Friday, August 23, 2013

പ്രിയ കുസുമം
















ഞാന്‍ മുകുന്ദന്‍ മേനോന്‍. ഒരു പ്രവാസിയാണ്. ചെര്‍പ്പുളശ്ശേരിയില്‍ ആണ് വീട്, അച്ഛന്‍, അമ്മ ,ഓപ്പോള്‍ ഇവര്‍ അടങ്ങുന്ന ഒരു കൊച്ചു കുടുംബം . അവിടെ ഇപ്പോള്‍ അവര്‍ക്കൊപ്പം  എന്‍റെ സഹധര്‍മ്മിണിയായ നന്ദിനിയും, തീര്‍ത്ഥ മോളും ഉണ്ട്. നാട്ടിലെ സാമ്പത്തിക സ്ഥിതി മോശമായപ്പോള്‍, രണ്ടും കല്‍പ്പിച്ചു കടല്‍ കടന്നതാണ് ഞാന്‍.  


ഇപ്പോള്‍ എല്ലാം കരക്കടുപ്പിച്ചുകൊണ്ട് വരുന്നു. അധികം വൈകാതെ ചെര്‍പ്പുളശ്ശേരിയിലേക്ക് മടക്കയാത്ര ഉണ്ട്. ഈ പ്രവാസ ജീവിതത്തിനിടയില്‍ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും  ഞാന്‍ നാട്ടിലേക്ക് വിളിക്കുമ്പോള്‍, നന്ദിനിയോടു പറയുക പതിവാണ്. അവളുടെ പ്രാരാബ്ദങ്ങള്‍ കേട്ടതിനു ശേഷം മാത്രമേ പറയാറുള്ളൂ.

അതുപോലെ ഞാന്‍ പറയാന്‍ പോവുന്ന ഈ  കഥയും ആദ്യം അവളോടാണ് പറഞ്ഞത്. 

അറബി നാട്ടില്‍ വെച്ച് എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥയാണ്.  
എന്നെ പറ്റി പറയുകയാണെങ്കില്‍, കുറച്ചു സാഹിത്യവും , കലയും , അല്പസ്വല്പ്പം പാചകവും , സങ്കടം വന്നാല്‍ കരയാനും, ചിരിവന്നാല്‍ ഉള്ളുതുറന്നു ചിരിക്കാനും, സ്നേഹം തോന്നിയാല്‍ ഉള്ളുതുറന്നു സ്നേഹിക്കാനും , സൌന്ദര്യം കണ്ടാല്‍ ആസ്വദിക്കാനും , എന്താടാ എന്ന് ചോദിക്കുന്നവന്‍റെ മുന്നില്‍ ലുങ്കിമടക്കികുത്തി ഒരു തലേക്കെട്ടും കെട്ടി തന്‍റെടത്തോടെ ഇറങ്ങി ചെല്ലാന്‍ മടിയില്ലാത്തവനുമായ ഒരു തനി നാടന്‍ ചെര്‍പ്പുളശ്ശേരിക്കാരന്‍.


സൌദിയില്‍ ആണ് ഞാന്‍ ജോലി നോക്കുന്നത്, റിയാദില്‍  നിന്നും കുറേ ദൂരം ഉണ്ട് എന്റെ ജോലി സ്ഥലത്തേക്ക്. ഞാന്‍ ജോലി ചെയ്യുന്നത് ഒരു ആശുപത്രിയിലെ, വരവ് ചെലവു കണക്കു വിഭാഗത്തില്‍ കണക്കപിള്ളയായിട്ടാണ് .  ഞാന്‍ ഇവിടെ വന്നിട്ട് ഒരു പന്ത്രണ്ട് വര്‍ഷത്തോളം ആയി കാണും. ഓഫീസ് സംബന്ധമായ  എല്ലാ കാര്യങ്ങള്‍ക്കും ഞാനാണ്‌ പുറത്തു പോവുക.

ആയിടയ്ക്ക് ഒരു ദിവസം ഓഫീസ് ആവശ്യത്തിനായി  ഞാന്‍ ബാങ്കില്‍ പോയി. ഇവിടെ ബാങ്കില്‍ പുരുഷന്‍മാര്‍ക്കും, സ്ത്രികള്‍ക്കും പ്രത്യേകം, പ്രത്യേകം കൌണ്ടറുകള്‍ ആണുള്ളത്, സ്ത്രീകളുടെ കൌണ്ടറില്‍ പുരുഷന്‍മാര്‍ ചെല്ലാന്‍ പാടില്ല, അവിടെ സ്ത്രീകള്‍  ഇല്ലങ്കില്‍, പുരുഷന്മാരുടെ കൌണ്ടറില്‍ തിരക്കാണ് എങ്കില്‍ മാത്രം അവിടെ പോയി പണം അടക്കാം. അതാണ് ഇവിടത്തെ നിയമം. 
ബാങ്കില്‍ കയറിയ ഞാന്‍ പതിവ്പോലെ മൊത്തത്തില്‍ ഒരു നയന വീക്ഷണം നടത്തി, ഞാന്‍ ഒരു കേരളിയന്‍ ആണേ; നമ്മുടെ തനതായ സ്വഭാവം മറക്കാന്‍ പാടില്ലല്ലോ.  എന്റെ പറച്ചില്‍ കേട്ട് ഞാന്‍ വായനോട്ടം ശീലം ആക്കിയ ആളൊന്നുമല്ലകേട്ടോ! അവിടെ സ്ത്രീ കളുടെ നാലാമത്തെ കൌണ്ടറില്‍ ഒരു സുന്ദരി.


അല്ലാ വിടര്‍ന്ന ചെംമ്പനീര്‍ പൂവ്. അങ്ങനെ പറയുന്നതായിരിക്കും ശരി. പണം  അടക്കുമ്പോഴും ഒക്കെ ഞാന്‍ അറിയാതെ;  എന്നെ അനുസരിക്കാതെ എന്‍റെ കണ്ണുകള്‍ ആ പൂവിലേക്ക് പാളി പോയി. തിരികെ പോരുമ്പോഴും ഒരുനോട്ടം നോക്കാന്‍ ഞാന്‍ മറന്നില്ല,  പക്ഷേ ആരും കാണുന്നില്ല എന്നുറപ്പക്കിയിട്ടാണ്  നോക്കിയത്. കാരണം നമ്മുടെ കേരളം അല്ലല്ലോ, ഇത്.  നോട്ടത്തില്‍ എന്തെങ്കിലും പിശക് തോന്നിയാല്‍ പിന്നെ നോക്കാന്‍ കണ്ണുകള്‍ വഹിക്കുന്ന തല ഉണ്ടാവില്ല അതാണ് ഇവിടുത്തെ നിയമം. 

ഈ സുന്ദരിയെ കണ്ടതിനു ശേഷം , പിന്നിടുള്ള ദിവസങ്ങളില്‍ ബാങ്കില്‍ പോകാന്‍ എനിക്ക് ഒരുപാടു സന്തോഷം  ആയിരുന്നു. ഒരു വാക്ക് പോലും മിണ്ടാത്ത , പേരറിയാത്ത , നാടറിയാത്ത ആ സുന്ദരി പൂവിനെ ദൂരെ നിന്നു കാണാന്‍, ഒരു പ്രത്യേക സുഖമായിരുന്നു.
എന്തായാലും നമ്മുടെ കേരളിയ പെണ്‍കുട്ടി അല്ലായിരുന്നു അവള്‍, വേറെ ഏതോ രാജ്യക്കാരി ആണ്.  അവളെ കുറിച്ചുള്ള വിവരങ്ങള്‍ ഒന്നും ബാങ്കില്‍ ആരായാന്‍ വഴി ഇല്ലാത്തതു തന്നെ; അറിയുവാന്‍ ഉള്ള ആഗ്രഹം മനസ്സില്‍ തന്നെ കുഴിച്ചു മൂടി. 

ബാങ്കില്‍ പോകുന്ന ദിവസങ്ങളിലെ സായാഹ്നങ്ങളില്‍, അവളുടെ ഓര്‍മകള്‍  എന്നും എന്‍റെ മനസില്‍ പറയാതെ വരുന്ന വിരുന്നുകാരി ആയിരുന്നു , എന്നും എനിക്ക് മുന്നില്‍  നിറങ്ങളാല്‍ ചാലിച്ചതായിരുന്നു അവളെക്കുറിച്ചുള്ള ഓര്‍മ്മകള്‍. ആ സമയങ്ങളില്‍ പലപ്പോഴും അറിയാതെ മസ്സില്‍ ‍ചില ചപല വരികള്‍ ‍ മുളപൊട്ടാറുണ്ട്.


"അഴകാര്‍ന്ന നിലാവേ നിന്‍മടിത്തട്ടില്‍
വെയില്‍ കായുന്നു തിക്ത യൌവ്വനം
മിഴി തുറക്കുമീ പടവിലിപ്പൊഴും
കൂടെ വരികയെന്നു ചോദിച്ചുനില്‍പ്പൂ
ഞാനാ സ്വപ്നയാത്രികന്‍
നീ വരുകില്ലെന്നറിയാംമെങ്കിലും
വെയിലളന്നു ഞാന്‍
ദൂരക്കിനാവുകള്‍ കൂട്ടി വെയ്ക്കാം"

ഈ വരികള്‍ നന്ദിനിയുടെ അടുത്ത് ചൊല്ലി കേള്‍പ്പിക്കുമ്പോള്‍ അവള്‍ പറയും: "മോള് കേള്‍ക്കണ്ടട്ടോ അച്ഛന്‍റെ പ്രണയ കവിത.. വയസ്സാന്‍ കാലത്ത്...!!"

"കുളിച്ചെതുന്ന ഓരോ രാവിനും
തണുപ്പിന്‍റെ നനുത്ത സുഗന്ധമായ്
ഒഴികിയെത്തും നദിയിലേറെ 
കിനാവുകള്‍ തളിര്‍ക്കാത്ത ജലശാഖികള്‍
ഇലകള്‍ വീണ തൊടിയിലിപ്പൊഴും....."

അപ്പോള്‍ വീണ്ടും ഞാന്‍ എന്‍റെ നന്ദിനിക്കുവേണ്ടി ചൊല്ലും .
" മ്മം... മ്മം... " അവളുടെ മൂളല്‍ ഫോണിലൂടെ കേള്‍ക്കാം.


"ഹ..ഹ.. ഞാന്‍ ഒരു കവിയൊന്നും അല്ലാ  നന്ദിനി, ഇതു നിന്‍റെ മുകുന്ദേട്ടന്‍റെ അനുസരണയില്ലാത്ത മനസ്സിന്‍റെ ഒരു വികൃതിയാണ്"


ഞാന്‍ ആ സൌന്ദര്യത്തേ ആസ്വദിക്കുന്നത് അതിന്റെ എല്ലാ പരിശുദ്ധിയോടും കൂടിയാണ്. അല്ലാതെ സ്ത്രീ സൌന്ദര്യത്തേ ഒരു കാമഭാവത്തോടെ നോക്കി നില്‍ക്കാറില്ല.  നല്ല ഭംഗിയുള്ള ഒരു കുഞ്ഞിനെ കണ്ടാല്‍ കവിളില്‍ ഒന്നുതട്ടിനിറഞ്ഞ മനസ്സോടെ 'മോളെ' അല്ലെങ്കില്‍ വിടര്‍ന്നു നില്‍ക്കുന്ന ഒരു പൂവിനു വേദനിക്കാതെ ഒരു ദീര്‍ഘ ശ്വാസത്തില്‍ അതിനെ ഒന്നു മണത്തുനോക്കുന്ന ഒരു പച്ചയായ് മനുഷ്യന്‍! അതായിരുന്നു ഞാന്‍; എന്നിലെ വികാരവും.

ഏകദേശം അഞ്ചു വര്‍ഷം ബാങ്കില്‍ പോവുകയും; ഈ സുന്ദരിയെ നോക്കി നില്‍ക്കുകയും ചെയ്യുന്ന പതിവ് ഒരു പിഴവും കൂടാതെ തന്നെ തുടര്‍ന്നു. ഇതിനിടയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ആ സുന്ദരിയോടോ, സുന്ദരി ഇങ്ങോട്ടോ  ഒരു സംസാരവും ഉണ്ടായിട്ടില്ല. 

വല്ലപ്പോഴും നുണക്കുഴികവിളിലെ ഒരു ചെറുപുഞ്ചിരി മാത്രം. 
ഒരു ദിവസം ഞാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ കൌണ്ടറില്‍ തിരക്കുണ്ടായിരുന്നു. ഞാന്‍  പുരുഷന്മാരുടെ കൌണ്ടറിലെ വരിയില്‍  നില്‍ക്കുമ്പോള്‍, അവിടെ ആ കൌണ്ടറില്‍ അവള്‍ ആരെയോ പ്രതീക്ഷിച്ചു നോക്കിനില്‍ക്കുന്നു. പണം  അടച്ചു തിരിഞ്ഞു നോക്കിയ എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാന്‍ ആയില്ല. ഞാന്‍ മനസ്സില്‍ ആരാധിച്ചിരുന്ന ആ കുസുമം എനിക്ക് മുന്നില്‍ കൂടി ഒരു വീല്‍ ചെയറില്‍ ഉരുണ്ടു നീങ്ങുന്നു.

ആ കാഴ്ച കണ്ണില്‍ നിന്നു മറയും വരെ ചലനശേഷി നഷ്ട്ടപ്പെട്ടവനെ നില്‍ക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. അവള്‍ പ്രയര്‍ ഹാളിലേക്കാണ് പോയത് . അവള്‍ ഒരു മുസ്ലിം കുട്ടിയാണ്. 

മനസ്സില്‍ തിങ്ങി നിന്ന വേദനയുമായി ഞാന്‍ ബാങ്കില്‍ നിന്നും ഇറങ്ങി. തിരികെ ഓഫീസില്‍ എത്തിയിട്ടും മനസ്സിന്‍റെ വിങ്ങല്‍ മാറിയില്ല. റൂമില്‍ എത്തിയപ്പോള്‍ കിടക്കയിലേക്ക് വീഴുകയായിരുന്നു ഞാന്‍.
ഞാന്‍ പോലും അറിയാതെ എന്‍റെ കണ്‍തടങ്ങള്‍ കരക്കവിഞ്ഞോഴുകി. 

ഒരു കുടുംബം എനിക്ക് ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ആ കുട്ടിയേ കൂട്ടത്തില്‍ കൂട്ടുമായിരുന്നു..., എന്‍റെ മനസ്സ് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. വീണ്ടും ഇവിടെ പുലരിയും സന്ധ്യയും മാറി വന്നു.  ഞാന്‍ എന്‍റെ ജോലികളില്‍ മികവു പുലര്‍ത്തി. അങ്ങനെ ഒരു വര്‍ഷം കൂടി കടന്നു പോയി, ഇടക്കിടെ ഞാന്‍ ബാങ്കില്‍ പോകും. അവിടെ എന്‍റെ തലവട്ടം കാണുമ്പോള്‍ എത്ര തിരക്കില്‍ ആണ് എങ്കില്‍ കൂടി അവള്‍ ഒന്നു നോക്കും, ആ നുണക്കുഴി കവിളില്‍ ഒരു ചെറു പുഞ്ചിരി പൂവായി വിടര്‍ത്താന്‍ അവള്‍ മറക്കാറില്ല. 

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാന്‍ ബാങ്കില്‍ ചെല്ലുമ്പോള്‍ അവള്‍ ഇരിക്കുന്ന കൌണ്ടറില്‍ അവളില്ല, മനസ്സൊന്നു വേദനിച്ചു.  ആ മാസത്തില്‍ രണ്ടു തവണ ഞാന്‍ ഓഫീസി അവശ്യത്തിനല്ലാതെ തന്നെ ബാങ്കില്‍ കയറി.  അപ്പോഴൊന്നും  അവളെ എനിക്ക് കാണാന്‍ കഴിഞ്ഞില്ല.എന്‍റെ മനസ്സ് കടും മലയും ചുറ്റി ,അവള്‍ 
എവിടെ എന്നാ ഉത്തരത്തിനായി അലഞ്ഞു,

ആരോട് ചോദിക്കും ?? എന്ത് ചോദിക്കും??  അവളുടെ പേരു പോലും എനിക്കറിയില്ല .സ്വസ്ഥതയില്ലാത്ത മനസ്സുമായി ഞാന്‍ നന്ദിനിയെ വിളിച്ചു. വിവരം പറഞ്ഞപ്പോള്‍ , അവളുടെ മറുപടി :  "മുകുന്ദേട്ടാ ചിലപ്പോള്‍ ആ കുട്ടി ലീവിനു അതിന്‍റെ നാട്ടില്‍ പോയതായിരിക്കും, ഏതു നാട്ടുകാരി ആണ് എന്ന് അറിയില്ലല്ലോ, ഏട്ടന്‍ വിഷമിക്കണ്ട , ഇശ്ശി ദിവസം കഴിയുമ്പോള്‍ അവളിങ്ങു വരും,. ഈ മുകുന്ദേട്ടന്‍റെ  ഒരു കാര്യം...!"
ആ ഉത്തരത്തിലും എന്‍റെ മനസ്സ് ശാന്തമായില്ല.
'എന്‍റെ മനസ്സേ നീ എന്തേ ഇങ്ങനെ'  പല ആവര്‍ത്തി ഞാന്‍ എന്നോടുതന്നെ ചോദിച്ചു. മനസ്സല്ലേ കടിഞ്ഞാണ്‍ ഇല്ലാതെ ഓടാന്‍ ചിന്തകള്‍ക്കല്ലേ കഴിയൂ.

അതിനിടയില്‍ അവിചാരിതമായി എനിക്ക് ഒരിക്കല്‍ കൂടി ആ മാസം തന്നെ ബാങ്കില്‍ പോകണ്ടാതായി വന്നു. അന്ന് ഞാന്‍ ചെല്ലുമ്പോള്‍ ആ സീറ്റില്‍ മറ്റൊരു കുട്ടി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. 
എന്‍റെ അനുസരണയില്ലാത്ത മനസ്സ് വീണ്ടു പല ചോദ്യങ്ങളിലൂടെയും , ഉത്തരങ്ങളിലൂടെയും ദിശ അറിയാതെ പായാന്‍ തുടങ്ങി. അന്നു ബാങ്കില്‍ തിരക്ക് കുറവായിരുന്നു,  സൌഹൃദ സംഭാഷങ്ങള്‍ ഒന്നും ഇല്ലെങ്കിലും ഞങ്ങള്‍ കൂടെക്കൂടെ കാണുന്നവര്‍ അല്ലേ.


കൌണ്ടറില്‍ ഇരിക്കുന്ന പയ്യനോട് രണ്ടും കല്‍പ്പിച്ചു ചോദിച്ചു. ആ കുസുമത്തെക്കുറിച്ച്.

"അയ്യോ..!  അപ്പോള്‍ ചേട്ടന്‍ വിവരങ്ങള്‍ ഒന്നും അറിഞ്ഞില്ലേ ..??" അതിശയം കൊണ്ട് വിടന്നു പോയിരുന്നു എന്‍റെ കണ്ണുകള്‍. 
എന്താണ് അവന്‍ പറയാന്‍ പോവുന്ന  വിവരങ്ങള്‍.. എന്‍റെ ഹൃദയം പെരുമ്പറ കൊട്ടാന്‍  തുടങ്ങി.
"ചേട്ടാ മൂന്നു ആഴ്ച മുന്‍മ്പ് അവള്‍ ബാങ്കിലേക്ക് വരും വഴി അവള്‍ സഞ്ചരിച്ച കാര്‍ ഒരു അപകടത്തില്‍പ്പെട്ടു, അപകടസ്ഥലത്തു വച്ചു തന്നെ അവളും ഡ്രൈവറും ...., ??"
"ചേട്ടാ ..ചേട്ടാ.., എന്താ ...എന്താ  മിണ്ടാത്തെ.. എന്ത് പറ്റി ..??"
"അവളെ ചേട്ടന്‍ അറിയുമോ...........??"  കൌണ്ടറിലെ പയ്യന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ എനിക്കായില്ല. എന്റെ മുന്നില്‍ ഇരുള്‍ പരക്കുന്നപോലെ തോന്നി.
എന്റെ അവസ്ഥ കണ്ടിട്ട് മലയാളിയായ അസിസ്റ്റന്റ്‌ മാനേജര്‍ പുറത്തേക്കിറങ്ങി വന്നു.
" ഹലോ...ഹലോ മി. മുകുന്ദന്‍ മേനോന്‍, എന്ത് പറ്റിടോ തനിക്ക്? ആര്‍ യു ഓള്‍ റൈറ്റ് ?
"നത്തിംഗ് സര്‍....സോറി,  ഐ അം ഓള്‍ റൈറ്റ് " മറുപടി പറഞ്ഞോപ്പിച്ചു. 

 മുന്നോട്ടു വേച്ചു വേച്ചു ഞാന്‍ ഇടറുന്ന പാദങ്ങളോടെ ചുട്ടുപൊള്ളുന്ന ആ നഗരത്തിലൂടെ നടന്നു നീങ്ങി.
എന്‍റെ കവിളിലൂടെ നിയന്ത്രണ വലയം ഭേദിച്ചു പെരുമഴച്ചാലുകള്‍ പോലെ ഒഴുകുന്ന കണ്ണുനീര്‍, അവള്‍ക്കു മുന്നില്‍ അശ്രുപുഷ്പങ്ങള്‍ അര്‍പ്പിക്കുന്നു.

പ്രിയ കുസുമമേ നിനക്ക് വിട.... വിട...
എപ്പൊഴോ നാട്ടിലേക്ക് നന്ദിനിക്ക് ഒരു മെസ്സേജും അയച്ചു. 'നന്ദിനിക്കുട്ടി അവള്‍ ഇനി വരില്ല... ഒരിക്കലും...!!'



3 comments: