു സമ്മതമെന്തിനു

തീരത്തിന്‍റെ പാദങ്ങള്‍ക്കുമ്മ വെക്കാന്‍

രാവിനു സമ്മതമെന്തിനു

സന്ധ്യയെ മൂടിപ്പുതപ്പിക്കുവാന്‍

ശലഭത്തിനെന്തിനു സമ്മതം

പൂവിന്‍റെ  ഉടലൊന്നു തൊട്ടുണര്‍ത്താന്‍

സൂര്യനു സമ്മതം വേണ്ടയീ-

ഭൂമിയെ നിദ്രയില്‍ നിന്നുണര്‍ത്തുവാന്‍ 

എങ്കിലും....

സമ്മതമില്ലാതെ എങ്ങിനെ

നിന്‍ ഹൃദയം തൊടും ഞാന്‍... 

വാനമ്പാടി




















മോഹം ഒരു പൂവിതള്‍ത്തണ്ടുപോല്‍ പൊട്ടിവിടര്‍ന്നൂ ..
ആ വാനമ്പാടി എന്‍റെ മനം കവര്‍ന്നൂ ..
ചിറകൊടിഞ്ഞ വാനമ്പാടി 
പഴയ ഓര്‍മ്മകളില്‍ നീ മാത്രമൊരു സ്വപ്നം 
മിഴിനീരിന്‍ തുമ്പില്‍ വിടരും ഓര്‍മ്മതന്‍ 
പനിനീര്‍ പൂവിനുഎന്തു സുഗന്ധം 
നീയെന്‍ സ്വപ്നത്തിന്‍ ചാരുതയെന്നു ആരാനും അറിഞ്ഞുവോ??
കനവുകള്‍ മെനയുന്ന കഥകളില്‍ 
മനസ്സിന്‍റെ കൂട്ടിലെ മായാത്ത നിറങ്ങളില്‍ 
നിന്‍ പേരു ഞാന്‍ എഴുതീടട്ടേ  വാനമ്പാടി ...
ഒരു പൂക്കാലം പോലെ നെഞ്ചിലേറ്റിയ 
എന്‍ ആശകള്‍ പോട്ടിച്ചിതറുമോ ..??
എന്‍ ഉള്ളു തേങ്ങുന്നതു ആരാനും അറിഞ്ഞുവോ  ..??
ആദ്യം പൊട്ടിത്തകര്‍ന്നു എന്‍ മനം 
പിന്നെ ഭ്രാന്തിയായ്ഞ്ഞു ഞാന്‍ 
രാവുകള്‍ അറിയാതേ ദിക്കുകള്‍ അറിയാതേ 
ആരോരുമില്ലാത്തൊരു കാട്ടു പക്ഷിപ്പോല്‍  
കണ്ണില്‍ ഇരുള്‍ മൂടുന്നു ....
എന്‍റെ കവിതകള്‍ പൊട്ടിച്ചിതറുന്നു 
ഒരു പൂവിതള്‍ പോലേ ..

ഉത്തരം


















അന്നൊരിക്കല്‍ ...
അവന്‍ എന്നോടു  ചോദിച്ചു
മരണം നിര്‍വചിക്കുമ്പോള്‍ ജീവിതത്തിന്‍റെ 
അര്‍ഥം തിരയേണ്ടാതുണ്ടോ ...??
ഞാന്‍ നല്‍കിയ ഉത്തരം ഇതായിരുന്നു ..

അറിയില്ല.....!!

വീണ്ടും  അടുത്ത ചോദ്യം ?
നീ പറയുന്ന മരണത്തിനു 
ഇരകണ്ട കഴുകന്‍റെ കണ്ണിലെ 
കൊതിപിടിപ്പിക്കുന്ന ഭാവമാണ് അല്ലെ  ??

അതുനുള്ള ഉത്തരവും അറിയില്ല ...!!

നിന്‍റെ ചിന്തകള്‍ എപ്പോഴും ആകാശത്തിന്‍റെ  
അതിരുകള്‍ക്കു  അപ്പുറത്ത  യിരുന്നില്ലേ ?? 
ഒരിക്കല്‍ നീ പറഞ്ഞില്ലേ അതിരുകള്‍ 
വിട്ടുപറക്കുന്നതായി പിന്നീടു  
നീ ഉണര്‍ന്നിട്ടില്ല എന്നും 
അതും നീ പറയുന്ന മരണത്തിന്‍റെ
വേറൊരു മുഖം അല്ലേ .??
ഇതിനുള്ള  ഉത്തരവും അറിയില്ല ..!!

കറുകനാമ്പിലെ  കുഞ്ഞു സുര്യന്‍ പെട്ടന്നു  
അസ്തമിച്ചപോലെ ..
ദേഷ്യത്തോടുകൂടി ...
പിന്നെ..നിനക്കു എന്തറിയാം ...??
എന്നായി ചോദ്യം ...???

ഏതിനെങ്കിലും ഉള്ള ഉത്തരം നല്‍കിയില്ലങ്കില്‍  
അവനു സംങ്കടം വരും ...!!
ഞാന്‍ നല്‍കിയ ഉത്തരം  ഇതായിരുന്നു ...

നിന്‍റെ  സ്നേഹം പോലെ ശ്വസംമുട്ടിക്കുന്ന 
ഒരുനുഭവമാണെന്നറിയാം
നിന്‍റെതുപോലെ മരണത്തിന്‍റകണ്ണിലെ 
സ്നേഹാര്‍ദ്ര ഭാവവും എനിക്കു 
നിഷേധിക്കാനാവില്ലന്നും  അറിയാം ...

ഇതൊരു  യാത്രയാണു എന്നും അറിയാം ..
അതിലേ വെറും സഞ്ചരികള്‍ ആണുനാമെല്ലാം
കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ നിയോഗിക്കപ്പെട്ട 
വെറും കര്‍മ്മയോഗികള്‍ ആണെന്നും അറിയാം ...   

ഹൃദയത്തിനുകുറുകേ വേലി തീര്‍ത്തു 
അതിരുകള്‍ തിരിക്കുന്നവന്‍ , 
അവനാണ് മരണം....
ആ അതിരുകള്‍ ഭേദിക്കുവാന്‍ 
എനിക്കോ നിനക്കോ കഴിയില്ലന്നും അറിയാം ...

നേരും നുണയും തിരിച്ചറിയാതെ 
കാലത്തിന്‍ കണ്ണടിയില്‍ തെളിയുന്ന 
ദിക്കറിയാതെ , വാക്കറിയാതെ 
ഉഴലുന്ന വെറും പേക്കോലങ്ങള്‍ 
ആണുനാമെല്ലാം എന്നുമാറിയാം ...
എന്താ ശരിയാണോ ... ??


Saturday, January 5, 2013

നിര്‍വികാരത





















പ്രപഞ്ചം  മുഴുവന്‍ പ്രകാശം ചൊരിയുന്ന 
സുര്യനു പോലും ഒരു പകലിന്‍റെ 
ആയുസ്സേ ഉള്ളു നീ തിരിച്ചറിയുന്നില്ലേ ??
മിഴിതുറന്ന താരങ്ങള്‍ സന്ധ്യയുടെ
വാതായനങ്ങള്‍ തുറക്കുന്നതും നീയറിഞ്ഞില്ലേ  ??

നിലാവിന്‍റെ നെഞ്ചിലൂടെ രാത്രി മഴ 
ഒരു കുഞ്ഞു കാറ്റായി നിന്നെ തഴുകുന്നതും 
നീ അറിയുന്നില്ലേ ..?

അലറുന്ന കടലിലേക്കവള്‍ മിഴി നട്ടിരുന്നു ..
പറയാന്‍ മറന്ന പരിഭവങ്ങളില്‍ 
അവളുമൊരു കടലായിരുന്നു ..
ഹൃദയ തീരത്തു  വേദനകളുടെ 
തിരമാലകള്‍ ആഞ്ഞടിക്കുന്ന കടല്‍
അതായിരുന്നു അവള്‍ ..!!!

പിന്നീട് ,
രാവിന്‍റെ ഉടു വസ്ത്രത്തിനു കട്ടികൂടിയും ..
താരങ്ങള്‍ കൂടുതല്‍ തിളങ്ങുകയും ചെയ്യതനേരം ..
അലറുന്ന കടലിലേക്കവള്‍ നോക്കി നിന്നു ഏറെനേരം..
നിമിഷങ്ങള്‍ യുഗങ്ങളായി മാറുന്ന നേരത്തു 
അലറുന്ന കടലിലേക്കവള്‍ നടന്നു ..
രാവിന്‍റെ അന്ത്യയാമങ്ങളില്‍ 
എപ്പോഴോ ..അനുവാദത്തോടെ 
അങ്ങനെ  രണ്ടു കടലുകളും ഒന്നയിത്തിര്‍ന്നു ..
ഫലമായി നല്ലൊരു പുലരി വിരിഞ്ഞൂ ..

Friday, January 4, 2013

വേദിക ഒരു മഞ്ഞുതുള്ളി
















മഞ്ഞുതുള്ളിപോല്‍ നറു 
മഞ്ഞുവീണലിയുന്ന
കുഞ്ഞു പൂവുപോല്‍ 
പൂവിന്‍പിഞ്ചു തളിരില പോലേ
ദൂരെ ദൂരെ നിന്നെത്തും 
സൗമ്യമാം സുഗന്ധത്തില്‍ 
ഗൂഡമായി മയങ്ങുന്നോരോര്‍മ്മ 
പോല്‍ എന്‍ വിഷാദം....

വേദികനിലക്കവേ നീറിയ വീണാനാദം
കേട്ടു  കേണലിഞ്ഞൂറും 

വായുവില്‍ സ്പര്‍ശം പോലേ  
നീരവ വിശാലമാം കായലില്‍ തോണിക്കുള്ളില്‍
പാതിരാമയക്കത്തില്‍ ഞെട്ടിയപാന്തന്‍ കാണ്‍കേ
ശ്യാമള പ്രപഞ്ചത്തിന്‍ സീമയില്‍ 

ഘനശ്യാമരേഖയാം തീരത്തെങ്ങും 
മിന്നിടും ദീപം പോലേ  
ഒതുവാനാവില്ലല്ലോ ഭാഷതന്‍  
മുനയെങ്ങാനുടിഞ്ഞാല്‍ പിഞ്ചി പോകും
സന്നിഗ്ദ്ധതേ ... 

നിന്നെപ്പറ്റി ഭദ്രമെന്നു വാത്സല്യത്തിന്‍  
പു ഞ്ചിരിക്കോതുങ്ങുന്നു നിത്യവും 
ഞാന്‍ മുഗ്ദ്ധതേനിന്നെ ചുറ്റി ...

എന്തിനൊരു കൂട്ടുകാരി??













ഒരു കിനാവിന്‍റെ മുറ്റത്തു 
നിന്നു ഞാന്‍ നിരൂപിക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

നിലാവുള്ള രാത്രികളില്‍ 
നിശാഗന്ധികള്‍ പൂക്കുമ്പോള്‍ 
ഞാനോര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ...

കുംഭമാസ നിലാവു പാരിനേ 
പുണരുമ്പോള്‍ എന്‍റെ 
മനസ്സു ചൊല്ലാറുണ്ട്  
വേണമെനിക്കൊരു കൂട്ടുകാരി ...

ഒരു ചാറ്റല്‍ മഴ വന്നെന്‍റെ 
മേനി പുണരുമ്പോള്‍ ഓര്‍ക്കാറുണ്ട് 
വേണമെനിക്കൊരു കൂട്ടുകാരി ... 

അല്ലാ...!
എന്‍ മനസ്സിലിന്നു നിറയേ 
ചാരുറ്റ കവിതയുള്ളപ്പോള്‍ 
എനിക്കു കൂട്ടിന്നു 
എന്തിനൊരു കൂട്ടുകാരി ...?













Thursday, January 3, 2013

വര്‍മുകില്‍





















മഴയായി മഴമുകിലായി നീയെന്നില്‍ വാ ..
ഒരു പൂവിന്‍ ഗന്ധം പോലെ നീയെന്നില്‍ വാ ..
കാറ്റായി..ഒരു കുളിര്‍ കാറ്റായി  നീയെന്നില്‍ വാ ..
ഒരു പാട്ടിന്‍ ഈണം പോല്‍ നീയെന്നില്‍ വാ....
നിന്‍ നിനവില്‍ പുതച്ചു മൂടാന്‍
നിന്‍ ചുണ്ടില്‍ മധുരമേല്‍കാന്‍
നിന്‍ നിറുകയില്‍ മെല്ലേ തലോടനായി അഴകേ ...
എന്‍ അഴകേ..നീയെന്‍ മുന്നില്‍ വാ..
കാതില്‍ നീ മൂളുന്ന പ്രണയ കാവ്യത്തില്‍ ...
നെഞ്ചില്‍ നീ മീട്ടുന്ന സ്നേഹ വീണ നാദമായി ...
ഇണയായി  ഞാന്‍ അരുകില്‍എത്തുമ്പോള്‍ ...
മയിലായി നീ പീലിവിടര്‍ത്തിയാടില്ലേ...
ശോഭയായി മിന്നുന്ന സ്വപ്നഹംസമായി ..
തിങ്കളായി എന്‍  മാനത്തേ അഴകിന്‍ താരമായി...
വണ്ടായി ഞാന്‍ അരികില്‍ എത്തുമ്പോള്‍
പൂവായി നീ വിടരില്ലേ ....



തനിയാവര്‍ത്തനം














ഞാന്‍  നിനക്കു  ആരാണ് ...??

ചോദ്യങ്ങള്‍ നിന്‍റെ നേരെ നീളുമ്പോള്‍  

നിശബ്ദതയില്‍ കൂടു കൂട്ടുന്നു നീ ...


ആരോ ഒരാള്‍ ...!!

വഴിയാത്രക്കാരിയെന്നോ 

സഹയാത്രികയെന്നോ ...

എന്താണു പറയേണ്ടത് ... ???


ബന്ധങ്ങള്‍ ... 

ഇപ്പോള്‍ തീര്‍ത്തും 

ലളിതമായ വലകളല്ലേ

പഴയവ പൊട്ടിച്ചെറിയുന്ന 

നിമിഷത്തില്‍ പുതിയവമെനയാം ...

 

കാഴ്ചയില്‍ നിന്നു മറയും 

മുന്‍പേ മറവിയില്‍ പെടുന്നു

പലരും ഒരേ വേഗതയില്‍ 

ഇരു ദിശകളിലേക്കു നടന്നു 

അടുക്കുകയും അകലുകയും 

ചെയ്യുന്ന വെറും രൂപങ്ങള്‍ മാത്രം ....


വന്നു ചേരലിന്‍റെ  ലഹരിയില്‍

നഷ്ടങ്ങള്‍  അറിയുന്നതേയില്ല 

ആരാലും ഉപേക്ഷിച്ചവരും 

ഉപേക്ഷിക്കപ്പെട്ടവരും 

മുഖങ്ങള്‍  മാത്രമേ മാറുന്നുള്ളൂ ...


കഥയും കഥാപാത്രങ്ങളും ഒന്നു തന്നേ 

ഇവിടെ നഷ്ടപ്പെടലും സ്വന്തമാക്കലുമില്ല...

വെറും വേദനയുടെ ഒഴുക്കുകള്‍ മാത്രം ....!!!

നീയും ഞാനും ഇല്ല ,


നമ്മുടെതായി 

സ്നേഹവും സങ്കല്പങ്ങളും ഇല്ല 

ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് 

ഒഴുകി മാറുന്ന രൂപങ്ങള്‍ മാത്രം 


പഴയതു മറന്നു പുതിയ തുടക്കങ്ങളിലേക്ക്  

നിനക്കു  നടന്നു കയറാം അവിടെ

ഞാന്‍  ഒരു തടസ്സം ആവില്ല....

എന്നാലും ആരും ആര്‍ക്കും നല്‍കിയിട്ടില്ലാത്ത 
ഒരു സമ്മാനം നിനക്കായി ഞാന്‍ കാത്തു സൂക്ഷിക്കുന്നുടു...
അതിനു സമയം ആവുമ്പോള്‍ നിന്‍റെ മുന്നില്‍ ‍നീപോലും 
അറിയാതെ വന്നുകൊള്ളും... 
ബന്ധത്തെ ചൊല്ലി വിളിക്കാന്‍ഒരു പേരില്ലാ 
എങ്കിലും നമ്മുക്കു സ്നേഹം എന്നു  വിളിക്കാം...!!!!!! 
അല്ലേ.............???



Tuesday, January 1, 2013

പൊന്‍പുലരി



















കോട മഞ്ഞിന്‍ തണുത്ത പുലരിയില്‍
പുലര്‍ക്കാലം ഇലത്തുമ്പില്‍ മറന്നുവെച്ചോരു  
കുഞ്ഞു മഞ്ഞിന്‍ കണമേ നിന്നെ,
തൊട്ടെടുക്കാന്‍ മടിച്ചു നിന്ന് ഞാന്‍ ഒരു വേള.
എന്‍റെ വിരല്‍ത്തുമ്പിന്‍ ചൂടില്‍ 
നീ  മാഞ്ഞു  പോവതു സഹിപ്പതില്ലെനിക്ക്.
പിന്നെയെപ്പോഴോ ഒരു മഴയായ് വീശി,
പാടത്തും പറമ്പിലും മുറ്റത്തും പെയ്തുതിമിര്‍ക്കെ,
അവസാനമെന്‍ മനസ്സിലേക്കും....

നനയാതിരിക്കാന്‍ ആവില്ലെനിക്ക്
ഓരോ മഴക്കാലത്തിനും അപ്പുറം എനിക്കായ് 
മാത്രം കാത്തിരിക്കും  വേനലിന്‍ ഊഷരതയില്‍ 
പാടത്തേ നെല്ലിനും മുറ്റത്തെ പൂക്കള്‍ക്കും 
മഞ്ഞു തുള്ളിയുടെ മുത്തുകള്‍ സമ്മാനിച്ചു നീ,
തിരിച്ചിറങ്ങാന്‍  പോകുമ്പോള്‍ ഞാനോര്‍ത്തു
വെറുതെ, 

കാത്തിരുന്ന എനിക്കായ് 
ഒരു വാക്കുപോലും ബാക്കി വെക്കാതെ 
പടികടന്നു പോകുമ്പോഴും,
ഒരു മാത്രാ ഞാന്‍ കൊതിച്ചു,
ഒന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിലെന്ന്.

പക്ഷേ, 
നീ ..ഞാനായിരുന്നില്ലേ...
ഈ ലോകം മുഴുവന്‍ നിന്‍ 
കൈപ്പിടിയില്‍ ഒതുങ്ങുമൊരു നാള്‍ 
സ്വപ്നം കണ്ടു  തിരിച്ചു നടന്നേന്‍  കൂട്ടിലേക്ക് .
തിരിഞ്ഞു നടന്ന നേരമെന്‍ കണ്‍പീലിയിലും
ഉണ്ടായിരുന്നല്ലോ,  
നീ തന്നു പോയൊരു ചെറുമഴത്തുള്ളി ...































Monday, December 31, 2012

വിടപറയുന്ന സന്ധ്യ




















ഒരു വര്‍ഷത്തിലെ അവസാന സന്ധ്യയും
ഡിസംബറിലെ നനുത്ത മഞ്ഞിന്‍ കുളിരിനൊപ്പം 
അര്‍ദ്രയായെന്നെ വിട്ടൊഴിഞ്ഞപ്പോള്‍
മനസ്സെന്തിനോ വിതുമ്പുന്നു ...

ഓര്‍മ്മയില്‍ ഒരു കനവായി തെളിയുന്ന 
സ്നേഹ തീരത്തില്‍ ഏകയായി നില്‍ക്കുമ്പോള്‍
ഉള്ളിലുയരുന്ന ആര്‍ദ്രനാദങ്ങള്‍ക്കൊടുവില്‍
ഇന്നിന്‍റെ  നൊമ്പരം എന്നെ അടുത്തറിയുന്നു ...

തുറിച്ചു നോക്കുന്ന പകലുകള്‍ക്കിടയിലെവിടെയോ,
വീണു ഉടഞ്ഞു ചിതറിയ ബന്ധവും
അടരാന്‍ വെമ്പുന്ന ഹൃദയത്തില്‍നിന്നു മിറ്റു 
വീഴുന്ന നിണവും ഇന്നെനിക്ക്‌ സ്വന്തം ...

കരഞ്ഞു തീര്‍ക്കുന്ന സന്ധ്യകള്‍ക്കിടയിലൂടെ
ഇന്നലെയുടെ നീറുന്ന നിനവുകള്‍
വെട്ടി തിളക്കുമീ ജ്വാലാമുഖികള്‍ക്കു നടുവില്‍
ഇന്നിന്‍റെ നഷ്ടത്തെ  ചേര്‍ത്തു പിടിക്കുന്ന പാഴ്മനസ്സ് ...

കാലത്തിന്‍റെ  കറുത്ത പുകക്കുള്ളില്‍ എവിടെയോ 
മറഞ്ഞു പോയൊരു നനുത്ത വര്‍ണ്ണം
ഇനിയും മരിച്ചു ദ്രവിക്കാത്ത ഓര്‍മ്മകള്‍ക്കു 
നടുവില്‍വീണു പിടയുന്ന മനസ്സ് ...

മുറിഞ്ഞ മൌനത്തിന്‍റെ   സംഗീതത്തിനോടുവില്‍,
തേങ്ങി തളര്‍ന്ന രാഗങ്ങള്‍ക്കു നടുവില്‍
തിളച്ചു പൊന്തുന്ന സ്നേഹാഗ്നിയില്‍ 
ഒരു വേനല്‍ പക്ഷി വെന്തുയെരിയുന്നു ...

മിഴി നീരു ഇറ്റു വീണ കാലത്തിന്‍റെ കല്‍പടവില്‍ 
ആരോ മറന്നു വെച്ചൊരു തൂലികത്തുമ്പും  പിടിച്ചു,
ഒരു ജന്മത്തിന്‍റെ  കാവ്യം തീര്‍ക്കാന്‍ ...
ഇന്നിന്‍റെ നിറവിലൂടൊരു പ്രയാണം ആരംഭിക്കട്ടെ!














ഒരു നല്ല പുലരിക്കായി കാത്തിരിക്കാം ....