Saturday, July 27, 2013

ഭിക്ഷായനന്‍







































താരാട്ടു പാടുവാന്‍ അമ്മയില്ല
താലോലമാട്ടുവാന്‍ അച്ഛനുമില്ല
അന്തിയുറങ്ങുവാനൊരു കൂരയില്ല 
ഇരുട്ടില്‍ കൂട്ടായിട്ടാരുമില്ല

പൂക്കളാല്‍ നെയ്തെടുത്തോരു വസന്തമില്ല
അറിവിന്‍ ആദ്യക്ഷരങ്ങള്‍ക്കുറിച്ചൊരു നാളില്ല
തറവാട്ടിന്‍ തൊടിയില്‍ ഗോക്കളുമൊന്നിച്ചു 
കളിച്ചോരു ബാല്യവുമില്ല

പഴംപാട്ടും, പഞ്ചതന്ത്രകഥകളും 
പറഞ്ഞുതരാനൊരു മുത്തശ്ശനുമില്ല
പുലരിയില്‍ പ്ലാവിലക്കുമ്പിളില്‍
നറുവെണ്ണതരുവാനൊരു മുത്തശ്ശിയുമില്ല

ദാവണിത്തുമ്പു പിടിച്ചു നടത്താനൊരു ഓപ്പോളുമില്ല 
കുറുമ്പുകാട്ടും എന്നുടെ വികൃതിയെ ശാസിച്ചു 
ചാരേ നിര്‍ത്തി ഓലപ്പന്തും പീപ്പിയും 
നല്‍കുവാനൊരു കുഞ്ഞേട്ടനുമില്ല .... 

വാര്‍മഴവില്ലു കണ്ടു മഴ നനയാന്‍ കൊതിച്ചു
കാറ്റിനെ കാത്തു കാത്ത് പിണങ്ങിപ്പോയ
കാര്‍മേഘത്തെ നോക്കി വിതുമ്പിയ
ബാല്യവും എനിക്കന്യമല്ലോ....?

താങ്ങും തണലുമെങ്ങുമില്ല 
താങ്ങായിനില്‍ക്കുവാനാരുമില്ല
മൊട്ടിട്ടു നിന്നൊരാകാലം തൊട്ടേ 
അറ്റങ്ങുപോയല്ലോ തായ്‌വേരുകള്‍ 

ആരോ വലിച്ചെറിഞ്ഞോരു ജീവനെ  
ജീവിത യാത്രയില്‍  തോളിലേറ്റി 
വിധിയ്ക്കൊപ്പം നീറി നീറി
ജീവച്ഛവം പോലെ നീങ്ങുന്നു ഞാന്‍

ഭാരമതേറെയുണ്ടെന്നാകിലും
ഭാരിച്ചതല്ലല്ലോ ഭാണ്ഡമിന്നെനിക്ക് 
എന്‍ ജീവന്‍റെ ജീവനാം കുഞ്ഞനുജത്തി  
ഒരുകാലവുമെനിക്കന്യയല്ല 

ഭിക്ഷാനനായി സഞ്ചരിക്കുമെനിക്ക്
മറക്കാനാവില്ല ഒരിക്കലും നിന്‍
മുത്തുമണികള്‍ ചിതറുമാ പുഞ്ചിരിയും
ഹൃദയത്തില്‍ ഒഴുകിയെത്തുമാ 
നിന്‍ മിഴിചലനങ്ങളും, കിളികൊഞ്ചലും.
എല്ലാമെന്നില്‍ സ്നേഹനൊമ്പരത്തിന്‍
കണികകളായി തീര്‍ന്നുവല്ലോ കുഞ്ഞേ!










































4 comments:

  1. ജീവിതത്തിന്റെ പുറമ്പോക്കിൽ,
    വാടി വരളും പാഴ്ച്ചെടികൾ..!!

    നമ്മൾ നിൽക്കുന്ന,അല്ലെങ്കിൽ നടന്നു വന്ന വഴികളിലെ അനുഗ്രഹ വർഷങ്ങൾ എത്രത്തോളമെന്ന്/ആയിരുന്നെന്ന് ഇത്തരം കാഴ്ച്ചകൾ നമുക്കു കാട്ടിത്തരുന്നു.
    നമ്മുടെയെല്ലാം കണ്ണുതുറപ്പിക്കാനായി, ഭൂമിയിൽ ഇങ്ങനെയും ചില ജീവിതങ്ങൾ...!! അതു കണ്ടിട്ടും നമ്മളാരും...??!!!

    വളരെ നന്നായി എഴുതി.ഇഷ്ടമായി.

    ശുഭാശംസകൾ...

    ReplyDelete
  2. താരാട്ട്, പൂക്കളാല്‍ നെയ്തെടുത്തോരു വസന്തം, തറവാട്, തൊടി, പഴംപാട്ട്, പഞ്ചതന്ത്രകഥകളും, മുത്തശ്ശന്‍, ദാവണി, ഓപ്പോല്‍, ഓലപ്പന്തും പീപ്പി, വാര്‍മഴവില്, കാര്‍മേഘത്തെ നോക്കി വിതുമ്പിയ
    ബാല്യം...

    ഇതൊക്കെ ഈ കാലഘട്ടത്തിന്റെ നഷ്ട്ടങ്ങലാണ്..

    ReplyDelete
  3. എത്ര ബാല്യങ്ങളിങ്ങനെ....

    ReplyDelete
  4. നന്നായിരിക്കുന്നു....ആശയുടെ വ്യത്യസ്ഥമായ ഒരു രചന...

    ReplyDelete