വിദര്‍ ഭരാജ്യത്തെ രാജാവായിരുന്നു ഭീമന്‍. ദീര്‍ഘകാലം സന്താനഭാഗ്യമില്ലാതിരുന്ന ഭീമരാജാവിന്‍റെ കൊട്ടാരത്തില്‍ ഒരിക്കല്‍ ദമനന്‍ എന്ന മഹര്‍ഷി എത്തുകയും രാജാവിന്‍റെ സത്കാരത്തിലും ധര്‍മനിഷ്ഠയിലും സന്തുഷ്ടനായ മഹര്‍ഷി സന്താനഭാഗ്യമുണ്ടാകുമെന്ന് അനുഗ്രഹിക്കുകയും ചെയ്തു. രാജാവിന് മൂന്ന് പുത്രന്മാരും ഒരു പുത്രിയും ജനിച്ചു. ഇവര്‍ക്ക് ദമന്‍, ദാന്തന്‍, ദമനന്‍, ദമയന്തി എന്നിങ്ങനെ പേര് നല്കി. രൂപസൗഭാഗ്യത്താലും അനന്യമായ ഭാവൗത്കൃഷ്ട്യത്താലും ദമയന്തി ദേവന്മാരെപ്പോലും ആകര്‍ഷിച്ചു.
ഈ കാലത്തുതന്നെ നിഷധരാജ്യത്തെ രാജാവായ വീരസേനന് നളന്‍ എന്ന ധര്‍മിഷ്ഠനും അതുല്യ പ്രതിഭാധനനുമായ പുത്രനുണ്ടായിരുന്നു. ഒരിക്കല്‍ നളന്‍റെ സമീപത്തെത്തിയ രാജഹംസങ്ങള്‍ ദമയന്തിയുടെ ഗുണഗണങ്ങളെക്കുറിച്ച് നളനോട് പറയുകയുണ്ടായി. ഈ ഹംസങ്ങള്‍തന്നെ നളന്‍റെ ഗുണഗണങ്ങളെക്കുറിച്ച് ദമയന്തിയോടും പറയുകയും അവര്‍ തമ്മില്‍ അനുരാഗബദ്ധരാവുകയും ചെയ്തു.
ദമയന്തിയുടെ സ്വയംവരത്തിന് രാജാക്കന്മാരും ഇന്ദ്രന്‍, വരുണന്‍, അഗ്നി, യമന്‍ എന്നീ ദേവന്മാരും എത്തിച്ചേര്‍ന്നു. നളന്‍റെ വ്യക്തിത്വം മനസ്സിലാക്കിയ ദേവന്മാര്‍ ദമയന്തി നളനെയാണ് വരിക്കുന്നതെന്നു മനസ്സിലാക്കി തങ്ങള്‍ ദമയന്തിയെ പത്നിയായി ലഭിക്കാനാഗ്രഹിക്കുന്നതായി നളന്‍തന്നെ ദമയന്തിയെ അറിയിക്കണമെന്ന് അഭ്യര്‍ഥിച്ചു. ദേവന്മാര്‍ നല്കിയ തിരസ്കരണിവിദ്യ ഉപയോഗിച്ച് നളന്‍ അന്തഃപുരത്തില്‍ പ്രവേശിച്ച് ദമയന്തിയോട് ദേവന്മാരുടെ ആഗ്രഹം അറിയിച്ചു. ദമയന്തി ആ ആഗ്രഹം സ്വീകരിച്ചില്ല. താന്‍ നളനെയാണ് വരിക്കുന്നത് എന്ന തീരുമാനം അറിയിച്ചു. സ്വയംവര സദസ്സില്‍ നാലുദേവന്മാരും നളന്‍റെ സമീപം നളന്‍റെ അതേ രൂപത്തില്‍ പ്രത്യക്ഷരായി. യഥാര്‍ഥ നളനെ തിരിച്ചറിയാന്‍ ദേവന്മാര്‍ തന്നെ സഹായിക്കണം എന്നു ദമയന്തി ദേവന്മാരോടു പ്രാര്‍ഥിച്ചപ്പോള്‍ ദമയന്തിയുടെ സ്വഭാവ മഹിമയില്‍ സന്തുഷ്ടരായ ദേവന്മാര്‍ അവരവരുടെ രൂപം സ്വീകരിക്കുകയും നളനെയും ദമയന്തിയെയും അനുഗ്രഹിക്കുകയും അനേകം വരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്തു.
നളദമയന്തീ വിവാഹത്തിനുശേഷം ദേവലോകത്തേക്കു പോയ ദേവന്മാര്‍ മാര്‍ഗ്ഗമധ്യേ കലിയെയും ദ്വാപരനെയും കണ്ടുമുട്ടി. ദമയന്തീസ്വയംവരത്തിനു തിരിച്ചതായിരുന്നു ഇരുവരും. ദമയന്തി നളനെ വരിച്ചതറിഞ്ഞ് കുപിതരായ അവര്‍ നളദമയന്തിമാരെ വേര്‍പിരിക്കുമെന്നും നളനെ രാജ്യഭ്രഷ്ടനാക്കുമെന്നും ശപഥം ചെയ്തു. നളന്‍റെ സഹോദരനായ പുഷ്കരനെ വശത്താക്കി കള്ളച്ചൂതുകളിയിലൂടെ നളന്‍റെ രാജ്യം പുഷ്കരനു സ്വന്തമാക്കി നല്കി. ഗത്യന്തരമില്ലാതെ നളന്‍ ദമയന്തിയുമൊത്ത് വനത്തില്‍ പോയി. നളന്‍റെ തോല്‍വി കണ്ട ദമയന്തി തേരാളിയായ വാല്‍ഷ്ണേയനെ വരുത്തി പുത്രനായ ഇന്ദ്രസേനനെയും പുത്രിയായ ഇന്ദ്രസേനയെയും വിദര്‍ഭ രാജധാനിയിലെത്തിച്ചിരുന്നു.
കാട്ടില്‍ അലഞ്ഞുനടന്ന നളദമയന്തിമാര്‍ അത്യന്തം പരിക്ഷീണരായി. ദമയന്തി ക്ഷീണംമൂലം ഉറങ്ങിക്കിടക്കുമ്പോള്‍ കലിബാധിതനായ നളന്‍ ദമയന്തിയെ ഉപേക്ഷിച്ചിട്ട് വനത്തിന്‍റെ ഉള്ളിലേക്കു പോയി. ഉറക്കമുണര്‍ന്ന ദമയന്തി നളനെ കാണാതെ വിലപിച്ചു. ഈ സമയം ഒരു പെരുമ്പാമ്പ് ദമയന്തിയെ ആക്രമിച്ചു. ഉറക്കെ നിലവിളിച്ച ദമയന്തിയെ ഒരു കാട്ടാളന്‍ രക്ഷിച്ചു. എന്നാല്‍ കാട്ടാളന്‍ ദമയന്തിയെ തന്‍റെ പത്നിയാകുന്നതിനു നിര്‍ബന്ധിക്കുകയും ദമയന്തി ആ ആഗ്രഹം നിഷേധിച്ചപ്പോള്‍ ബലാത്ക്കാരമായി ദമയന്തിയെ സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റു മാര്‍ഗ്ഗമില്ലാതെ ദമയന്തി കാട്ടാളനെ ശപിച്ച് ഭസ്മമാക്കി.
വനത്തില്‍ അനന്യശരണയായി നടന്ന ദമയന്തി അതുവഴി കടന്നുപോയ ഒരു കച്ചവട സംഘത്തെ കണ്ട് അവരോടൊപ്പം യാത്രയായി. അവര്‍ ദമയന്തിയെ ചേദിരാജ്യത്തെത്തിച്ചു. മലിനവേഷത്തോടെ ഒരു ഭ്രാന്തിയെപ്പോലെ കാണപ്പെട്ട ദമയന്തിയെ ചേദി രാജാവിന്‍റെ രാജ്ഞി കൊട്ടാരത്തിലേക്കു വരുത്തുകയും അവിടെ അഭയം നല്കുകയും ചെയ്തു. എന്നാല്‍ ദമയന്തി താന്‍ ആരാണെന്ന സത്യം അറിയിച്ചില്ല.
ദമയന്തിയെ ഉപേക്ഷിച്ചുപോയ നളന്‍ കാട്ടുതീയില്‍ നിന്ന് കാര്‍ക്കോടകന്‍ എന്ന നാഗരാജനെ രക്ഷിച്ചു. കാര്‍ക്കോടകന്‍റെ ദംശനത്താല്‍ നളന്‍ വിരൂപനായി. എന്നാല്‍ നളന്‍റെ വൈരൂപ്യം ആ സമയത്ത് ഒരു അനുഗ്രഹമാകുമെന്നും അയോധ്യാരാജാവായ ഋതുപര്‍ണന്‍റെ സാരഥിയായി ബാഹുകന്‍ എന്ന പേരില്‍ നളന്‍ കുറച്ചുനാള്‍ ജീവിച്ചശേഷം ദമയന്തിയുമായി പുനസ്സമാഗമമുണ്ടാകുമെന്നും നാഗരാജാവ് അറിയിച്ചു. സ്വന്തം രൂപം വേണ്ടപ്പോള്‍ ധരിക്കുന്നതിന് ദിവ്യമായ രണ്ട് വസ്ത്രങ്ങള്‍ കാര്‍ക്കോടകന്‍ നളനു നല്കി. അയോധ്യാ രാജധാനിയിലെത്തിയ ബാഹുകന്‍ രാജാവായ ഋതുപര്‍ണന്‍റെ തേരാളിയായി കഴിഞ്ഞുകൂടി.
നളനെയും ദമയന്തിയെയും അന്വേഷിക്കുന്നതിന് വിദര്‍ഭരാജാവ് എല്ലാ ദേശത്തേക്കും അയച്ച ബ്രാഹ്മണരില്‍ ഒരാള്‍ ദമയന്തിയെ തിരിച്ചറിയുകയും ചേദിരാജാവിന്‍റെയും രാജ്ഞിയുടെയും അനുഗ്രഹാശിസ്സുകളോടെ ദമയന്തി വിദര്‍ഭരാജ്യത്തെത്തുകയും ചെയ്തു. നളനെ കണ്ടെത്താതെ തനിക്ക് ജീവിതം സാധ്യമല്ലെന്ന് ദമയന്തി പിതാവിനെ അറിയിച്ചു. നളനെ അന്വേഷിച്ചിരുന്ന ബ്രാഹ്മണരില്‍ പര്‍ണാദന്‍ എന്ന ബ്രാഹ്മണന്‍ താന്‍ അയോധ്യയില്‍വച്ച് ബാഹുകന്‍ എന്ന തേരാളിയെ കാണുകയും അയാള്‍ ദമയന്തിയെപ്പറ്റി പല കാര്യങ്ങളും അന്വേഷിക്കുകയും ചെയ്ത വിവരം വിദര്‍ഭരാജാവിനെ അറിയിച്ചു. ദമയന്തിയുടെ ആവശ്യപ്രകാരം, ദമയന്തിയുടെ രണ്ടാം സ്വയംവരം അടുത്ത ദിവസം നടക്കുന്നതായി ഋതുപര്‍ണനെ അറിയിക്കുന്നതിന് സുദേവന്‍ എന്ന ബ്രാഹ്മണനെ അയച്ചു. അത്രയും സമയംകൊണ്ട് നളനു മാത്രമേ തേര്‍ തെളിച്ച് വിദര്‍ഭരാജ്യത്ത് എത്താന്‍ സാധിക്കൂ എന്ന് ദമയന്തി മനസ്സിലാക്കിയിരുന്നു.
ഋതുപര്‍ണനുമൊത്ത് കൊട്ടാരത്തിലെത്തിയ ബാഹുകനെ ദമയന്തി തിരിച്ചറിയുകയും നളനെ കണ്ടെത്തുന്നതിനു വേണ്ടിയായിരുന്നു രണ്ടാം സ്വയംവരം എന്ന അസത്യം പറയേണ്ടിവന്നതെന്നറിയിക്കുകയും ചെയ്തു. ഈ സമയത്ത് 'ദമയന്തി നളനെ മാത്രമേ ചിന്തിച്ചിരുന്നുള്ളൂ'എന്ന് അശരീരി ഉണ്ടാവുകയും ദേവന്മാര്‍ പുഷ്പവൃഷ്ടി ചെയ്യുകയുമുണ്ടായി. നളന്‍ നാഗരാജാവു നല്കിയ വസ്ത്രം ധരിച്ച് തന്‍റെ യഥാര്‍ഥ രൂപം നേടി. സൈന്യസമേതം നിഷധ രാജ്യത്തെത്തിയ നളന്‍ ചൂതുകളിയിലൂടെത്തന്നെ പുഷ്കരനെ തോല്പിച്ച് രാജ്യം സ്വന്തമാക്കി. എന്നാല്‍ പുഷ്കരനെ സുഹൃത്തായിത്തന്നെ പരിഗണിച്ചു.
അനശ്വരമായൊരു പ്രേമകഥ. അല്ലേ?
ReplyDeleteകുട്ടിക്കാലത്തെങ്ങോ വായിച്ച് വിശദാംശങ്ങളൊക്കെ മറന്നിരുന്നു
ഇപ്പോള്‍ വായിയ്ക്കുമ്പോള്‍ എല്ലാം ഓര്‍മ്മവരുന്നു
താങ്ക്സ്.
നളപാകത്തെക്കൂടിയൊന്ന് പറയാമായിരുന്നു
നന്ദി
ReplyDeleteവളരെ നന്ദി
ReplyDelete